അയര്‍ലണ്ടില്‍ ലൈംഗികാതിക്രമം നേരിടുന്ന കുട്ടികളെയും, കൗമാരക്കാരെയും സഹായിക്കാനായി ഗാര്‍ഡ പുറത്തിറക്കിയ പുതിയ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമായ ‘Help4U’ ശ്രദ്ധ നേടുന്നു. നേരിട്ടുള്ള അതിക്രമങ്ങള്‍ക്ക് പുറമെ ഓണ്‍ലൈനായി നേരിടുന്ന ഭീഷണികളും ഇതിലൂടെ റിപ്പോര്‍ട്ട് ചെയ്യാം എന്നതാണ് പ്രത്യേകത.
അതിക്രമങ്ങള്‍ നേരിടുന്നവര്‍ക്ക് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുക, അവരുടെ അവകാശങ്ങളെ പറ്റി ബോധ്യപ്പെടുത്തുക, സഹായം നല്‍കുന്നത് ആരൊക്കെ എന്ന് അറിയിക്കുക എന്നിവയാണ് Help4U ചെയ്യുന്നത്. 18 വയസിന് താഴെയുള്ള ആര്‍ക്കും ഇതുവഴി സഹായം ലഭിക്കും. ഇതിന് പുറമെ രക്ഷിതാക്കള്‍, അദ്ധ്യാപകര്‍, ഈ മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ എന്നിവര്‍ക്കുള്ള നിര്‍ദ്ദേശങ്ങളും Help4U-വിലൂടെ ലഭിക്കും.
ഓണ്‍ലൈന്‍ വഴിയും അല്ലാതെയും പല കുട്ടികളും ലൈംഗികമായ അതിക്രമങ്ങളോ, ഭീഷണിയോ നേരിടുന്നുണ്ടെങ്കിലും, പലരും അത് പുറത്ത് പറയാറില്ല. കുട്ടികളുടെ സ്വകാര്യ ഫോട്ടോസ് പുറത്തുവിടുമെന്ന് അടക്കമുള്ള ഭീഷണികള്‍ ഇത്തരത്തില്‍ ഉണ്ടാകാറുണ്ട്. അക്രമി ദ്രോഹിക്കുമെന്ന് പേടിച്ചോ, രക്ഷിതാക്കള്‍ ഇത് അറിഞ്ഞാല്‍ ഏത് രീതിയിലാകും പ്രതികരണം എന്ന് അറിയാത്തതുമെല്ലാം കുട്ടികള്‍ ഇത് പുറത്ത് പറയാതിരിക്കാന്‍ കാരണമാകുന്നു. ഇതിന് പരിഹാരമായാണ് കുട്ടികള്‍ക്ക് ആവശ്യമായ സഹായം കൃത്യമായി എത്തിക്കുന്ന തരത്തില്‍ Help4U വികസിപ്പിച്ചെടുത്തിട്ടുള്ളത്. ആരോടാണ് സഹായം ആവശ്യപ്പെടേണ്ടത് എന്നുപോലും അറിയാതിരിക്കുന്ന കുട്ടികള്‍ക്ക് സുരക്ഷിതവും, വിശ്വാസയോഗ്യവുമായി സഹായം 24 മണിക്കൂറും ലഭ്യമാക്കുക എന്നതാണ് Help4U ലക്ഷ്യമിടുന്നത്.
Help4U-വുമായി ബന്ധപ്പെടാൻ: https://www.medialiteracyireland.ie/training-development/help4u/






