അയർലണ്ടിൽ നിങ്ങൾക്ക് എത്രത്തോളം സുരക്ഷിതത്വം അനുഭവപ്പെടുന്നുണ്ട്? സർക്കാർ നടത്തുന്ന സർവേയിൽ പങ്കെടുത്ത് അഭിപ്രായങ്ങൾ രേഖപ്പെടുത്താം

ഇന്ത്യക്കാര്‍ അടക്കമുള്ളവര്‍ക്ക് നേരെ അയര്‍ലണ്ടില്‍ ഈയിടെയായി നടന്ന അക്രമസംഭവങ്ങള്‍ വലിയ വാര്‍ത്തയായിരുന്നു. ഇതില്‍ പലതും വംശീയമായ ആക്രമണങ്ങളായിരുന്നു എന്നത് സാഹചര്യത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുകയും ചെയ്തിരിക്കുകയാണ്. ഇതിന് പുറമെ നിരവധി അക്രമസംഭവങ്ങള്‍ രാജ്യത്തിന്റെ പല പ്രദേശങ്ങളിലായി ദിവസേനയെന്നോണം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുമുണ്ട്. ഈ സാഹചര്യത്തില്‍ ഇവിടുത്തെ ജനജീവിതം എത്രത്തോളം സുരക്ഷിതമാണ് എന്നറിയാനായി സര്‍ക്കാര്‍ തന്നെ നേരിട്ട് ഒരു അഭിപ്രായ സര്‍വേ നടത്താന്‍ രംഗത്തെത്തിയിരിക്കുകയാണ്.

പകല്‍ സമയത്ത് നിങ്ങള്‍ ജീവിക്കുന്ന പ്രദേശത്ത് സുരക്ഷിതത്വം തോന്നാറുണ്ടോ, രാത്രിയില്‍ എന്താണ് സ്ഥിതി, അയര്‍ലണ്ട് സുരക്ഷിതമായി ജീവിക്കാന്‍ സാധിക്കുന്ന രാജ്യമാണോ മുതലായ ചോദ്യങ്ങളാണ് ഈ സര്‍വേയില്‍ ചോദിക്കുന്നത്. ഒപ്പം പാര്‍ക്കുകള്‍, മറ്റ് പൊതുസ്ഥലങ്ങള്‍, പൊതുഗതാഗതസംവിധാനങ്ങള്‍, തെരുവുകള്‍ എന്നിവിടങ്ങളിലെല്ലാം നിങ്ങള്‍ക്ക് എത്രത്തോളം സുരക്ഷിതത്വം അനുഭവപ്പെടുന്നു എന്ന് അറിയാന്‍ സര്‍വേ ശ്രമിക്കുന്നുണ്ട്. നിങ്ങള്‍ക്ക് നേരിട്ട് അക്രമം നേരിടേണ്ടി വന്നിട്ടുണ്ടോ, തട്ടിപ്പ്, മോഷണം, വംശീയാതിക്രമം എന്നിവ നേരിടേണ്ടി വന്നിട്ടുണ്ടോ, മുതലായ ചോദ്യങ്ങളും സര്‍വേയില്‍ ഉള്‍പ്പെടുന്നു. സമൂഹത്തിലെ ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ എന്തെല്ലാം ചെയ്യാന്‍ സാധിക്കുമെന്ന് 100 വാക്കുകളില്‍ വിവരിക്കുകയും ചെയ്യാം.

രാജ്യത്ത് നീതിന്യായവകുപ്പ് പുതുതായി ആരംഭിച്ച National Office for Community Safety-ക്ക് കീഴിലുള്ള National Strategy for Improving Community Safety-യുടെ പുതിയ പ്രവര്‍ത്തനപദ്ധതികള്‍ എന്തെല്ലാമാണെന്ന് തീരുമാനിക്കുന്നതിന് ഈ സര്‍വേയിലെ അഭിപ്രായങ്ങള്‍ പരിഗണിക്കുന്നതാണ്. 2026 മാര്‍ച്ചില്‍ ഈ പദ്ധതികള്‍ പ്രസിദ്ധീകരിക്കും.

രാജ്യമെമ്പാടുമായി പുതിയ Local Community Safety Partnerships (LCSPs) രൂപീകരിക്കുക വഴി വിവിധ സര്‍ക്കാര്‍ സംവിധാനങ്ങള്‍ തമ്മില്‍ ഏകീകരണത്തോടെ പ്രവര്‍ത്തിച്ച് കുറ്റകൃത്യങ്ങള്‍ കുറയ്ക്കാന്‍ നടപടികള്‍ സ്വീകരിച്ചിരിക്കുകയാണ്. LCSPs-ന് മേല്‍നോട്ടം വഹിക്കുന്നത് The National Office for Community Safety ആണ്. നേരത്തെയുണ്ടായിരുന്ന Joint Policing Committees-ന് പകരമായാണ് LCSPs രൂപീകരിച്ചിരിക്കുന്നത്.

ഫെബ്രുവരി 27 വരെ പൊതുജനങ്ങള്‍ക്ക് സര്‍വേയില്‍ പങ്കെടുത്ത് അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും രേഖപ്പെടുത്താം. സര്‍വേയില്‍ പങ്കെടുക്കാനായി: https://www.gov.ie/en/department-of-justice-home-affairs-and-migration/consultations/national-strategy-for-improving-community-safety-online-survey/#i-want-to-do-the-survey-how-do-i-start

Share this news

Leave a Reply