അയർലണ്ടിൽ താപനില മൈനസ് നാലിലേയ്ക്ക് കൂപ്പുകുത്തും; മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്

അയര്‍ലണ്ടില്‍ ഈ വാരാന്ത്യം അന്തരീക്ഷ താപനില മൈനസ് നാല് ഡിഗ്രിയിലേയ്ക്ക് കൂപ്പുകുത്തുമെന്ന മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്. വെള്ളിയാഴ്ച രാത്രിയില്‍ താപനില മൈനസ് നാല് വരെ കുറയുമെന്നും, ശക്തമായ തണുപ്പ് അനുഭവപ്പെടുകയും, ഐസ് രൂപപ്പെടുകയും ചെയ്യുമെന്നും കാലാവസ്ഥാ വിദ്ഗദ്ധര്‍ അറിയിച്ചു.

രാജ്യത്ത് ഇന്ന് (വ്യാഴം) ഈര്‍പ്പമുള്ള കാലാവസ്ഥയും, മഴയും തുടരും. പ്രധാനമായും വടക്കന്‍ പകുതിയെയാണ് മഴ ബാധിക്കുക. തെക്കന്‍ പ്രദേശങ്ങളിലെ ചിലയിടങ്ങളില്‍ വെയില്‍ ലഭിച്ചേക്കും. ഇടയ്ക്കിടെ ഇവിടെ ചാറ്റല്‍ മഴയും ചെയ്യും. അതേസമയം ചിലയിടങ്ങളില്‍ മഴ ശക്തി പ്രാപിക്കുന്നത് മിന്നല്‍പ്രളയത്തിനും കാരണമാകാം. മൂന്ന് മുതല്‍ ഒമ്പത് ഡിഗ്രി വരെയാകും ഉയര്‍ന്ന താപനില.

രാത്രിയില്‍ തണുപ്പ് വര്‍ദ്ധിക്കുകയും, ഐസ് രൂപപ്പെടുന്നതിലേയ്ക്ക് നയിക്കുകയും ചെയ്യും. മൈനസ് രണ്ട് മുതല്‍ മൈനസ് മൂന്ന് ഡിഗ്രി വരെ താപനില കുറയും.

വെള്ളിയാഴ്ച രാവിലെ രാജ്യത്തെ പല പ്രദേശങ്ങളിലും ഐസ് കട്ടപിടിച്ച് കാണപ്പെടും. ദിവസം മുഴുവനും മിക്കവാറും വരണ്ടതായിരിക്കും. ഇടയ്ക്കിടെ വെയിലും ലഭിക്കും. പ്രധാനമായും കിഴക്ക്, വടക്ക് പ്രദേശങ്ങളില്‍ ഒറ്റപ്പെട്ട മഴയ്ക്കും, മഞ്ഞുവീഴ്ചയ്ക്കും സാധ്യതയുണ്ട്. മൂന്ന് മുതല്‍ ആറ് ഡിഗ്രി വരെയാകും ഉയര്‍ന്ന താപനില. രാത്രിയില്‍ ഇത് ഒരു ഡിഗ്രി മുതല്‍ മൈനസ് നാല് വരെ താഴ്‌ന്നേക്കാം.

ശനിയാഴ്ച രാവിലെ ശക്തമായ തണുപ്പാണ് അനുഭവപ്പെടുക. രാജ്യത്തുടനീളം മഞ്ഞ് കട്ടപിടിക്കുകയും ചെയ്യും. വാഹനങ്ങള്‍ റോഡില്‍ തെന്നിപ്പോകാന്‍ സാധ്യതയുള്ളതിനാല്‍ ഡ്രൈവര്‍മാര്‍ ജാഗ്രത പുലര്‍ത്തുക.

ഉച്ചയോടെ രാജ്യത്തിന്റെ പടിഞ്ഞാറന്‍ പകുതിയില്‍ മേഘം മൂടും. ഇത് വൈകുന്നേരത്തോടെ കിഴക്കോട്ടെത്തും. നാല് മുതല്‍ ഏഴ് ഡിഗ്രി വരെയാകും ഉയര്‍ന്ന താപനില. രാത്രിയില്‍ മഞ്ഞുവീഴ്ചയ്ക്കും സാധ്യതയുണ്ട്. ഒന്ന് മുതല്‍ അഞ്ച് ഡിഗ്രി വരെയാകും രാത്രിയിലെ ഉയര്‍ന്ന താപനില.

ഞായറാഴ്ച പൊതുവെ നല്ല വെയില്‍ ലഭിക്കും. ഇടയ്ക്കിടെ മഴയും പെയ്‌തേക്കും. തീരപ്രദേശങ്ങളില്‍ ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ മഴയ്ക്കും, ആലിപ്പഴം വീഴ്ചയ്ക്കും സാധ്യതയുണ്ട്. ഏഴ് മുതല്‍ 11 ഡിഗ്രി വരെയാകും ഉയര്‍ന്ന താപനില. രാത്രിയില്‍ വടക്ക്, വടക്കുപടിഞ്ഞാറന്‍ പ്രദേശങ്ങളില്‍ തുടര്‍ച്ചയായി മഴ പെയ്‌തേക്കും. ഇടിമിന്നലിനും സാധ്യതയുണ്ട്. ആറ് മുതല്‍ രണ്ട് ഡിഗ്രി വരെയാകും താപനില.

Share this news

Leave a Reply