ഒമാനെ അടിച്ചുപറത്തി അയർലണ്ട്; ടൂർണമെന്റിലെ ഏറ്റവുമുയർന്ന സ്‌കോർ നേടിക്കൊണ്ട് സൂപ്പർ 8 സാധ്യതകൾ സജീവമാക്കി പച്ചപ്പട

ട്വന്റി 20 മെന്‍സ് വേള്‍ഡ്കപ്പില്‍ ഇന്ന് നടന്ന പോരാട്ടത്തില്‍ ഒമാനെ തകര്‍ത്ത് അയര്‍ലണ്ട്. ഗ്രൂപ്പ് സ്റ്റേജിലെ ആദ്യ രണ്ട് മത്സരങ്ങളും തോറ്റതോടെ നിര്‍ണ്ണായകമായ മൂന്നാം മത്സരത്തിനിറങ്ങിയ ഐറിഷ് പട, ഒമാനെതിരെ 96 റണ്‍സിന്റെ വമ്പന്‍ വിജയമാണ് നേടിയത്. അയര്‍ലണ്ട് നേടിയ 235 റണ്‍സ്, ഇത്തവണത്തെ ടൂര്‍ണ്ണമെന്റിലെ ഇതുവരെയുള്ള ഏറ്റവുമുയര്‍ന്ന സ്‌കോറുമാണ്. ശ്രീലങ്കയോടും, ഓസ്‌ട്രേലിയയോടും തോറ്റെങ്കിലും ഈ വമ്പന്‍ വിജയത്തോടെ സൂപ്പര്‍ 8 സാധ്യത വര്‍ദ്ധിപ്പിച്ചിരിക്കുകയാണ് ഐറിഷ് ടീം.

സ്‌കോര്‍:
അയര്‍ലണ്ട് 235-5 (20 ഓവര്‍)
ഒമാന്‍ 139 ഓള്‍ ഔട്ട് (18 ഓവര്‍)

ആദ്യ ബാറ്റിങ്ങിനിറങ്ങിയ അയര്‍ലണ്ട് നിരയില്‍ ക്യാപ്റ്റന്‍ ലോര്‍ക്കന്‍ ടക്കര്‍ 51 പന്തില്‍ 94 റണ്‍സ് നേടി പുറത്താകാതെ നിന്നുകൊണ്ട് ഗംഭീര പ്രകടനമാണ് കാഴ്ചവച്ചത്. 10 ഫോറുകളും നാല് സിക്‌സറുകളുമാണ് ടക്കറിന്റെ ബാറ്റില്‍ നിന്നും പിറന്നത്. 30 പന്തില്‍ 56 റണ്‍സ് നേടി ഗ്യാരെത്ത് ഡെലാനിയും, ഒമ്പത് പന്തില്‍ അഞ്ച് സിക്‌സറുകളുടെ വെടിക്കെട്ടുമായി 35 റണ്‍സ് നേടിയ ജോര്‍ജ്ജ് ഡോക്ക്‌റെലും കൂടി തിളങ്ങിയതോടെ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 235 എന്ന മികച്ച സ്‌കോറില്‍ അയര്‍ലണ്ട് ഇന്നിങ്‌സ് അവസാനിപ്പിച്ചു.

മറുപടി ബാറ്റിങ്ങില്‍ ആമിര്‍ കലീം ഫിഫ്റ്റിയും (29 പന്തില്‍ 50), ഹമ്മദ് മിസ്ര 37 പന്തില്‍ 46 റണ്‍സും നേടിയെങ്കിലും മറ്റാര്‍ക്കും പിടിച്ചുനില്‍ക്കാന്‍ സാധിക്കാതെ വന്നതോടെ ഒമാന്റെ പോരാട്ടം 139 റണ്‍സില്‍ അവസാനിച്ചു. മൂന്ന് മത്സരങ്ങളും തോറ്റതോടെ ഒമാന്‍ സൂപ്പര്‍ 8 കാണാതെ പുറത്താകും.

ഇന്നത്തെ വിജയത്തോടെ അഞ്ചംഗ ഗ്രൂപ്പില്‍ നാലാം സ്ഥാനത്ത് എത്തിയ അയര്‍ലണ്ട് ചൊവ്വാഴ്ചത്തെ മത്സരത്തില്‍ സിംബാബ്വേയെ തോല്‍പ്പിച്ചാല്‍ ഗ്രൂപ്പില്‍ രണ്ടാം സ്ഥാനത്ത് എത്തുകയും, മറ്റ് മത്സരഫലങ്ങള്‍ കൂടി ഒത്തുവന്നാല്‍ സൂപ്പര്‍ 8 കളിക്കുകയും ചെയ്യും. കഴിഞ്ഞ ദിവസം സിംബാബ്വേയ്‌ക്കെതിരായ മത്സരത്തില്‍ ഓസ്‌ട്രേലിയ തോറ്റതാണ് സൂപ്പര്‍ 8 സാധ്യതകളാകെ മാറ്റിമറിച്ചത്.

Share this news

Leave a Reply