ഡബ്ലിൻ എയർപോർട്ടിൽ യാത്രക്കാരുടെ എണ്ണം കുതിച്ചുയർന്നു; ജനുവരിയിൽ ചരിത്രത്തിലാദ്യമായി ദിവസം ഒരു ലക്ഷത്തിലധികം യാത്രക്കാർ

ജനുവരി മാസത്തിലെ ദൈനംദിന യാത്രക്കാരുടെ എണ്ണത്തില്‍ റെക്കോര്‍ഡിട്ട് ഡബ്ലിന്‍ എയര്‍പോര്‍ട്ട്. ആകെ 2.48 മില്യണ്‍ യാത്രക്കാരാണ് കഴിഞ്ഞ മാസം ഡബ്ലിന്‍ എയര്‍പോര്‍ട്ടിലൂടെ കടന്നുപോയത്. 2025 ജനുവരിയെ അപേക്ഷിച്ച് 14% അധികമാണിത്.

ജനുവരിയില്‍ തുടര്‍ച്ചയായ മൂന്ന് ദിവസങ്ങളില്‍ യാത്രക്കാരുടെ എണ്ണം ഒരു ലക്ഷം കടന്നതായും നടത്തിപ്പുകാരായ ഡിഎഎ പറഞ്ഞു. ഇതാദ്യമായാണ് ജനുവരി മാസത്തിലെ ഏതെങ്കിലും ദിവസം ഒരു ലക്ഷത്തിലധികം യാത്രക്കാര്‍ എയര്‍പോര്‍ട്ടിലെത്തുന്നത്. 112,227 യാത്രക്കാര്‍ എത്തിയ ജനുവരി 4 ആയിരുന്നു ഏറ്റവും തിരക്കേറിയ ദിവസം.

ജനുവരി മാസത്തില്‍ ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ നിന്നും ഏറ്റവുമധികം പേര്‍ യാത്ര ചെയ്തതത് ലണ്ടന്‍ ഹീത്രൂവിലേയ്ക്കാണ്. മാഞ്ചസ്റ്റര്‍, ആംസ്റ്റര്‍ഡാം, ലണ്ടന്‍ ഗാറ്റ്വിക്ക്, ലണ്ടന്‍ സ്റ്റാന്‍സ്‌റ്റെഡ് എന്നിവയാണ് യഥാക്രമം രണ്ട് മുതല്‍ അഞ്ച് വരെ സ്ഥാനങ്ങളില്‍.

സെന്റ് ബ്രിജിഡ്‌സ് ഡേയും, വീക്കെന്‍ഡില്‍ വരുന്ന വാലന്റൈന്‍സ് ഡേയും കാരണം ഫെബ്രുവരി മാസവും യാത്രക്കാരുടെ തിരക്ക് അനുഭവപ്പെടുമെന്നാണ് എയര്‍പോര്‍ട്ട് അധികൃതര്‍ പ്രതീക്ഷിക്കുന്നത്.

Share this news

Leave a Reply