കവിത: പെരുന്നാൾ (പ്രസാദ് കെ. ഐസക്)

നാടിനു തിലകക്കുറിയായി,ദേശത്തിന്നൊരു കാവലതായ്

മണീട്‌പള്ളി പിറന്നിട്ടിന്നാറുപതിറ്റാണ്ടാകാറായ്

ആകുലചിത്തർക്കാശ്രയമായ്,വിശ്വസത്തിൻ ഗോപുരമായ്

പ്രൗഢിയൊടെപ്പോഴുമെന്നാളും ഉയർന്നു നിൽക്കുന്നീപ്പള്ളി

പഴയൊരു പള്ളി പൊളിച്ചിവിടെ പണിതു പുതുതായൊരു പള്ളി

വിശാലമിപ്പോൾ പള്ളിയകം അതിസുന്ദരമകവും പുറവും

ത്രോണോസുകളേഴുണ്ടിപ്പോൾ പാവനമാം ബലി അർപ്പിക്കാൻ

മാതാവും ശുദ്ധന്മാരും കനിവാൽ കൃപചൊരിയുന്നിവിടെ

സെൻറ്റ് കുരിയാക്കോസിൻ നാമത്തിൽ സ്ഥാപിതമായൊരു ദേവാലയമിതു

ഏലിയാസ് ത്രിതീയൻ ബാവാ തന്നുടെ തിരുശേഷിപ്പാൽ പാവനമിവിടം

ബാവായുടെ ചൈതന്യം നിറഞ്ഞ രണ്ടാം മഞ്ഞിനിക്കരയീ പള്ളി

ബാവായുടെ പെരുന്നാളിന്നായ് മണീട്‌പള്ളി ഒരുങ്ങുന്നു

പള്ളിപ്പെരുന്നാൾ കൊടികയറി മണീട്‌കാർക്കിനി ഉത്സവമായ്

കൊടിതോരണമെല്ലാം കെട്ടും പെരുന്നാളിനു മുന്നോടിയതായ്

മുത്തുക്കുടകൾ വരിവരിയായ് പലവർണ്ണങ്ങൾ വിടർത്തീടും

പെട്ടിക്കടകൾ നിരനിരയായ് റോഡിന്നിരുവശവും നിറയും

മിന്നിത്തെളിയും ദീപങ്ങൾ പെരുന്നാൾ രാവിനു പ്രഭ പകരും

പലരൂപങ്ങളിൽ മാറിമറിഞ്ഞവ നല്ലൊരു കാഴ്ചയൊരുക്കീടും

ദേശം മുഴുവനുമൊന്നായിട്ടൊത്തൊരുമിക്കും   സുദിനമിത്

പെരുന്നാൾ രാവിൽ പ്രാർത്ഥനയാൽ പള്ളിയിൽ നിറയും ഭക്തജനം

കൈകളിൽ കത്തും തിരികളുമായവർ കുരിശുകൾ ചുറ്റും പ്രദിക്ഷണമായ്

ചെണ്ടകൾ താളത്തിൽ കൊട്ടി,ഈണത്തിൽ ബാൻഡുകളൂതി

പ്രദിക്ഷിണ വഴികളിൽ മേളക്കാർ ആവേശത്തിര തീർത്തീടും

പിതാമഹന്മാരുടെ സംഘം കാൽനടയായ് പോയ് പണ്ടൊരുനാൾ

ദുർഘടപാതകൾ താണ്ടിയവർ ചെന്നെത്തീ മഞ്ഞിനിക്കരയിൽ

തുടരുന്നിന്നും ഈയാത്ര ബാവായുടെ പെരുന്നാൾ ദിവസം

പലദേശങ്ങളിൽ നിന്നായി മണീടിലെത്തും യാത്രക്കാർ

ഒരുമിച്ചൊന്നായ് പിന്നെയവർ യാത്ര പുറപ്പെടുമിവിടുന്ന്

പള്ളിപ്പരിസരമന്നാളിൽ ജനസാഗരമായ് മാറീടും

ബാവായുടെ ചിത്രംവച്ച അലങ്കരിച്ചൊരു രഥമപ്പോൾ

പെരുന്നാൾ ഗീതങ്ങളുമായി യാത്രക്കാരെ നയിച്ചീടും

ദേശം പലതും താണ്ടിയവർ കാൽനട യാത്ര തുടർന്നീടും

മഞ്ഞിനിക്കരയിലെ ദയറായിൽ ചെന്നെത്തും പെരുന്നാൾ ദിവസം

ബാവായുടെ ഖബറിൻ മുൻപിൽ താണു വണങ്ങും പ്രാർത്ഥനയാൽ

ആളും ആരവവും ഒഴിയും പെരുന്നാളിൻ കൊടി താഴുമ്പോൾ

ബാവായുടെ പെരുന്നാളിനിയും കൂടാമെന്ന പ്രതീക്ഷയുമായ്

പ്രത്യാശയുമായ് ജനമെല്ലാം പള്ളിയിൽനിന്നു പിരിഞ്ഞീടും

 

മണീട് പള്ളി, അവിടുത്തെ പ്രസിദ്ധമായ ഏലിയാസ്‌തൃതീയൻ പാത്രിയർക്കീസ് ബാവായുടെ പെരുന്നാൾ ഇവയെപ്പറ്റി ഞാൻ എഴുതിയ ഒരു കവിത.

Share this news

Leave a Reply