20th ഡിസംബർ 2025.
ഡബ്ലിൻ എയർപോർട്ടിലെ മരവിപ്പിക്കുന്ന തണുപ്പിൽ നിന്നും ഖത്തർ എയർവേയ്‌സിന്റെ ബോയിംഗ് 787 വിമാനത്തിനുള്ളിലെ ഇളം ചൂടിലേക്ക് കയറുമ്പോൾ എല്ലാവരിലും ഒരേയൊരു തിടുക്കം മാത്രമേ ഉണ്ടായിരുന്നുള്ളൂ… എത്രയും വേഗം നാട്ടിലെത്തുക! പുറത്ത് ചാരനിറമുള്ള ആകാശം വിറങ്ങലിച്ചു നിൽക്കുകയാണ്.
പതിവിലും കൂടുതലായി ക്രിസ്മസ് അവധിക്ക് നാട്ടിലേക്ക് പോകുന്ന മലയാളികളുടെ ഒരു വലിയ സംഘം തന്നെ വിമാനത്തിലുണ്ട്. ഡബ്ലിൻ എയർപോർട്ടിലെ ‘ദി ലൂപ്പ്’ ഡ്യൂട്ടി ഫ്രീയിൽ നിന്ന് വാങ്ങിയ, ഐറിഷ് പ്രൗഢി വിളിച്ചോതുന്ന ആ വലിയ പച്ച നിറത്തിലുള്ള കവറുകൾ മിക്കവരുടെയും കൈകളിലുണ്ട്. അതിനുള്ളിലെ വിസ്കിയുടെയും പെർഫ്യൂമുകളുടെയും മണം ക്യാബിനുള്ളിൽ അങ്ങിങ്ങായി തങ്ങിനിൽക്കുന്നു.
“എന്റെ മോനേ.. ഒന്ന് അടങ്ങിയിരിക്ക്,” എന്ന് മക്കളെ ശാസിക്കുന്ന അമ്മമാർ.
“ഇതൊന്ന് മുകളിൽ വെക്കാൻ സഹായിക്കാമോ?” എന്ന കോട്ടയം ഭാഷയിലുള്ള അന്വേഷണങ്ങൾ.
ഇടുങ്ങിയ ഇടനാഴിയിൽ ട്രോളി ബാഗുകൾ ഓവർഹെഡ് ബിന്നിൽ കുത്തിക്കയറ്റാൻ പാടുപെടുന്ന യാത്രക്കാർ. ഇടയ്ക്കിടെ കേൾക്കുന്ന കൊച്ചു കുട്ടികളുടെ നിർത്താതെയുള്ള കരച്ചിലും, എല്ലാവരും ഒരുപോലെ മലയാളത്തിൽ സംസാരിക്കാൻ തുടങ്ങിയതോടെ ഉണ്ടായ ആ വലിയ ശബ്ദകോലാഹലവും ചേർന്ന് ഒരു ഉത്സവ പ്രതീതിയായിരുന്നു വിമാനത്തിനുള്ളിൽ.
എയർഹോസ്റ്റസുമാരുടെ കൃത്രിമമായ പുഞ്ചിരിയേക്കാൾ, നാട്ടിലേക്കുള്ള യാത്രയുടെ ആവേശത്തിൽ തിളങ്ങുന്ന മലയാളികളുടെ കണ്ണുകളായിരുന്നു ആ ക്യാബിനിലെ ഏറ്റവും വലിയ വിശേഷം.
