അയർലണ്ടിൽ ചന്ദ്ര കൊടുങ്കാറ്റിനോടനുബന്ധിച്ച് ശക്തമായ മഴ പെയ്യാനുള്ള സാധ്യത കണക്കിലെടുത്ത് വിവിധ കൗണ്ടികളിൽ ജാഗ്രതാ മുന്നറിയിപ്പുകൾ നൽകി കാലാവസ്ഥാ വകുപ്പ്.
ഇന്ന് അർദ്ധ രാത്രി മുതൽ Carlow, Kilkenny, Louth, Wexford, Wicklow, Waterford എന്നീ കൗണ്ടികളിൽ നിലവിൽ വരുന്ന ഓറഞ്ച് വാണിങ് ചൊവ്വാഴ്ച രാത്രി 11 മണി വരെ തുടരും. കാറ്റിനൊപ്പം എത്തുന്ന അതിശക്തമായ മഴ ഇവിടങ്ങളിൽ പ്രാദേശിക വെള്ളപ്പൊക്കത്തിനും, പുഴ നിറഞ്ഞു കവിയാനും കാരണമാകും. യാത്രക്കാർക്കും ബുദ്ധിമുട്ട് അനുഭവപ്പെടും.
ഇതിനു പുറമേ Carlow, Dublin, Kildare, Kilkenny, Louth, Meath, Wexford, Wicklow, Cavan, Monaghan, Cork, Kerry, Waterford എന്നീ കൗണ്ടികളിൽ ചൊവ്വാഴ്ച രാവിലെ 5 മണി മുതൽ രാത്രി 11 മണി വരെ യെല്ലോ വിൻഡ് വാണിങ്ങും നിലവിൽ വരും. ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകി വീഴാനും, സാധനങ്ങൾ പാറിപ്പോകാനും സാധ്യത ഉണ്ടെന്നും, യാത്ര ദുഷ്കരമാകുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
നോർത്തേൺ അയർലണ്ടും ജാഗ്രതയിൽ
ചന്ദ്ര കൊടുങ്കാറ്റിനെ തുടർന്ന് നോർത്തേൺ അയർലണ്ടിലെ Antrim, Down, Derry എന്നീ കൗണ്ടികളിൽ ചൊവ്വാഴ്ച രാവിലെ 5 മണി മുതൽ രാത്രി 9 മണി വരെ ആംബർ വിൻഡ് വാണിങ് നിലവിൽ വരും. ഇവിടങ്ങളിൽ ശക്തമായ കാറ്റിൽ അനുബന്ധ നാശനഷ്ടങ്ങൾക്ക് സാധ്യത ഉണ്ട്.
ഇതിന് പുറമെ Antrim, Armagh, Down, Fermanagh, Tyrone, Derry എന്നീ കൗണ്ടികളിൽ ഇന്ന് അർദ്ധരാത്രി മുതൽ ചൊവ്വാഴ്ച രാത്രി 11.59 വരെ യെല്ലോ റെയിൻ, വിൻഡ് വാണിങ്ങുകളും നിലവിൽ വരും. ശക്തമായ കാറ്റിനൊപ്പം എത്തുന്ന മഴ ഇവിടങ്ങളിൽ വെള്ളപ്പൊക്കം സൃഷ്ടിക്കുകയും, യാത്ര തടസപ്പെടുത്തുകയും ചെയ്യും. യാത്രക്കാർ ജാഗ്രത പാലിക്കുക.






