ഡബ്ലിനിൽ നടന്ന ആക്രമണത്തിൽ മദ്ധ്യവയസ്കൻ മരിച്ചു; രണ്ട് സ്ത്രീകൾക്ക് പരിക്ക്

ഡബ്ലിനിൽ ശനിയാഴ്ച പുലർച്ചെ നടന്ന ആക്രമണത്തിൽ മദ്ധ്യവയസ്കൻ മരിച്ചു. ഡബ്ലിൻ 3-ലെ Foster Terrace-ൽ പുലർച്ചെ 1.30-ന് തൊട്ടുമുമ്പായിരുന്നു ആക്രമണം. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹം സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു.

ഇവിടെ നിന്നും 60 വയസ്സിലേറെ പ്രായമുള്ള രണ്ട് സ്ത്രീകളെയും പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

Foster Terrace-ലെ സംഭവസ്ഥലവും സമീപത്തുള്ള ഒരു വീടും ഗാർഡ ടെക്നിക്കൽ ബ്യൂറോ ഫോറൻസിക് പരിശോധനയ്ക്കായി സീൽ ചെയ്ത് സൂക്ഷിച്ചിരിക്കുകയാണ്.

അന്വേഷണത്തിന് നേതൃത്വം നൽകാൻ ഒരു സീനിയർ ഇൻവെസ്റ്റിഗേറ്റിംഗ് ഓഫീസറെയും നിയോഗിക്കുകയും, മൗണ്ട്ജോയ് ഗാർഡ സ്റ്റേഷനിൽ ഇൻസിഡന്റ് റൂം സജ്ജീകരിക്കുകയും ചെയ്തിട്ടുണ്ട്. സംഭവത്തിൽ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

സംഭവത്തിന് ദൃക്‌സാക്ഷികളായവരോ ഈ സംഭവവുമായി ബന്ധപ്പെട്ട് എന്തെങ്കിലും വിവരമുള്ളവരോ മുന്നോട്ട് വരണമെന്ന് ഗാർഡ അഭ്യർത്ഥിച്ചു.

2026 ജനുവരി 31 ശനിയാഴ്ച പുലർച്ചെ 1 മണിക്കും 1.30-നും ഇടയിൽ പ്രദേശത്ത് ഉണ്ടായിരുന്നവരും, ഇവിടെ കൂടി സഞ്ചരിക്കുന്നതിനിടെ കാർ ഡാഷ്‌ക്യാമറയിൽ ദൃശ്യങ്ങൾ പതിഞ്ഞവരും തങ്ങളെ ബന്ധപ്പെടണമെന്ന് ഗാർഡ അഭ്യർത്ഥിക്കുന്നു. ഇവർ മൗണ്ട്ജോയ് ഗാർഡ സ്റ്റേഷനുമായി (01) 666 8600 എന്ന നമ്പറിലോ, ഗാർഡ കോൺഫിഡൻഷ്യൽ ലൈനുമായി 1800 666 111 എന്ന നമ്പറിലോ, അല്ലെങ്കിൽ ഏതെങ്കിലും ഗാർഡ സ്റ്റേഷനുമായോ ബന്ധപ്പെടണം എന്നാണ് അഭ്യർത്ഥന. അന്വേഷണം തുടരുകയാണ്.

Share this news

Leave a Reply