അയര്‍ലണ്ടിലെ കിഴക്കന്‍ തീരപ്രദേശങ്ങളിലെ ബീച്ചുകളില്‍ മരണത്തിന് വരെ കാരണമാകുന്ന വിഷസസ്യങ്ങള്‍ വന്നടിഞ്ഞതിനെ തുടര്‍ന്ന് ജാഗ്രതാ നിര്‍ദ്ദേശം. ഉള്ളിലെത്തിയാല്‍ ഒരു മണിക്കൂറിനുള്ളില്‍ മരണം വരെ സംഭവിക്കാവുന്ന ‘hemlock water dropwort’ അഥവാ ‘ഡെഡ് മാന്‍സ് ഫിംഗേഴ്സ്’ എന്ന സസ്യമാണ് ചില ബീച്ചുകളില്‍ കണ്ടെത്തിയിട്ടുള്ളത്. മനുഷ്യര്‍ക്കും മൃഗങ്ങള്‍ക്കും ഒരുപോലെ ദോഷകരമാണിവ.
ഒരാഴ്ച മുമ്പ് Co Meath-ലെ Bettystown, Laytown എന്നീ ബീച്ചുകളില്‍ ഈ സസ്യത്തിന്റെ വേരുകള്‍ വന്നടിഞ്ഞതിനെ തുടര്‍ന്ന് വിഷസസ്യങ്ങളെ കുറിച്ച് ക്ലാസ് എടുക്കുന്ന മാക്‌സ് കോഡി എന്നയാള്‍ ജനങ്ങളോട് ജാഗ്രത പാലിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് കൗണ്ടി വിക്ക്‌ലോയിലെ Brittas Bay ബീച്ചിലും ഇവ കണ്ടെത്തിയിരിക്കുന്നത്. ഇതിന് പുറമെ ഡബ്ലിനിലെ Malahide beach-ലും ഇവ വന്നടിഞ്ഞതായി ഫിന്‍ഗാള്‍ കൗണ്ടി കൗണ്‍സില്‍ അറിയിച്ചു. നേരത്തെ ഡബ്ലിനിലെ Bull Island-ലുള്ള Dollymount Beach-ലും ഇവ കണ്ടെത്തിയിരുന്നു.
ശക്തമായ മഴയെയും കാറ്റിനെയും തുടര്‍ന്ന് ഇവ വെള്ളത്തിലൂടെ ഒഴുകി വിവിധ പ്രദേശങ്ങളില്‍ എത്തിയതാകാമെന്നാണ് നിഗമനം.

Hemlock സസ്യങ്ങളുടെ കിഴങ്ങ് പോലെ കാണപ്പെടുന്ന വേരാണ് പലപ്പോഴും തീരപ്രദേശങ്ങളില്‍ വന്നടിയുന്നത്. ഈ സസ്യത്തിന്റെ ഇല തൊട്ടാല്‍, ശരീരത്തില്‍ അസ്വസ്ഥത അനുഭവപ്പെടുകയും, അവിടം തടിച്ച് വരികയും ചെയ്യാം. എന്നാല്‍ വയറ്റിലെത്തിയാല്‍ മരണം സംഭവിക്കുകയും ചെയ്യും. നാഡീവ്യൂഹത്തെയാണ് ഇതിലെ വിഷം ബാധിക്കുക. ശരീരത്തിലെ മുറിവില്‍ ഈ സസ്യം തൊട്ടാലും മരണകാരണമായേക്കാം.
ജനങ്ങളോട് ഈ സസ്യത്തിന്റെ അടുത്ത് പോകാതെ ജാഗ്രത പാലിക്കാനും, നായ്ക്കള്‍ അടക്കമുള്ള വളര്‍ത്തുമൃഗങ്ങള്‍ ഇവയുമായി സമ്പര്‍ക്കമുണ്ടാകാതെ സൂക്ഷിക്കുകയും ചെയ്യണമെന്നും വിക്ക്‌ലോ കൗണ്ടി കൗണ്‍സില്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പ്രളയത്തിലൂടെ രൂപപ്പെട്ട വെള്ളക്കെട്ടിലും, ബീച്ചിലും ഇവ കാണപ്പെടാം. കുട്ടികളെയും ഇവ തൊടാതെ പ്രത്യേകം സൂക്ഷിക്കുക.
Meath County Council-ഉം സമാനമായ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.




