റോഡിൽ വരച്ച ചിഹ്നങ്ങൾ മങ്ങിയത് കാരണം ലേണർമാർ ഡ്രൈവിംഗ് ടെസ്റ്റിൽ തോൽക്കുന്നതായി പരാതി

റോഡിലെ ചിഹ്നങ്ങള്‍ മാഞ്ഞുപോയത് കാരണം അയര്‍ലണ്ടില്‍ നിരവധി പേര്‍ ഡ്രൈവിങ് ടെസ്റ്റുകളില്‍ പരാജയപ്പെടുന്നതായി പരാതി. ടെസ്റ്റിങ് സമയത്ത് റോഡില്‍ വരച്ചിരിക്കുന്ന ചിഹ്നങ്ങള്‍ പലതും മങ്ങിയതോ, കൃത്യമായി കാണാത്തതോ കാരണം ടെസ്റ്റില്‍ പങ്കെടുക്കുന്നവര്‍ക്ക് ബുദ്ധിമുട്ടുണ്ടാകുന്നതായി പരാതിയുയര്‍ത്തിയിരിക്കുന്നത് രാജ്യത്ത് പലയിടത്തും പ്രവര്‍ത്തനം നടത്തിവരുന്ന Ladybird Driving School ആണ്. ഡബ്ലിനിലെ ആറെണ്ണം അടക്കം രാജ്യത്താകമാനം 28 ഡ്രൈവിങ് സ്‌കൂളുകളാണ് ഈ സ്ഥാപനത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്നത്.

സ്റ്റോപ്പ് ലൈനുകള്‍, യെല്ലോ ബോക്‌സുകള്‍, ഫില്‍റ്റര്‍ ലൈനുകള്‍, ഹാച്ച് മാര്‍ക്കിങ്ങുകള്‍ എന്നിവയെല്ലാം മങ്ങിപ്പോയത് താന്‍ പരിശീലിപ്പിച്ച പലര്‍ക്കും ടെസ്റ്റിനിടെ പ്രശ്‌നം സൃഷ്ടിച്ചതായും, ടെസ്റ്റില്‍ തോല്‍ക്കാന്‍ കാരണമായതായും സ്ഥാപനത്തിന്റെ ഡയറക്ടറായ Clodagh Branagan പരാതിപ്പെട്ടതായി ‘ദി ജേണല്‍’ ആണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കാലാവസ്ഥ കൂടി മോശമാണെങ്കില്‍ ഒന്നും കാണാന്‍ സാധിക്കാതെ വരുന്നതായും ഇവര്‍ പറയുന്നു.

Tallaght, Dún Laoghaire, Killester, Raheny, Naas എന്നിവിടങ്ങളിലെല്ലാം ഈ പ്രശ്‌നമുണ്ടെന്നാണ് Branagan പറയുന്നത്. റോഡ് കൃത്യമായി അറിയാത്തവരാണെങ്കില്‍ ഇത് ആശയക്കുഴപ്പം സൃഷ്ടിക്കുകയും ചെയ്യുന്നു.

ടെസ്റ്റ് ലൊക്കേഷനില്‍ തന്നെയുള്ള റോഡില്‍ പ്രാക്ടീസ് നടത്താനും ഇത് വലിയ ബുദ്ധിമുട്ടായിരിക്കുകയാണ്. ഇക്കാരണത്താല്‍ താന്‍ പരിശീലിപ്പിക്കുന്നവര്‍ക്ക് റോഡില്‍ എവിടെയെല്ലാമാണ് ചിഹ്നങ്ങള്‍ ശരിയായി കാണാന്‍ സാധിക്കാത്തതെന്ന് വീഡിയോ കാണിച്ച് മുന്നറിയിപ്പ് നല്‍കുകയാണ് Branagan.

Road Safety Authority (RSA)-യുടെ നിയമമനുസരിച്ച്, റോഡിലെ ചിഹ്നങ്ങള്‍ മങ്ങിയത് കാരണം ലേണര്‍മാര്‍ക്ക് തെറ്റ് സംഭവിച്ചാല്‍, അതിന് കുറ്റക്കാര്‍ ലേണര്‍മാരല്ല. ഇക്കാര്യം ടെസ്റ്റര്‍മാര്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതും, ലേണര്‍മാര്‍ക്ക് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കേണ്ടതുമാണ്. അതിനാല്‍ ഇങ്ങനെ സംഭവിച്ചാല്‍ ലേണര്‍മാര്‍ പരാജയപ്പെട്ടതായി കണക്കാക്കാനും സാധിക്കില്ല. എന്നാല്‍ ടെസ്റ്റിനിടെ ഇത് കൃത്യമായി പാലിക്കപ്പെടുന്നില്ലെന്നാണ് Branagan പറയുന്നത്. പല ലേണര്‍മാരും സമാനമായ പരാതി ഉയര്‍ത്തിയിട്ടുണ്ട്.

റോഡിലെ വരകളും ചിഹ്നങ്ങളും മങ്ങിയതിനെ പറ്റി അറിവില്ലെന്നും, ഇത് പരിശോധിക്കാന്‍ ജീവനക്കാരെ നിയോഗിക്കുമെന്നുമാണ് Dún Laoghaire-Rathdown County Council പ്രതികരിച്ചത്. സാധാരണയായി പൊതുജനങ്ങളോ, ജനപ്രതിനിധികളോ ഇക്കാര്യം തങ്ങളുടെ ശ്രദ്ധയില്‍ പെടുത്തുകയാണ് ഉണ്ടാകാറ് എന്നും, അല്ലെങ്കില്‍ പരിശോധനയ്ക്കിടെ ജീവനക്കാര്‍ തന്നെ ഇത് കണ്ടെത്തുകയാണ് ചെയ്യാറ് എന്നും കൗണ്‍സില്‍ പറയുന്നു. റോഡ് നവീകരിക്കുമ്പോളും ചിഹ്നങ്ങള്‍ നവീകരിക്കാറുണ്ട്.

പരാതി ലഭിച്ച സ്ഥലങ്ങളില്‍ വേണ്ടത് ചെയ്യുമെന്നും, സാധാരണ മഴ ഇല്ലാത്ത സമയങ്ങളിലാണ് ഈ ജോലികള്‍ ചെയ്യാറെന്നും Kildare County Council പ്രതികരിച്ചു. Dublin City Council ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ലെന്നും ‘ദി ജേണല്‍’ റിപ്പോര്‍ട്ട് ചെയ്യുന്നു.

Share this news

Leave a Reply