അയര്‍ലണ്ടില്‍ ഡിസംബര്‍ മാസം ഏറ്റവും കൂടുതല്‍ പുതിയ കാറുകള്‍ വില്‍ക്കുന്ന ബ്രാന്‍ഡ് എന്ന ഖ്യാതിയുമായി ടെസ്ല. ആകെ 175 കാറുകളാണ് കഴിഞ്ഞ മാസം മാത്രം ടെസ്ല അയര്‍ലണ്ടില്‍ വിറ്റത്. Volkswagen (101), Toyota (60), Audi (55) Skoda (52) എന്നീ ജനപ്രിയ ബ്രാന്‍ഡുകളെ എല്ലാം പിന്നിലാക്കിയാണ് ഡിസംബര്‍ മാസത്തില്‍ ടെസ്ലയുടെ കുതിപ്പ്.
യൂറോപ്പില്‍ മൊത്തത്തില്‍ ടെസ്ലയുടെ വില്‍പ്പന കുറഞ്ഞിരിക്കെയാണ് അയര്‍ലണ്ടില്‍ വില്‍പ്പന കുതിച്ചുയര്‍ന്നത് എന്നതാണ് ശ്രദ്ധേയം. 2025-ലെ ആദ്യ 11 മാസങ്ങളില്‍ അയര്‍ലണ്ടിലും ടെസ്ല കാറുകളുടെ വില്‍പ്പന 28% കുറഞ്ഞിരുന്നുവെങ്കിലും ഡിസംബറില്‍ ഇത് നാടകീയമായി ഉയരുകയായിരുന്നു. ജര്‍മ്മനിയില്‍ 2024 ഡിസംബറിനെ അപേക്ഷിച്ച് ടെസ്ലയുടെ വില്‍പ്പന 50 ശതമാനത്തോളവും, നെതര്‍ലണ്ട്‌സില്‍ 27 ശതമാനവും കുറഞ്ഞിരിക്കുകയാണ്.
ചൈനീസ് ബ്രാന്‍ഡായ BYD മികച്ച മത്സരം കാഴ്ചവയ്ക്കുന്നതും, യുഎസില്‍ ഇന്‍സന്റീവ് നിര്‍ത്തലാക്കിയതും, ഇതിന് പുറമെ ടെസ്ല ഉടമയായ ഇലോണ്‍ മസ്‌കുമായി ബന്ധപ്പെട്ട രാഷ്ട്രീയ വിവാദങ്ങളുമാണ് വില്‍പ്പനയ്ക്ക് തിരിച്ചടിയായിരിക്കുന്നതെന്നാണ് വിലയിരുത്തല്‍. അയര്‍ലണ്ടില്‍ അതേസമയം കാറുകള്‍ക്ക് വില കുറച്ചും, ട്രേഡ് ഇന്‍ ഇന്‍സന്റീവുകള്‍ ഏര്‍പ്പെടുത്തിയും, ഡബ്ലിനില്‍ പുതിയ സെയില്‍സ് ആന്‍ഡ് ഡെലിവറി സെന്റര്‍ ആരംഭിക്കാന്‍ നീക്കമിട്ടും മുന്നേറാനാണ് ടെസ്ലയുടെ ശ്രമം.
2025-ല്‍ രാജ്യത്ത് ആകെ ഇലക്ട്രിക് കാറുകളുടെ വില്‍പ്പനയില്‍ 36% വര്‍ദ്ധന രേഖപ്പെടുത്തിയിട്ടുണ്ട്. ആകെ കാറുകളില്‍ 19% ആണ് ഇവികളുടെ മാര്‍ക്കറ്റ് ഷെയര്‍.






