യൂറോപ്പിലെ വീട്ടുവാടക പല പ്രദേശങ്ങളിലെയും ശരാശരി വരുമാനത്തിന്റെ 80% വരെ ഉയര്‍ന്നതായി റിപ്പോര്‍ട്ട്. യൂറോസ്റ്റാറ്റ് നടത്തിയ ഗവേഷണത്തില്‍ 15-29 പ്രായക്കാര്‍ ഇത്തരത്തില്‍ ഉയര്‍ന്ന വാടകനിരക്ക് കാരണം വലിയ ബുദ്ധിമുട്ട് അനുഭവിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്.
നിലവിലെ ഡിമാന്‍ഡ് അനുസരിച്ച് യൂറോപ്യന്‍ യൂണിയനില്‍ വര്‍ഷം തോറും 20 ലക്ഷം വീടുകള്‍ വീതമാണ് നിര്‍മ്മിക്കേണ്ടത്. എന്നാല്‍ നിലവില്‍ നിര്‍മ്മിക്കപ്പെടുന്നത് വര്‍ഷം 16 ലക്ഷം വീടുകളാണ്.
2013-2024 കാലഘട്ടത്തില്‍ ഇയുവില്‍ വീടുകള്‍ക്ക് ശരാശരി 60 ശതമാനത്തിലധികം വില വര്‍ദ്ധിച്ചതായും റിപ്പോര്‍ട്ട് പറയുന്നു. എന്നാല്‍ ഇതിനനസരിച്ചുള്ള വരുമാന വര്‍ദ്ധന സംഭവിച്ചിട്ടുമില്ല. വാടകയുടെ കാര്യമെടുത്താല്‍ ഈ കാലയളവില്‍ ശരാശരി 20 ശതമാനമാണ് വര്‍ദ്ധന.
മറ്റൊരു കാര്യം 2021 മുതല്‍ പുതിയ വീടുകളുടെ നിര്‍മ്മാണത്തിന് അനുമതി നല്‍കുന്നതില്‍ 22% കുറവ് വന്നിട്ടുണ്ട്. ഒപ്പം നിലവിലുള്ള വീടുകള്‍ കാര്യക്ഷമമായി ഉപയോഗിക്കപ്പെടുന്നുമില്ല. 20 ശതമാനം വീടുകളും ആളില്ലാതെ കിടക്കുകയാണ്. ഇതെല്ലാം ഡിമാന്‍ഡ് വീണ്ടും വര്‍ദ്ധിപ്പിക്കുന്ന കാരണങ്ങളാണ്.
ഭവനപ്രതിസന്ധിയും മാനസിക സമ്മര്‍ദ്ദവും
ജനങ്ങളെയൊട്ടാകെ ഈ പ്രശ്‌നം മാനസികമായി ബാധിക്കുന്നതായാണ് വിഷാദത്തിന് ചികിത്സ നല്‍കുന്ന സ്ഥാപനമായ ഫ്‌ളോ ന്യൂറോസയന്‍സിലെ വിദഗ്ദധര്‍ പറയുന്നത്. ഭവനപ്രതിസന്ധി കാരണം ആളുകള്‍ വലിയ മാനസികസമ്മര്‍ദ്ദവും, ഉത്കണ്ഠയുമാണ് അനുഭവിക്കുന്നത്. താമസ കാര്യത്തില്‍ അരക്ഷിതാവസ്ഥ അനുഭവിക്കുമ്പോള്‍ ആളുകള്‍ക്ക് വളര്‍ച്ചയിലോ, ക്രിയാത്മക പ്രവര്‍ത്തനങ്ങളിലോ, സാമൂഹിക, വ്യക്തി ബന്ധങ്ങളിലോ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സാധിക്കാതെ വരികയും, പകരം അവരുടെ ശ്രദ്ധ അതിജീവനത്തിലേയ്ക്ക് മാത്രമായി ഒതുങ്ങുകയും ചെയ്യുന്നുവെന്നും മാനസികാരോഗ്യവിദഗ്ദ്ധര്‍ പറയുന്നു.
ഭവനപ്രതിസന്ധി പരിഹരിക്കാനുള്ള പദ്ധതികള്‍ക്കൊപ്പം തന്നെ, ഇത്തരത്തിലുള്ള മാനസിക പ്രശ്‌നങ്ങള്‍ക്ക് പുതിയ പരിഹാരമാര്‍ഗ്ഗങ്ങള്‍ തേടേണ്ടതുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ക്കുന്നു.




