63,000 വിസാ അപേക്ഷകൾ നിരസിച്ചു, എങ്കിലും അയർലണ്ടിൽ ഇന്ത്യക്കാർക്ക് നേട്ടം

കഴിഞ്ഞ രണ്ട് വർഷത്തിനിടെ അയർലണ്ടിലേയ്ക്ക് വിസ അപേക്ഷ നൽകിയ ഏകദേശം 63,000 പേരുടെ അപേക്ഷകൾ നിരസിച്ചതായി
നീതിന്യായ വകുപ്പ്. വകുപ്പ് പുറത്തുവിട്ട കണക്കുകൾ പ്രകാരം 2024-ലും 2025-ലുമായി 321,000-ൽ അധികം വിസകൾ ആണ് അനുവദിച്ചത്.

ഇന്ത്യൻ പൗരത്വം ഉള്ളവരിൽ നിന്നും 2025-ൽ ലഭിച്ച വിസ അപേക്ഷകളിൽ 72,137 എണ്ണം പ്രോസസ്സ് ചെയ്തതായും, ഇതിൽ 92.4 ശതമാനം പേർക്കും വിസ അനുവദിച്ചതായും അധികൃതർ പറഞ്ഞു. മറുവശത്ത്, കിഴക്കൻ ആഫ്രിക്കൻ രാജ്യമായ ബുറുണ്ടിയിൽ നിന്നുള്ള 136 അപേക്ഷകളിൽ, 8.1 ശതമാനം ആളുകൾക്ക് – അതായത് ആകെ 11 പേർക്ക് – മാത്രമേ വിസ അനുവദിച്ചുള്ളൂ.

മൊത്തത്തിൽ, കഴിഞ്ഞ വർഷം അയർലണ്ടിലേക്ക് ബിസിനസ്, ജോലി അല്ലെങ്കിൽ വിനോദത്തിനായി 205,000-ൽ അധികം വിസാ അപേക്ഷകൾ ആണ് ലഭിച്ചത്. ഇതിൽ 195,000 അപേക്ഷകൾ പ്രോസസ്സ് ചെയ്ത് 161,084 കേസുകളിൽ വിസ അംഗീകരിച്ചപ്പോൾ 34,089 അപേക്ഷകൾ നിരസിക്കപ്പെട്ടു – അപ്രൂവൽ നിരക്ക് 82.5 ശതമാനം.

വിസ റിജക്റ്റ് ആകുന്ന ചില സന്ദർഭങ്ങൾ

നേരത്തെ അപ്രൂവൽ ലഭിച്ച വിസയിൽ അനുമതി കാലാവധിയിലും അധികം സമയം തങ്ങിയവർക്ക് പിന്നീട് വിസ ലഭിക്കാൻ പ്രയാസമാകുമെന്ന് അധികൃതർ പറയുന്നു. അതുപോലെ മുമ്പ് വിസ റിജക്റ്റ് ചെയ്തിട്ടുണ്ടെങ്കിൽ അത് മറച്ചു വയ്ക്കുന്നതിനായി പുതിയ പാസ്പോർട്ട്‌ എടുക്കുക, യാത്രയ്ക്ക് തൊട്ടു മുമ്പായി വലിയ ഒരു തുക ബാങ്കിൽ നിക്ഷേപിക്കുക മുതലായവ എളുപ്പത്തിൽ വിസ ലഭിക്കുന്നതിനുള്ള സൂത്രപ്പണികൾ ആണെന്നും അധികൃതർ വിശ്വസിക്കുന്നു. അതിനാൽ ആറ് മാസത്തെ ബാങ്ക് സ്റ്റേറ്റ്മെന്റ് അപേക്ഷയുടെ ഒപ്പം പരിഗണിക്കും. എന്നാൽ അടിയന്തര സാഹചര്യം ആണെങ്കിൽ മറ്റ് മാനദണ്ഡങ്ങൾ പാലിച്ചില്ലെങ്കിലും അനുകമ്പയുടെ പുറത്ത് അപേക്ഷ അപ്രൂവ് ചെയ്യാറുണ്ട്.

ട്രാവൽ ഹിസ്റ്ററി, സാമ്പത്തിക സ്ഥിരത, മുൻപ് ഇമിഗ്രേഷൻ നിയമങ്ങൾ ലംഘിച്ചിട്ടുണ്ടോ എന്നിവയാണ് വിസ അനുമതി നൽകണമോ എന്ന് തീരുമാനിക്കുമ്പോൾ പ്രധാന ഘടകങ്ങളായി പരിഗണിക്കുന്നത് എന്നും അധികൃതർ പറയുന്നു.

വിവിധ രാജ്യങ്ങളിൽ നിന്നുള്ളവരുടെ വിസ അപ്രൂവൽ നിരക്കുകൾ

വിസാ അപേക്ഷകൾ ഏറ്റവുമധികം നിരസിക്കപ്പെട്ടവർ ആഫ്രിക്കൻ രാജ്യങ്ങൾ നിന്നുള്ളവരാണ്. ഏറ്റവും കുറഞ്ഞ നിരക്ക് ബുറുണ്ടിക്കാണ് (അപ്രൂവൽ 8.1 ശതമാനം), കാമറൂണിൽ നിന്നുള്ള അപേക്ഷകൾക്കും (9 ശതമാനം) സമാനമായ കുറഞ്ഞ നിരക്ക് ആണ്.

അതേസമയം ഭൂട്ടാൻ, മോണ്ടിനെഗ്രോ, പപ്പുവ ന്യൂ ഗിനിയ എന്നിവിടങ്ങളിൽ നിന്നുള്ള അപേക്ഷകളിൽ 100 ശതമാനം പേർക്കും അപ്രൂവൽ ലഭിച്ചു. എന്നാൽ ഇവിടെ ടെ നിന്നുള്ള അപേക്ഷകൾ വളരെ കുറവായിരുന്നു എന്നതും കൂടി കണക്കിലെടുക്കണം.

ഇന്ത്യയ്ക്ക് ഒപ്പം റഷ്യ (94.5 ശതമാനം), ചൈന ( 95 ശതമാനം), ദക്ഷിണാഫ്രിക്ക (93.1 ശതമാനം) മുതലായ രാജ്യങ്ങളിൽ നിന്നുള്ള വിസാ അപേക്ഷകളിലും അപ്രൂവൽ നിരക്ക് വളരെ കൂടുതലാണ്.

Share this news

Leave a Reply