ട്വന്റി 20 വേൾഡ് കപ്പിലെ ഇന്നത്തെ മത്സരം മഴ മുടക്കിയതോടെ അയർലണ്ടും, കരുത്തന്മാരായ ഓസ്‌ട്രേലിയയും സൂപ്പർ 8 കാണാതെ ടൂർണമെന്റിനു പുറത്തേക്ക്. സിംബാബ്‌വെയെ തോൽപ്പിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ അയർലണ്ടിന് ഇനിയും മുന്നോട്ട് പോകാൻ സാധിച്ചേനെ. മഴ നിർത്താതെ പെയ്തതോടെ ടോസ് പോലും ഇടാതെയാണ് ശ്രീലങ്കയിലെ പല്ലക്കെലെയിൽ നടക്കാനിരുന്ന മത്സരം ഉപേക്ഷിച്ചത്.
തിങ്കളാഴ്ച നടന്ന മത്സരത്തിൽ അപ്രതീക്ഷിതമായി ശ്രീലങ്കയോട് എട്ട് വിക്കറ്റിന് പരാജയപ്പെട്ടതാണ് ഓസ്‌ട്രേലിയയ്ക്ക് തിരിച്ചടിയായത്. അതിന് മുമ്പത്തെ മത്സരം സിംബാബ്‌വെയോടും തോറ്റിരുന്നു.
മത്സരം ഉപേക്ഷിച്ചതോടെ അയർലണ്ടും സിംബാബ്‌വെയും ഓരോ പോയിന്റ് വീതം നേടി. ഇതോടെ സിംബാബ്‌വെ അഞ്ച് പോയിന്റുമായി നേടി സൂപ്പർ 8-ൽ കടന്നു. ഗ്രൂപ്പിൽ ഒന്നാം സ്ഥാനക്കാരായ ശ്രീലങ്ക നേരത്തെ തന്നെ സൂപ്പർ 8 ഉറപ്പിച്ചിരുന്നതിനാൽ അയലണ്ടും, ഓസ്‌ട്രേലിയയും ടൂർണമെന്റിൽ നിന്നും പുറത്താകുകയും ചെയ്തു. അയർലണ്ടിന് മൂന്ന് പോയിന്റ് ആണുള്ളത്. ഓസ്‌ട്രേലിയയ്ക്ക് രണ്ടും. ഒമാനെതിരായ അടുത്ത മത്സരം ജയിച്ചാലും ഓസ്ട്രേലിയയ്ക്ക് നാല് പോയിന്റ് മാത്രമേ ആകൂ.
സൂപ്പർ എട്ടിൽ കടന്നതോടെ 2028 ട്വന്റി20 ലോകകപ്പിനും സിംബാബ്‌വെ സ്വാഭാവിക യോഗ്യത നേടി. ഇതാദ്യമായാണ് സിംബാബ്‌വെ ട്വന്റി 20 ലോകകപ്പ് സൂപ്പർ 8-ൽ പ്രവേശിക്കുന്നത്.
സൂപ്പർ എട്ടിൽ ഇന്ത്യ ഉൾപ്പെടുന്ന ഗ്രൂപ്പ് ഒന്നിലാണ് അവർ. ദക്ഷിണാഫ്രിക്ക, വെസ്റ്റിൻഡീസ് എന്നിവരാണ് ഗ്രൂപ്പിലെ മറ്റു ടീമുകൾ.
ഗ്രൂപ്പ് എയിലെ രണ്ടാം സ്ഥാനക്കാരായി യുഎസ്എ, പാക്കിസ്ഥാന്‍ എന്നീ ടീമുകളിൽ ഒന്നുകൂടി സൂപ്പർ 8-ൽ എത്തും. നാളെ നമീബിയയ്ക്കെതിരായ മത്സരത്തിൽ ജയിച്ചാൽ പാക്കിസ്ഥാന് സൂപ്പർ എട്ടിൽ പ്രവേശിക്കാം. ഗ്രൂപ്പിൽ ഒന്നാം സ്ഥാനക്കാരായി ഇന്ത്യ നേരത്തെ തന്നെ സൂപ്പർ 8 റൗണ്ടിലേക്ക് മുന്നേറിയിരുന്നു.




