ക്ലെയറിൽ മോഷണത്തിനിടെ പോസ്റ്റ് മിസ്ട്രസിന് നേരെ ക്രൂര ആക്രമണം; നാലു പേർ പിടിയിൽ

കൗണ്ടി ക്ലെയറില്‍ പോസ്റ്റ് മിസ്ട്രസിന് നേരെ ക്രൂര ആക്രമണം. കഴിഞ്ഞ ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം 3.10-ഓടെയാണ് പോസ്റ്റ് ഓഫീസ് കൊള്ളയടിക്കാനെത്തിയ നാലംഗ സംഘത്തിലെ പുരുഷന്മാരായ രണ്ട് പേര്‍, ഇരുമ്പ് ദണ്ഡുകളുമായി പോസ്റ്റ് മിസ്ട്രസിനെ ക്രൂരമായി ആക്രമിച്ചതെന്ന് ഗാര്‍ഡ പറഞ്ഞു. അക്രമികളോടൊപ്പം ഡ്രൈവര്‍മാരായി മറ്റ് രണ്ട് പുരുഷന്മാരും ഉണ്ടായിരുന്നു. ശേഷം രണ്ട് കാറുകളിലായി രക്ഷപ്പെട്ട ഇവരെ പറ്റി പോസ്റ്റ് മിസ്ട്രസ് തന്നെയാണ് ഗാര്‍ഡയെ അറിയിച്ചത്. പിന്നാലെ ഗാര്‍ഡ മോഷ്ടാക്കളെ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു.

Carrigaholt-ലെ The Square-ലുള്ള An Post Carrigaholt-ലെ പോസ്റ്റ് മിസ്ട്രസായ Maura McKiernan-ന് നേരെയാണ് ആക്രമണമുണ്ടായത്. സംഭവത്തില്‍ Martin Downes (36), Michael McMahon (38), Darren Cassidy (38) Darragh Pender (30) എന്നിവരാണ് അറസ്റ്റിലായത്. പ്രതികളെല്ലാവരും എന്നിസ് സ്വദേശികളാണ്. പോസ്റ്റ് ഓഫീസില്‍ നിന്നും 8,944.63 യൂറോ വരുന്ന പണം, കോയിനുകള്‍, ചെക്കുകള്‍ എന്നിവയാണ് മോഷ്ടിക്കപ്പെട്ടത്. ഇത് കണ്ടെടുത്തിട്ടുണ്ട്. പോസ്റ്റ് മിസ്ട്രസിന് ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റിട്ടുമുണ്ട്.

വെള്ളിയാഴ്ച എന്നിസ് ജില്ലാ കോടതിയില്‍ ഹാജരാക്കിയ പ്രതികള്‍ ജാമ്യത്തിന് അപേക്ഷിച്ചെങ്കിലും, ഗാര്‍ഡ എതിര്‍ത്തതോടെ ജഡ്ജ് ജാമ്യം നിഷേധിക്കുകയും, പ്രതികളെ റിമാന്‍ഡ് ചെയ്യുകയും ചെയ്തു.

Share this news

Leave a Reply