“അപ്പച്ചാ… ഇത് നമ്മുടെ സീറ്റല്ല, ഇത് ഇരുപത്തിമൂന്നാണ്!” എന്ന് വിളിച്ചു പറയുന്ന ഒരു പെൺകുട്ടിയെ മറികടന്ന് ഞാൻ നീങ്ങി. എന്റെ സീറ്റിലെത്തിയപ്പോൾ കണ്ട കാഴ്ച എന്നെ അല്പം സന്തോഷിപ്പിച്ചു. മൂന്ന് സീറ്റുകളുള്ള ആ നിരയിൽ നടുവിലത്തെ സീറ്റും (33B), ജനാലയ്ക്കൽ ഉള്ള സീറ്റും (33C) അപ്പോൾ ഒഴിവുകിടക്കുകയാണ്. മനസ്സിനുള്ളിൽ ഒരു ചെറിയ മോഹം മൊട്ടിട്ടു, “ആരെങ്കിലും വന്നില്ലെങ്കിൽ വിൻഡോ സീറ്റിലേക്ക് മാറി ഇരിക്കാം.” ആകാശക്കാഴ്ചകൾ കണ്ട് ഒരു യാത്ര.
അഞ്ച് മിനിറ്റുകൾ കഴിഞ്ഞു കാണും, ഒരു മധ്യവയസ്കൻ എന്റെ സീറ്റിനടുത്തേക്ക് വന്നത്. നരച്ചു തുടങ്ങിയ മുടി ഭംഗിയായി ചീകിയൊതുക്കി, നല്ലൊരു ജാക്കറ്റും ധരിച്ച ഒരാൾ. ജാക്കറ്റിനുള്ളിലൂടെ അദ്ദേഹത്തിന്റെ കസവുള്ള വെള്ള ഷർട്ട് അല്പം കാണാമായിരുന്നു. കയ്യിലുണ്ടായിരുന്ന ആ വലിയ ഹാൻഡ് ബാഗ് ഓവർഹെഡ് ബിന്നിൽ കയറ്റി വെക്കാൻ അദ്ദേഹം അല്പം പാടുപെടുന്നുണ്ടായിരുന്നു. ജാക്കറ്റിന്റെ കനവും പ്രായത്തിന്റെ അവശതയും കാരണം കൈകൾ ഉയർത്താൻ അദ്ദേഹം ബുദ്ധിമുട്ടുന്നത് കണ്ടപ്പോൾ ഞാൻ സീറ്റിൽ നിന്നെഴുന്നേറ്റ് ആ ബാഗ് വാങ്ങി മുകളിലെ കബോർഡിൽ സുരക്ഷിതമായി വെച്ചു കൊടുത്തു.
“Thank you , dear…” വളരെ ശാന്തമായ ഒരു പുഞ്ചിരിയോടെ അദ്ദേഹം പറഞ്ഞു.
ആ മുഖത്ത് ഒരു വല്ലാത്ത പ്രസന്നതയുണ്ടായിരുന്നു. ആ കണ്ണുകളിൽ എന്തോ ഒരു തിളക്കമുണ്ടായിരുന്നു, ലോകം മുഴുവൻ കണ്ടുതീർത്ത ഒരാളുടെ പക്വതയുള്ള, എന്നാൽ ആർദ്രമായ ഒരു നോട്ടം. അദ്ദേഹം തന്റെ ജാക്കറ്റ് ഊരി മടക്കി വെച്ച് പതുക്കെ നടുവിലത്തെ സീറ്റിലേക്ക് ഇരുന്നു. അപ്പോഴും എന്റെ കണ്ണുകൾ ആ വിൻഡോ സീറ്റിലായിരുന്നു. ആരെങ്കിലും വരുന്നുണ്ടോ എന്ന് ഞാൻ ഇടയ്ക്കിടെ നോക്കിക്കൊണ്ടിരുന്നു.
മുഖത്തെ പുഞ്ചിരി മായാതെ അദ്ദേഹം എന്നോട് ചോദിച്ചു, “നാട്ടിൽ എവിടെയാ?”
” ഞാൻ ജോബി, മാവേലിക്കരയാണ്
വീട് ..ചേട്ടനോ? “
“ഞാൻ തോമസ് ; നെടുമ്പാശ്ശേരിയിൽ ഇറങ്ങിയാൽ അധികം ദൂരമില്ലാത്ത ഒരിടത്താണ്. വലിയ പള്ളിയും കവലയുമൊക്കെയുള്ള ആ പഴയ അങ്ങാടിപ്പട്ടണം…” അദ്ദേഹം ഒരു നിഗൂഢതയോടെ പറഞ്ഞു.
