ഏറെ പ്രതീക്ഷകൾ നൽകുന്ന ഉഭയകക്ഷി വ്യാപാര കരാര്‍ പ്രഖ്യാപിച്ച് ഇന്ത്യയും യൂറോപ്യന്‍ യൂണിയനും. ആഗോള ജിഡിപിയുടെ 25 ശതമാനവും, ആഗോള വ്യാപാരത്തിന്റെ മൂന്നിൽ ഒരു ഭാഗവും ഉൾക്കൊള്ളുന്നു എന്നതിനാൽ ‘എല്ലാ കരാറുകളുടെയും മാതാവ്’ എന്നാണ് ഈ കരാർ വിളിക്കപ്പെടുന്നത്.
കരാർ പ്രകാരം ഇന്ത്യയില്‍ നിന്ന് കയറ്റുമതി ചെയ്യുന്ന 99.5 ശതമാനം ഉല്‍പന്നങ്ങള്‍ക്കും യൂറോപ്യന്‍ യൂണിയന്‍ തീരുവ ഇളവ് നല്‍കും. ഇയുവിലേയ്ക്ക് ഇറക്കുമതി ചെയ്യുന്ന 97 ശതമാനം ഉല്‍പന്നങ്ങള്‍ക്ക് ഇന്ത്യയും തീരുവ ഇളവ് അനുവദിക്കും. ഡല്‍ഹിയില്‍ നടന്ന സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് അന്റോണിയോ സാന്റോസ് ഡി കോസ്റ്റ, യൂറോപ്യന്‍ കമ്മിഷന്‍ പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡെര്‍ ലെയിന്‍ എന്നിവരാണ് കരാർ സംബന്ധിച്ച്പ്രഖ്യാപനം നടത്തിയത്. ഞായറാഴ്ച യൂറോപ്യന്‍ യൂണിയന്‍ നേതാക്കള്‍ ചരിത്രത്തിൽ ആദ്യമായി ഇന്ത്യയുടെ റിപ്പബ്ലിക് ദിനാഘോഷത്തില്‍ പങ്കെടുത്തിരുന്നു.
യുഎസും ആയുള്ള ഇയു ബന്ധം ഉലഞ്ഞു നിൽക്കുന്ന സാഹചര്യത്തിൽ ഏറെ പ്രാധാന്യം അർഹിക്കുന്ന കരാർ ആണിത്. ഇന്ത്യയ്ക്ക് മേലും യുസിന്റെ നികുതി ഭീഷണി നിലനിൽക്കുന്നുണ്ട്. വ്യാപാര കരാറിന് പുറമേ ഇരു കക്ഷികളും തമ്മിൽ പ്രതിരോധ സുരക്ഷാ കരാറും ഒപ്പുവെച്ചു.
കരാര്‍ തുടക്കം മാത്രമെന്ന് പറഞ്ഞ യൂറോപ്യന്‍ കമ്മിഷന്‍ പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡെര്‍ ലെയിൻ, യൂറോപ്പും ഇന്ത്യയും ഇന്ന് ചരിത്രം സൃഷ്ടിക്കുകയാണെന്നും, ‘മദര്‍ ഓഫ് ഓള്‍ ഡീല്‍സില്‍’ ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കിയെന്നും കൂട്ടിച്ചേർത്തു. ഇരുവിഭാഗത്തിനും ഗുണമുണ്ടാകുന്ന തരത്തില്‍ 200 കോടി ജനങ്ങളുടെ ഫ്രീ ട്രേഡ് സോണാണ് നിലവില്‍ വരുന്നത്. ഇതൊരു തുടക്കം മാത്രമാണ്. തന്ത്രപരമായ ബന്ധം ഇനിയും ശക്തമാകുമെന്നും അവര്‍ പറഞ്ഞു.
കരാർ യാഥാർഥ്യമായതോടെ ഇന്ത്യയിലേയ്ക്ക് യൂറോപ്പിൽ നിന്നുള്ള പല ഉത്പന്നങ്ങൾക്കും വില കുത്തനെ കുറയും. യൂറോപ്യൻ കാറുകൾ, ഉപകരണങ്ങൾ, എന്നിവയ്‌ക്കെല്ലാം ഇന്ത്യയിൽ വലിയ വിലക്കുറവ് വരും. പാസ്ത, ചോക്ലേറ്റ് എന്നിവയുൾപ്പെടെയുള്ള സംസ്കരിച്ച ഭക്ഷണങ്ങളുടെ തീരുവ പൂർണ്ണമായും ഒഴിവാക്കിയേക്കും. വൈനുകളുടെ തീരുവ ക്രമേണ 150 ശതമാനത്തിൽ നിന്ന് 20 ശതമാനമായി കുറഞ്ഞേക്കും. കാറുകളുടെ താരിഫ് ക്രമേണ 110 ശതമാനത്തിൽ നിന്ന് 10 ശതമാനമായും കുറഞ്ഞേക്കും.






