ഐറിഷ് വിമാനക്കമ്പനിയായ റയന്‍എയര്‍ മേധാവി മൈക്കല്‍ ഒ’ലിയറിയും, യുഎസ് ബിസിനസ് ഭീമനായ ഇലോണ്‍ മസ്‌കും തമ്മിലുള്ള ഓണ്‍ലൈന്‍ വാഗ്വാദവും, കളിയാക്കലുമാണ് നിലവില്‍ ഇന്റര്‍നെറ്റ് ലോകത്തെ സരസമായ ഒരു വാര്‍ത്ത. മസ്‌കിന്റെ ഉടമസ്ഥതയിലുള്ള സ്റ്റാര്‍ലിങ്കിന്റെ സാറ്റലൈറ്റ് ഇന്റര്‍നെറ്റ് സേവനം ഉപയോഗപ്പെടുത്താന്‍ റയന്‍എയര്‍ വിസമ്മതിച്ചതിനെ തുടര്‍ന്നാണ് ഇരു സ്ഥാപനങ്ങളുടെയും മേധാവികള്‍ തമ്മില്‍ വാഗ്വാദമാരംഭിച്ചത്. എന്തും തുറന്നുപറയുന്ന ഇരുവരുടെയും സ്വഭാവം നേരത്തെ തന്നെ വെളിപ്പെട്ടിട്ടുള്ളതിനാല്‍, ഈ വാഗ്വാദം സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങ്ങായി മാറിയിരിക്കുകയാണ്.
ചുരുങ്ങിയ ചെലവില്‍ വിമാനയാത്ര എന്നത് മുഖമുദ്രയായി കൊണ്ടുനടക്കുന്ന റയന്‍എയര്‍, സ്റ്റാര്‍ലിങ്ക് നല്‍കുന്ന ഇന്റര്‍നെറ്റ് സേവനം സ്വീകരിക്കുകയാണെങ്കില്‍ അത് തങ്ങളുടെ ചെലവ് വര്‍ഷം ശരാശരി 250 മില്യണ്‍ ഡോളറോളം കൂട്ടുമെന്നാണ് പറയുന്നത്. മാത്രമല്ല സാധാരണയായി ഒരു മണിക്കൂര്‍ മാത്രമാണ് റയന്‍എയറിലെ യാത്രക്കാര്‍ വിമാനത്തില്‍ ചെലവിടുന്നതെന്നും, ഈ സമയം അവര്‍ക്ക് വൈഫൈ അത്യാവശ്യമല്ല എന്നുമാണ് ഒ’ലിയറി പറഞ്ഞത്. പൊതുഇടത്തിലായിരുന്നു ഒ’ലിയറിയുടെ ഈ പ്രതികരണം.
വാക്പോരിന്റെ ആരംഭം
എന്നാല്‍ ഒ’ലിയറിയുടെ പ്രതികരണത്തിൽ ചൊടിച്ച മസ്‌ക്, ഒ’ലിയറി തെറ്റിദ്ധരിക്കപ്പെട്ടിരിക്കുകയാണെന്നും, ഒരുപടി കൂടി കടന്ന് ഒ’ലിയറിയെ ‘പമ്പര വിഡ്ഢി’ എന്നുകൂടി വിശേഷിപ്പിക്കുകയും ചെയ്തു. ഈ വാഗ്വാദം തുടരുന്നതിനിടെയാണ് തന്റെ ഉടമസ്ഥതയിലുള്ള എക്‌സ് പ്ലാറ്റ്‌ഫോമിലെ ഒരു പോസ്റ്റില്‍, റയന്‍എയറിനെ താന്‍ വാങ്ങിയേക്കും എന്ന തരത്തില്‍ ശതകോടീശ്വരനായ മസ്‌ക് നിര്‍ദ്ദേശം മുന്നോട്ട് വച്ചത്. ഒ’ലിയറിയെ ‘ദുസ്സഹമായയാള്‍’ എന്നും മസ്‌ക് വിശേഷിപ്പിച്ചിരുന്നു. തിരിച്ചടിയായി സമ്പന്നനാണെങ്കിലും മസ്‌കിനെ വിഡ്ഢി എന്ന് വിശേഷിപ്പിച്ച ഒ’ലിയറി, ട്രംപിനെ തെരഞ്ഞെടുക്കാന്‍ ആഹ്വാനം ചെയ്തയാളാണ് മസ്‌ക് എന്നും, അയാള്‍ പറയുന്നതിന് ചെവി കൊടുക്കുന്നില്ല എന്നും പ്രതികരിച്ചിരുന്നു.