“അങ്കമാലിയാണോ?” എന്റെ ചോദ്യത്തിന് ഒരു മറുപുഞ്ചിരിയായിരുന്നു ഉത്തരം.
സമയം നീങ്ങുകയാണ്. വിൻഡോ സീറ്റിലേക്ക് ആരും വരുന്നത് കാണുന്നില്ല. ഞാൻ മെല്ലെ തോമസ് ചേട്ടനോട് ചോദിച്ചു, “ചേട്ടാ, ആ ജനാലയ്ക്കൽ ഉള്ള സീറ്റിലേക്ക് ആരും വരുന്നില്ലെന്ന് തോന്നുന്നു. എങ്കിൽ എനിക്ക് അങ്ങോട്ട് മാറാൻ പറ്റുമോ?”
തോമസ് ചേട്ടൻ ഒന്നു നോക്കി, പിന്നെ ശാന്തമായി പറഞ്ഞു, “ജോബി … ആ സീറ്റും ഞാൻ ബുക്ക് ചെയ്തതാണ്. എനിക്കും എന്റെ ഭാര്യ ജാൻസിക്കും വേണ്ടി എടുത്ത സീറ്റുകൾ…”
തോമസ്ചേട്ടൻ തുടർന്നു.. “ജാൻസിക്ക് വിൻഡോ സീറ്റ് വലിയ ഇഷ്ടമാണ്. അതുകൊണ്ട് ഞാൻ റിസ്ക് എടുത്തില്ല, രണ്ടും നേരത്തെ തന്നെ ബുക്ക് ചെയ്തു.”
വിമാനത്തിനുള്ളിലെ ബഹളങ്ങൾ ഒടുങ്ങി. എല്ലാവരും സീറ്റുകളിൽ ഇരുന്നു കഴിഞ്ഞു. എയർഹോസ്റ്റസ് സുരക്ഷാ നിർദ്ദേശങ്ങൾ നൽകിക്കൊണ്ട് കടന്നുപോയി. എന്റെ അടുത്തെത്തിയപ്പോൾ അവർ സീറ്റ് ബെൽറ്റ് ധരിക്കാൻ ആവശ്യപ്പെട്ടു.
ഞാൻ പതിഞ്ഞ സ്വരത്തിൽ പറഞ്ഞു, “ഒരാൾ കൂടി വരാനുണ്ട്, 33C-യിൽ.”
വിമാനം ടാക്സി ചെയ്യാൻ തുടങ്ങി. അനൗൺസ്‌മെന്റുകൾ മുഴങ്ങി. തോമസ് ചേട്ടൻ എന്നോട് പറഞ്ഞു, “ജോബി സീറ്റ് ബെൽറ്റ് ഇട്ടോളൂ.”
“ഇല്ല ചേട്ടാ, ചേച്ചി വന്നിട്ട് ഇടാം…അല്ലെങ്കിൽ വീണ്ടും ഞാൻ…….”
“ഇല്ല, ഇനി ആരും വരാനില്ല ജോബി . ജാൻസി ഇവിടെ തന്നെയുണ്ട്. അവൾ ആ ജനാലയിലൂടെ പുറത്തെ കാഴ്ചകൾ കാണുകയാണ്. നീ ധൈര്യമായി ബെൽറ്റ് ഇട്ടോളൂ.” വളരെ ശാന്തമായ ഒരു പുഞ്ചിരിയോടെ അദ്ദേഹം പറഞ്ഞു.
ഒരു നിമിഷം ഞാൻ നടുങ്ങിപ്പോയി. ഈ മനുഷ്യന് വട്ടാണോ? അതോ ഞാൻ വല്ല പ്രേതകഥയിലുമാണോ? എന്റെ മുഖത്തെ പേടി കണ്ടിട്ടാകണം അദ്ദേഹം വീണ്ടും പറഞ്ഞു, “എനിക്ക് ഭ്രാന്തൊന്നുമില്ല. ഞാൻ പറഞ്ഞത് സത്യമാണ്.”
