ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോർട്ട്: നാലാം സ്ഥാനം നിലനിർത്തി അയർലണ്ട്

ലോകത്തിലെ ഏറ്റവും ശക്തമായ പാസ്‌പോര്‍ട്ടുകളില്‍ നാലാം സ്ഥാനം നിലനിര്‍ത്തി അയര്‍ലണ്ട്. ഒരു രാജ്യത്തിന്റെ പാസ്‌പോര്‍ട്ട് ഉപയോഗിച്ച്, നേരത്തെ വിസയ്ക്ക് അപേക്ഷിക്കാതെ തന്നെ എത്ര വിദേശരാജ്യങ്ങള്‍ സന്ദര്‍ശിക്കാം എന്നത് അടിസ്ഥാനമാക്കിയാണ് റാങ്കിങ് തീരുമാനിക്കുന്നത്.

ഇത്തരത്തില്‍ 192 രാജ്യങ്ങള്‍ സഞ്ചരിക്കാവുന്ന സിംഗപ്പൂര്‍ ആണ് Henley and Partners-ന്റെ വാര്‍ഷിക പാസ്‌പോര്‍ട്ട് ഇന്‍ഡക്‌സില്‍ ഒന്നാം സ്ഥാനത്ത്. ജപ്പാന്‍, സൗത്ത് കൊറിയ എന്നിവര്‍ രണ്ടാം സ്ഥാനം പങ്കിട്ടപ്പോള്‍ (മുന്‍കൂര്‍ വിസയ്ക്ക് അപേക്ഷിക്കാതെ 188 രാജ്യങ്ങള്‍ സന്ദര്‍ശിക്കാം), ഡെന്മാര്‍ക്ക്, ലക്‌സംബര്‍ഗ്, സ്‌പെയിന്‍, സ്വീഡന്‍, സ്വിറ്റ്‌സര്‍ലണ്ട് (186 രാജ്യങ്ങള്‍) എന്നിവയാണ് മൂന്നാം സ്ഥാനത്ത്.

മുന്‍കൂര്‍ വിസയില്ലാതെ 185 രാജ്യങ്ങള്‍ സന്ദര്‍ശിക്കാവുന്ന അയര്‍ലണ്ടിനൊപ്പം ഓസ്ട്രിയ, ബെല്‍ജിയം, ഫിന്‍ലന്‍ഡ്, ഫ്രാന്‍സ്, ജര്‍മ്മനി, ഗ്രീസ്, ഇറ്റലി, നെതര്‍ലണ്ട്‌സ്, നോര്‍വേ എന്നിവര്‍ നാലാം സ്ഥാനവും പങ്കിടുന്നു.

2006 മുതല്‍ ആദ്യ ഏഴില്‍ സ്ഥിരമായി അയര്‍ലണ്ട് ഉണ്ട്. 2006 മുതല്‍ 2009 വരെ രണ്ടാം സ്ഥാനത്തും എത്തിയിരുന്നു.

പട്ടികയില്‍ 80-ആം സ്ഥാനത്താണ് ഇന്ത്യ. മുന്‍കൂര്‍ വിസയില്ലാതെ ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ഉപയോഗിച്ച് 55 വിദേശരാജ്യങ്ങള്‍ സന്ദര്‍ശിക്കാം. ഇന്ത്യയ്‌ക്കൊപ്പം അള്‍ജീരിയ, നൈജര്‍ എന്നീ രാജ്യങ്ങളും 80-ആം സ്ഥാനത്തുണ്ട്.

ഇത്തരത്തില്‍ 24 രാജ്യങ്ങള്‍ സന്ദര്‍ശിക്കാവുന്ന അഫ്ഗാനിസ്ഥാനാണ് 101-ആം സ്ഥാനവുമായി ഏറ്റവും പിന്നില്‍.

Share this news

Leave a Reply