അയര്‍ലണ്ടില്‍ ഡ്യൂട്ടിക്കിടെ കഴിഞ്ഞ വര്‍ഷം 600-ലധികം ഗാര്‍ഡകള്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ട്. ഇതില്‍ പകുതിയിലധികം പേര്‍ക്കും ആക്രമണഫലമായാണ് പരിക്ക് സംഭവിച്ചതെന്നും വിവരാവകാശപ്രകാരം ലഭിച്ച രേഖ വ്യക്തമാക്കുന്നു.
ആകെ 616 ഗാര്‍ഡകള്‍ക്കാണ് കഴിഞ്ഞ വര്‍ഷം ഡ്യൂട്ടിക്കിടെ പരിക്കേറ്റത്. 2024-ല്‍ ഇത് 555 ആയിരുന്നു. 11% ആണ് വര്‍ദ്ധന. 2025-ല്‍ പരിക്കേറ്റ ഗാര്‍ഡകളില്‍ 344 പേര്‍ക്കും അത് സംഭവിച്ചത് ആക്രമണഫലമായാണ്. അതായത് ഡ്യൂട്ടിക്കിടെയുള്ള പരിക്കുകളില്‍ 56 ശതമാനമാണ് ആക്രമണങ്ങളിലൂടെ സംഭവിച്ചത്. രാജ്യത്തെ നിയമനുസരിച്ച് ഡ്യൂട്ടിക്കിടെ ഗാര്‍ഡയെ ആക്രമിക്കുക, ആക്രമിക്കുമെന്ന് ഭീഷണിപ്പെടുത്തുക എന്നീ കുറ്റങ്ങള്‍ക്ക് ഏഴ് മുതല്‍ 12 വര്‍ഷം വരെയാണ് ശിക്ഷ.
കലാപങ്ങള്‍, പ്രതിഷേധങ്ങള്‍ എന്നിവയ്ക്കിടെയുണ്ടാണ് ആക്രമണങ്ങളാണ് ഡ്യൂട്ടി സമയത്ത് ഗാര്‍ഡകള്‍ക്ക് പരിക്ക് സംഭവിക്കാനുണ്ടായ ഏറ്റവും വലിയ കാരണം. തെന്നിപ്പോകുക, കാലിടറുക, വീഴുക എന്നിവയാണ് രണ്ടാം സ്ഥാനത്ത്. മൂന്നാം സ്ഥാനത്ത് റോഡപകടങ്ങളാണ്.
അയര്‍ലണ്ടില്‍ ഏകദേശം 14,200-ലധികം ഗാര്‍ഡകള്‍ ഉണ്ടെന്നാണ് കണക്ക്. 2025-ല്‍ പരിക്ക് സംഭവിച്ചവരുടെ കണക്കെടുത്താല്‍ ഇത് ആകെ സേനയുടെ 4 ശതമാനം വരും.