വിമാനം പറന്നുയരുന്നതിന് തൊട്ടുമുമ്പ്, അദ്ദേഹം ഒഴിവുകിടന്ന 33C സീറ്റിലെ ബെൽറ്റ് വലിച്ചു മുറുക്കി. എന്റെ ഹൃദയം പടപടേ ഇടിക്കാൻ തുടങ്ങി. വിമാനം ഉയർന്നു കഴിഞ്ഞാലുടൻ എവിടെയെങ്കിലും വേറെ സീറ്റുണ്ടോ എന്ന് നോക്കി മാറണം എന്ന് ഞാൻ ഉറപ്പിച്ചു. പക്ഷേ ഫ്ലൈറ്റ് ഫുൾ ആയിരുന്നു.
ടേക്ക് ഓഫിന് ശേഷമുള്ള ആ നിശബ്ദതയിൽ ആ പരിചിതമായ ‘ടിങ്’ ശബ്ദത്തോടെ സീറ്റ് ബെൽറ്റ് സൈൻ അണഞ്ഞു. കൈകാലുകൾ ഒന്ന് കുടഞ്ഞ് മനസ്സിനെ ശാന്തമാക്കാൻ ഞാൻ ശ്രമിച്ചു. അപ്പോഴും തോമസ് ചേട്ടന്റെ കണ്ണുകൾ എന്റെ മുഖത്തായിരുന്നു. “മാനസികനില തെറ്റിയ ഒരാളുടെ അടുത്താണോ ഇരിക്കുന്നത് എന്ന് ജോബി സംശയിക്കുന്നുണ്ടോ?” എന്ന അദ്ദേഹത്തിന്റെ നേരായ ചോദ്യത്തിന് മുന്നിൽ ഞാൻ വല്ലാതെ വിക്കിപ്പോയി.
“അങ്ങനെയൊന്നുമില്ല ചേട്ടാ…” എന്ന് ഒഴുക്കൻ മട്ടിൽ പറയുമ്പോഴും എന്റെ ഉള്ളംകൈകൾ വിയർക്കുന്നുണ്ടായിരുന്നു.
“നിന്റെ വിചാരം എനിക്ക് മാനസിക നില തെറ്റിയതാണെന്നാവും. ഞാൻ തന്നെ സീറ്റ് ബുക്ക് ചെയ്യുന്നു, ആരുമില്ലാത്ത സീറ്റിൽ ബെൽറ്റ് ഇടുന്നു… പക്ഷേ ജോബി ……” തോമസ് ചേട്ടൻ ജനാലയ്ക്ക് പുറത്തെ അനന്തമായ ആകാശത്തേക്ക് നോക്കി ഒരു ദീർഘനിശ്വാസം വിട്ടു. വിമാനത്തിന്റെ എൻജിൻ ഇരമ്പൽ ഒഴിച്ചാൽ ഞങ്ങളുടെ ഇടയിൽ കുറച്ചുനേരം നിശബ്ദതയായിരുന്നു. പിന്നെ അദ്ദേഹം പതുക്കെ പറഞ്ഞു തുടങ്ങി.
“കഴിഞ്ഞ വർഷം… കൃത്യം ഇതേ ദിവസം, ഇതേ സമയം. എന്റെ ജീവിതത്തിലെ ഏറ്റവും നീണ്ട, ഏറ്റവും ഭയാനകമായ യാത്രയായിരുന്നു അത്. ചുറ്റും മുന്നൂറോളം യാത്രക്കാർ… ക്രിസ്മസ് ആഘോഷിക്കാൻ വീടുകളിലേക്ക് മടങ്ങുന്നവരുടെ സന്തോഷം, അവരുടെ ചിരികൾ, വർത്തമാനങ്ങൾ, കുട്ടികളുടെ കുസൃതികൾ… വിമാനം മുഴുവൻ ജീവന്റെ ആരവങ്ങളായിരുന്നു.
