വാട്ടർഫോർഡ്: അയർലണ്ടിലെ വാട്ടർഫോർഡ് മലയാളി അസോസിയേഷന്റെ (WMA) ക്രിസ്മസ്-പുതുവത്സരാഘോഷങ്ങൾ വൻ വിജയമായി. മുള്ളിനാവത്ത് കമ്മ്യൂണിറ്റി സെന്ററിൽ നടന്ന ആഘോഷപരിപാടികളിൽ നൂറുകണക്കിന് മലയാളി കുടുംബങ്ങൾ പങ്കെടുത്തു. പ്രവാസി സമൂഹത്തിന്റെ സാംസ്‌കാരിക തനിമ വിളിച്ചോതുന്ന വൈവിധ്യമാർന്ന കലാപരിപാടികളാണ് സ്റ്റേജിൽ അരങ്ങേറിയത്.

വൈസ് പ്രസിഡന്റ് ജിബി ജോസഫ് സ്വാഗതം ആശംസിച്ചു. അസോസിയേഷൻ സെക്രട്ടറി രാഹുൽ രവീന്ദ്രൻ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. പ്രസിഡന്റ് ഷിജു ശാസ്തംകുന്നേലിന്റെ അധ്യക്ഷതയിൽ ചേർന്ന ഔദ്യോഗിക സമ്മേളനം വാട്ടർഫോർഡ് സിറ്റി സൗത്ത് കൗൺസിലർ ജേസൺ മർഫി ഉദ്ഘാടനം ചെയ്തു.


ട്രാമോർ – വാട്ടർഫോർഡ് സിറ്റി വെസ്റ്റ് കൗൺസിലർ ഇമൺ ക്വിൻലൻ, സിറ്റി ഈസ്റ്റ് കൗൺസിലർ ജിം ഡാർസി, കമ്മ്യൂണിറ്റി ഗാർഡ ഡേവിഡ് ബ്രൗൺ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. ഡബ്ല്യു.എം.എ വനിതാ വിഭാഗമായ ‘ജ്വാല’യെ പ്രതിനിധീകരിച്ച് മൗറിൻ ജോർജ് , ‘എന്റെ മലയാളം’ ക്രിയേറ്റീവ് ഹബ്ബിന് വേണ്ടി നിഷ ഷിനുവും ആശംസകൾ നേർന്നു. ട്രഷറർ നെൽവിൻ റാഫേൽ നന്ദി രേഖപ്പെടുത്തി.


മുപ്പതിലധികം കലാപരിപാടികളാണ് ആഘോഷങ്ങൾക്ക് മിഴിവേകിയത്. അംഗങ്ങളും കുട്ടികളും അവതരിപ്പിച്ച നൃത്തനൃത്യങ്ങളും സംഗീത വിരുന്നും കാണികളെ ആവേശം കൊള്ളിച്ചു. ഷാജു ജോസ്, നീതു ജോൺ, ഗീതു മനോജ് എന്നിവരുടെ മികവുറ്റ ആങ്കറിംഗ് പരിപാടിയുടെ മാറ്റ് കൂട്ടി.

വെക്സ്‌ഫോർഡിൽ നിന്നുള്ള സിംഫണി മ്യൂസിക് നയിച്ച ഗാനമേളയും ഡിജെ സംഗീത വിരുന്നും യുവതലമുറയ്ക്കും മുതിർന്നവർക്കും ഒരുപോലെ ആവേശമായി. അയർലണ്ടിലെ പ്രശസ്തമായ ‘മൂക്കൻസ് കാറ്ററിംഗ്’ ഒരുക്കിയ വിഭവസമൃദ്ധമായ ക്രിസ്മസ് ഡിന്നർ ആഘോഷങ്ങൾക്ക് രുചികരമായ സമാപ്തി കുറിച്ചു.

വാട്ടർഫോർഡിലെ മലയാളി സമൂഹത്തിന്റെ ഒത്തൊരുമ വിളംബരം ചെയ്ത ഈ വർഷത്തെ ആഘോഷം വൻ വിജയമാക്കാൻ സഹകരിച്ച എല്ലാവർക്കും ഭാരവാഹികൾ നന്ദി അറിയിച്ചു.

(വാർത്ത- ഷാജു ജോസ്)






