ഡബ്ലിന്‍ ഡെപ്യൂട്ടി മേയറുടെ വീട്ടില്‍ അക്രമാസക്തമായ മോഷണം. ഡെപ്യൂട്ടി മേയര്‍ കൂടിയായ കൗണ്‍സിലര്‍ ജോണ്‍ സ്റ്റീഫന്‍സിന്റെ ഭാര്യ, Fianna Fail കൗണ്‍സിലറായ മകള്‍, ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സാധ്യതയുള്ള ഒരു സ്ഥാനാര്‍ത്ഥി എന്നിവര്‍ വീട്ടില്‍ ഉള്ളപ്പോഴായിരുന്നു സംഭവം. ശനിയാഴ്ച പുലര്‍ച്ചെ 5.30-ഓടെ Cabra-യിലെ വീടിന് മുന്നിലെത്തിയ ഒരു കൂട്ടം യുവാക്കള്‍, അവിടെ നിര്‍ത്തിയിട്ടിരുന്ന കാറുകള്‍ മോഷ്ടിക്കാന്‍ ശ്രമിക്കുകയായിരുന്നു.
സംഘം വീടിന് പുറത്ത് ബഹളം വയ്ക്കുന്നത് കേട്ടാണ് കൗണ്‍സിലര്‍ സ്റ്റീഫന്‍സിന്റെ ഭാര്യയും, മകളും ഉറക്കമുണര്‍ന്നത്. ഈ സമയം ജോലിസ്ഥലമായ മാറ്റര്‍ ഹോസ്പിറ്റലിലായിരുന്നു സ്റ്റീഫന്‍സ്. ഇവരില്‍ നിന്നും ഫോണില്‍ കാര്യമറിഞ്ഞ സ്റ്റീഫന്‍സ് പുറത്തിറങ്ങരുതെന്നും, ഉടന്‍ ഗാര്‍ഡയെ വിളിക്കാനും നിര്‍ദ്ദേശിച്ചു.
സംഭവത്തില്‍ താനടക്കം എല്ലാവരും പേടിച്ചുപോയെന്ന് സ്റ്റീഫന്‍സ് പറയുന്നു. മൂന്ന് പേരായിരുന്നു സംഘത്തില്‍ ഉണ്ടായിരുന്നത് എന്നും, അവര്‍ ഭാര്യയുടെ കാര്‍ തള്ളിക്കൊണ്ടുപോകാന്‍ ശ്രമിക്കുന്നതിനിടെ കാര്യമായ കേടുപാടുകളുണ്ടാക്കിയെന്നും പറഞ്ഞ അദ്ദേഹം, അയല്‍വീട്ടിലെ കാറും കേടുവരുത്തി എന്നും എന്നും കൂട്ടിച്ചേര്‍ത്തു. ഇദ്ദേഹത്തിന്റെ മകളുടെ കാറാണ് സംഘം മോഷ്ടിച്ചത്. മോഷ്ടിക്കുന്നതിനിടെ ജനലുകള്‍ പൊട്ടിക്കുകയും ചെയ്തിട്ടുണ്ട്. ഭാഗ്യവശാല്‍ അക്രമികള്‍ വീടിനകത്ത് കടക്കുന്നതിന് പകരം വാഹനത്തില്‍ രക്ഷപ്പെട്ടു.
മകളുടെ കാറില്‍ ട്രാക്കിങ് സിസ്റ്റം ഉണ്ടായിരുന്നതിനാല്‍ ഈ കാര്‍ പിന്നീട് ബ്ലാഞ്ചസ്റ്റോണിന് സമീപം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. കാറിലെ സാധനങ്ങളെല്ലാം മോഷ്ടിക്കപ്പെട്ടിട്ടുണ്ട്. കാര്യാമായ കേടുപാടുകള്‍ ഉള്ളതിനാല്‍ ഈ കാര്‍ ഉപേക്ഷിക്കുകയേ നിവൃത്തുയുള്ളൂ എന്ന് സ്റ്റീഫന്‍സ് പറയുന്നു. സംഭവത്തില്‍ ഗാര്‍ഡ ഉടനടി പ്രതികരിച്ചതായും സ്റ്റീഫന്‍സ് കൂട്ടിച്ചേര്‍ത്തു.
സംഭവത്തില്‍ അന്വേഷണമാരംഭിച്ച ഗാര്‍ഡ കാറില്‍ ഫോറന്‍സിക് പരിശോധന നടത്തുന്നുണ്ട്. സംഭവസ്ഥലത്ത് നിന്നും ഉപേക്ഷിക്കപ്പെട്ട ഒരു സൈക്കിള്‍ കണ്ടെടുക്കുകയും ചെയ്തിട്ടുണ്ട്. സമീപത്തെ വീട്ടിലെ സിസിടിവിയുടെ ദൃശ്യങ്ങളും പരിശോധനാ വിധേയമാക്കും.
അതേസമയം കഴിഞ്ഞ ക്രിസമസ് ദിനത്തില്‍ സെമിത്തേരിയില്‍ പ്രാര്‍ത്ഥിക്കാനെത്തിയ സ്റ്റീഫന്‍സും, അവിടെ ബഹളം വച്ച് ഓടിനടക്കുകയായിരുന്ന ഏതാനും കൗമാരക്കാരും ചെറുപ്പക്കാരുമടങ്ങുന്ന സംഘവും തമ്മില്‍ വാക്കേറ്റമുണ്ടിരുന്നു. ഇതാണോ ഈ സംഭവത്തിലേയ്ക്ക് നയിച്ചത് എന്നും അന്വേിക്കുന്നുണ്ട്.