അതേസമയം മസ്‌കിന്റെ വാക്കുകളോട് പരിഹാസരൂപേണയാണ് ഒ’ലിയറിയുടെ പുതിയ പ്രതികരണം വന്നിരിക്കുന്നത്. മസ്‌ക് തന്നെ വിശേഷിപ്പിച്ച വാക്കുകളില്‍ വിഷമിക്കുന്നില്ലെന്നും, കൗമാരക്കാരായ തന്റെ നാല് മക്കളില്‍ നിന്നും താന്‍ ദിവസേന അധിക്ഷേപങ്ങള്‍ കേള്‍ക്കാറുണ്ട് എന്നുമാണ് ബുധനാഴ്ചത്തെ പത്രസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞത്. റയന്‍എയറില്‍ നിക്ഷേപം നടത്താന്‍ മസ്‌കിനെ ക്ഷണിച്ച ഒ’ലിയറി, പക്ഷേ ഇയു നിയമപ്രകാരം കമ്പനിയുടെ ഭൂരിഭാഗം ഓഹരികള്‍ സ്വന്തമാക്കാന്‍ മസ്‌കിന് സാധിക്കില്ല എന്നും കൂട്ടിച്ചേര്‍ത്തു. മസ്‌കിന്റെ പരാമര്‍ശങ്ങള്‍ സത്യത്തില്‍ റയന്‍എയറിന് വലിയ പരസ്യമായി മാറിയെന്നും, ഇതിന്റെ നന്ദിസൂചകമായി ഡബ്ലിനിലെ എക്‌സിന്റെ ഓഫീസ് സന്ദര്‍ശിച്ച് മസ്‌കിന് സൗജന്യ റയന്‍എയര്‍ ടിക്കറ്റ് നല്‍കുമെന്നും ഒ’ലിയറി തിരിച്ചടിച്ചു. തങ്ങളുടെ ടിക്കറ്റ് വില്‍പ്പന കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ രണ്ട് മുതല്‍ മൂന്ന് വരെ ശതമാനം വര്‍ദ്ധിച്ചതായി പറഞ്ഞ ഒ’ലിയറി, ഇങ്ങനെയാണെങ്കില്‍ എല്ലാദിവസവും മസ്‌കിനോട് തന്നെ അധിക്ഷേപിച്ചോളൂ എന്ന് പരിഹസിക്കാനും മറന്നില്ല. ഈ വിവാദം തുടരുന്നതില്‍ സന്തോഷവാനാണെന്നും ഒ’ലിയറി പറഞ്ഞു.
അതേസമയം കഴിഞ്ഞ 12 മാസമായി സ്റ്റാര്‍ലിങ്കിന്റെ സേവനം റയന്‍എയറില്‍ ലഭ്യമാക്കാനായി ചര്‍ച്ചകള്‍ നടത്തിവരികയായിരുന്നു എന്നാണ് ഒ’ലിയറി പറയുന്നത്. ഇന്റര്‍നെറ്റിനായി വിമാനങ്ങളില്‍ ആന്റിനകള്‍ വയ്ക്കുന്നത് കാരണം ഇന്ധനച്ചെലവ് വര്‍ദ്ധിക്കുകയും, ഇത് കാരണം അധികമായി 100-200 മില്യണ്‍ യൂറോ ചെലവ് വരുമെന്നും അദ്ദേഹം പറയുന്നു. ഈ അമിത ചെലവ് വഹിക്കാന്‍ 90 ശതമാനം യാത്രക്കാരും വൈഫൈക്ക് പണം നല്‍കുമെന്നാണ് സ്റ്റാര്‍ലിങ്ക് പറയുന്നതെങ്കിലും, 2 അല്ലെങ്കില്‍ 3 യൂറോ അധികമായി നല്‍കാന്‍ വെറും 10 ശതമാനത്തില്‍ താഴെ യാത്രക്കാര്‍ മാത്രമേ തയ്യാറാകൂ എന്നാണ് ഒ’ലിയറിയുടെ പക്ഷം.






