വേൾഡ് ഇന്റർഫെയ്‌ത്ത്‌ വീക്കിന്റെ ഭാഗമായുള്ള സംഗീത പരിപാടി ശനിയാഴ്ച ഡബ്ലിനിൽ; പ്രവേശനം സൗജന്യം

വേള്‍ഡ് ഇന്റര്‍ഫെയ്ത്ത് ഹാര്‍മണി വീക്കിന്റെ ഭാഗമായി ഡബ്ലിനില്‍ സൗജന്യ കണ്‍സേര്‍ട്ട്. ഫെബ്രുവരി 7 ശനിയാഴ്ച ‘സൗണ്ട്‌സ് ഓഫ് ഹാര്‍മണി’ എന്ന പേരില്‍, സംഗീതത്തിലൂടെ വിശ്വാസം, സംസ്‌കാരം, ഒത്തൊരുമ, മനുഷ്യത്വം, വൈവിധ്യത എന്നിവയെ മനസിലാക്കുക ലക്ഷ്യമിട്ടാണ് പരിപാടി നടത്തപ്പെടുന്നത്. അതിലൂടെ മതം, വിശ്വാസം എന്നിവ മനുഷ്യരെ ഭിന്നിപ്പിക്കാനല്ല, മറിച്ച് ഒരുമിപ്പിക്കാനാണ് എന്ന സന്ദേശം പങ്കിടാനും ശ്രമിക്കുന്നു.

സൗത്ത് ഡബ്ലിനിലെ Firhouse-ലുള്ള Church of Scientology & Community Centre-ല്‍ വച്ച് ഉച്ചയ്ക്ക് ശേഷം 2 മണി മുതല്‍ 5 മണി വരെയാണ് പരിപാടി. പ്രവേശനം സൗജന്യമാണ്.

മിലാനില്‍ നിന്നുള്ള വയലിനിസ്റ്റും, സംഗീതസംവിധായകനുമായ സ്റ്റെഫാനോ ബോണ്‍വിനിയുടെ നേതൃത്വത്തില്‍ നടക്കുന്ന ലൈവ് സംഗീത പരിപാടികള്‍ പരിപാടിയുടെ ആകര്‍ഷണമാണ്. സിറിയന്‍-കുര്‍ദ്ദിഷ് ഗായകനായ മുഹമ്മദ് സിഫ്ഖാന്‍, ഉക്രേനിയന്‍ ഗിറ്റാറിസ്റ്റായ വിക്ടോറിയ ഴാഡ്‌കോ, ഐറിഷ് സംഗീതജ്ഞന്‍ ഡാനി കാര്‍ത്തി, ദി കിങ്ഡം മ്യൂസിക് ബാന്‍ഡ്, ഉക്രെയിന്‍ പോലീസ് ഓര്‍ക്കസ്ട്ര ഗായകനായ മൈക്കേല്‍ നോള്‍ബന്റോവ് എന്നിവരുടെ സംഗീതപരിപാടികള്‍ക്കൊപ്പം ഇന്തൊനേഷ്യന്‍ ഐറിഷ് അസോസിയേഷന്റെ പരമ്പരാഗത നൃത്തം, കെവിന്‍സ് കച്ചേരിയുടെ ഇന്ത്യന്‍ ക്ലാസിക്കല്‍ സംഗീതം എന്നിവയുമാണ് പ്രധാന പരിപാടികള്‍.

ഡബ്ലിനില്‍ നിന്നുള്ള സംഗീതജ്ഞനായ ആന്റണി കെവിനിന്റെ സഹകരണത്തോടുകൂടിയാണ് പരിപാടി സംഘടിപ്പിക്കപ്പെടുന്നത്. വിവിധ സംസ്‌കാരങ്ങളെ സംഗീതത്തിലൂടെ ഒന്നിപ്പിക്കുന്നതില്‍ ശ്രദ്ധ ചെലുത്തുന്ന സംഗീതജ്ഞനാണ് അദ്ദേഹം.

2010-ലാണ് യുണൈറ്റഡ് നേഷന്‍സ് ഫെബ്രുവരി 1 മുതല്‍ 7 വരെ എല്ലാ വര്‍ഷവും വേള്‍ഡ് ഇന്റര്‍ഫെയ്ത്ത് ഹാര്‍മണി വീക്കായി ആചരിക്കാന്‍ ആരംഭിച്ചത്. വിവിധ വിശ്വാസങ്ങളില്‍ ജീവിക്കുന്നവരെ ഒന്നിപ്പിക്കുകയും, മനുഷ്യര്‍ തമ്മിലുള്ള വേര്‍തിരിവുകള്‍ ഇല്ലാതാക്കുകയുമാണ് ഇതിന്റെ ലക്ഷ്യം.

പ്രവേശനം സൗജന്യമാണെങ്കിലും രജിസ്‌ട്രേഷന്‍ ആവശ്യമാണ്. http://Harmony2026.eventbrite.ie വഴി രജിസ്‌ട്രേഷന്‍ നടത്തി ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം.

കൂടുതല്‍ വിവരങ്ങള്‍ക്ക്:
Diana Stahl
Director of Public Affairs
Church of Scientology & Community Centre of Dublin
mediarelations@scientology.ie
01 541 8000

Share this news

Leave a Reply