ക്രമസമാധാന പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നവരെ നേരിടുന്ന Garda National Public Order Unit (GNPOU) അംഗങ്ങള്‍ക്ക് ഇനി പുതിയ തരം ബോഡി ആര്‍മറുകള്‍. രാജ്യത്ത് നിലവില്‍ പ്രത്യേക പരിശീലനം നേടിയ ഏകദേശം 1,500 GNPOU ഗാര്‍ഡകള്‍ ഉണ്ടെന്നാണ് കണക്ക്. ഇതില്‍ ഒരു വിഭാഗം പേര്‍ക്ക് ആദ്യ ഘട്ടത്തില്‍ 3.6 മില്യണ്‍ യൂറോയോളം ചെലവിട്ട് പേഴ്‌സണല്‍ ഇഷ്യൂ ബോഡി ആര്‍മറുകള്‍ അടക്കമുള്ള നല്‍കും. GNPOU-വിലെ മറ്റ് എല്ലാ അംഗങ്ങള്‍ക്കും 2026 ആദ്യ പാദത്തോടെ ഇവ നല്‍കാനാകുമെന്നാണ് പ്രതീക്ഷ.
തീയില്‍ നിന്നും മെച്ചപ്പെട്ട സംരക്ഷണം നല്‍കുകയും, കാലിലെ എല്ലുകള്‍ക്ക് പരിക്കേല്‍ക്കാതെ സംരക്ഷണം നല്‍കുകയും ചെയ്യുന്നവയാണ് പുതിയ ആര്‍മറുകള്‍. കൂടുതല്‍ സഞ്ചാരസ്വാതന്ത്ര്യം നല്‍കുന്നതിനൊപ്പം, ഉപകരണങ്ങള്‍ സൂക്ഷിക്കാനുള്ള MOLLE (Modular, Lightweight Load-Carrying Equipment), റേഡിയോ, ക്യാമറ എന്നിവ എളുപ്പത്തില്‍ എടുക്കാന്‍ സാധിക്കാന്‍ പറ്റുന്ന തരത്തില്‍ സൂക്ഷിക്കാനുള്ള സംവിധാനങ്ങള്‍ എന്നിവയും ഈ ആര്‍മറുകള്‍ക്കുണ്ട്. കത്തിക്കുത്ത്, ആയുധം കൊണ്ടുള്ള വെട്ട് എന്നിവയോ പ്രതിരോധിക്കാനും ഈ ആര്‍മറിന് സാധിക്കും.






