അയർലണ്ടിൽ ചന്ദ്രാ കൊടുങ്കാറ്റിന്റെ അനന്തര ഫലമായി എത്തിയ ശക്തമായ മഴ നാളെയും തുടരുമെന്നും, രാജ്യത്ത് ഇപ്പോഴും പ്രളയ സാധ്യത നിലനിൽക്കുന്നുവെന്നും കാലാവസ്ഥാ വകുപ്പ്. ഇന്നലെയും, ഇന്നുമായി നൽകിയ വാണിങ്ങുകൾക്ക് ശേഷം നാളെ പുതിയ വാണിങ്ങുകൾ നിലവിൽ വരുമെന്നും കാലാവസ്ഥാ വിദഗ്ധർ അറിയിച്ചു.
ഇന്ന് അർദ്ധരാത്രി വാണിങ്ങുകൾ അവസാനിച്ച ശേഷം നാളെ (വെള്ളിയാഴ്ച) രാവിലെ 9 മണി മുതൽ Carlow, Dublin, Kilkenny, Louth, Wexford, Wicklow, Waterford എന്നീ കൗണ്ടികളിൽ പുതുതായി യെല്ലോ റെയിൻ വാണിങ് നിലവിൽ വരും. ഈ വാണിങ് വെള്ളിയാഴ്ച അർദ്ധരാത്രി 12 മണി വരെ തുടരും.
ദിവസങ്ങളായി നീണ്ടുനിന്ന മഴയിൽ നിലം നനഞ്ഞു കിടക്കുന്നതിനാൽ വീണ്ടും മഴ പെയ്യുന്നതാണ് വെള്ളപ്പൊക്കത്തിന് കാരണമാകുന്നത്. ഇതോടൊപ്പം പുഴകൾ നിറഞ്ഞുകവിയുന്നതും വെള്ളപ്പൊക്കത്തിന് ആക്കം കൂട്ടും.
മോശം കാലാവസ്ഥ തുടരുന്ന സാഹചര്യത്തിൽ ഈ ബാങ്ക് ഹോളിഡേ വീക്കെൻൻഡിൽ കടലിൽ ഉല്ലസിക്കാൻ പോകുന്നവർ അതീവ ജാഗ്രത പാലിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നുണ്ട്. മഴയ്ക്കൊപ്പം ശക്തമായ കാറ്റും വീശുമെന്നതിനാൽ കടൽ പ്രക്ഷുബ്ധ മായി അപകട സാധ്യത കൂടുതലാണ്.
അതേസമയം പ്രളയത്തിൽ സ്ഥാപനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചവർക്ക് ധനസഹായം നൽകുമെന്ന് റെഡ് ക്രോസ്സ് അറിയിച്ചിട്ടുണ്ട്. ആദ്യഘട്ട സഹായമായി 5,000 അല്ലെങ്കിൽ 10,000 യൂറോ ആണ് നൽകുക. നാശനഷ്ടങ്ങൾ വൃത്തിയാക്കും മുമ്പ് ഉടൻ തന്നെ ഫോട്ടോകൾ എടുത്ത് വച്ചാൽ അത് പിന്നീട് കൂടുതൽ ധനസഹായം ലഭിക്കാൻ ഉപയോഗിക്കാമെന്നും റെഡ് ക്രോസ്സ് സെക്രട്ടറി ജനറൽDeirdre Garvey പറഞ്ഞു. സഹായ അപേക്ഷകൾ emergencyflooding@redcross.ie എന്ന ഇമെയിൽ വിലാസത്തിൽ അയച്ചു നൽകുകയോ, gov.ie വെബ്സൈറ്റിൽ കയറി ഇതിനെ പറ്റി കൂടുതൽ മനസിലാക്കുകയോ ചെയ്യാം.