പക്ഷേ ജോബി, ആ ബഹളങ്ങൾക്കിടയിൽ ഞാൻ തനിച്ചായിരുന്നു. ഒരു തുള്ളി കണ്ണീർ പോലും വരാതെ, ശരീരം മുഴുവൻ മരവിച്ച് ഞാൻ ഈ സീറ്റിൽ ഇരുന്നു. കാരണം, ഞാനും ജാൻസിയും അന്ന് ഒരേ വിമാനത്തിലായിരുന്നുവെങ്കിലും, ഞങ്ങളുടെ ലോകങ്ങൾ രണ്ടായിരുന്നു.
ഞാൻ ഇവിടെ… ഈ പാസഞ്ചർ ക്യാബിനിലെ വെളിച്ചത്തിൽ, ചൂടിൽ, ജീവനുള്ള മനുഷ്യരുടെ നടുവിൽ… പക്ഷെ ജാൻസി..വിമാനത്തിന്റെ ഇരുണ്ട, തണുത്തുറഞ്ഞ കാർഗോ കമ്പാർട്ടുമെന്റിൽ… ലഗേജുകൾക്കിടയിൽ, ഒരു മരപ്പെട്ടിക്കുള്ളിൽ, ഒറ്റയ്ക്ക്…”
അദ്ദേഹത്തിന്റെ ശബ്ദം നേർത്തുപോയി. ഞാൻ അറിയാതെ ആ 33C സീറ്റിലേക്ക് നോക്കി. എന്റെ ഉള്ളിലൂടെ ഒരു മിന്നൽ കടന്നുപോയി. വിമാനത്തിന്റെ എൻജിൻ മുഴക്കത്തേക്കാൾ ഉച്ചത്തിൽ അദ്ദേഹത്തിന്റെ ഉള്ളിലെ കരച്ചിൽ എനിക്ക് കേൾക്കാമായിരുന്നു.
“നാല്പത് വർഷം” തോമസ് ചേട്ടൻ ജനാലയിലേക്ക് നോക്കി പുഞ്ചിരിച്ചു. എവിടെ പോകുമ്പോഴും എന്റെ കൂടെ കാണും. പക്ഷേ കഴിഞ്ഞ യാത്രയിൽ എനിക്ക് അവൾക്ക് നൽകാൻ കഴിയാതെ പോയ ഒന്നാണ് ഈ വിൻഡോ സീറ്റ്. അവൾക്ക് ജനാലയ്ക്കൽ ഇരുന്ന് താഴെ കാണുന്ന നഗരങ്ങളിലെ വെളിച്ചവും, കടലും, മേഘങ്ങളും കാണാൻ വലിയ ഇഷ്ടമായിരുന്നു. അതുകൊണ്ട് ഇത്തവണ ഞാൻ അവളെ തനിച്ചാക്കിയില്ല. റിട്ടയർമെന്റ് കഴിഞ്ഞ് ഞങ്ങൾ നാട്ടിലേക്ക് പോകുമ്പോൾ അവൾ ആഗ്രഹിച്ചതുപോലെ എന്റെ തൊട്ടടുത്ത്, ജനാലയ്ക്കൽ തന്നെ അവൾ ഇരിക്കണം. ഞങ്ങളുടെ അങ്കമാലിയിലെ ‘ഹെവൻലി’ എന്ന സ്വപ്നഭവനത്തിലേക്ക് അവൾ ഈ ജനാലയിലൂടെ നോക്കി ചിരിച്ചുകൊണ്ട് തന്നെ വരണം…”
തോമസ് ചേട്ടന്റെ മുഖത്ത് ഇപ്പോഴുള്ളത് വേദനയല്ല, മറിച്ച് പ്രിയപ്പെട്ടവൾക്ക് നൽകിയ വാക്ക് പാലിച്ചതിന്റെ ഒരു സംതൃപ്തിയായിരുന്നു.
“ജീവിതം ഇത്രയൊക്കെയുള്ളൂ ജോബി …. നമ്മൾ ഒരുപാട് സമ്പാദിക്കും, ഒരുപാട് ഓടും. പക്ഷേ ഒടുവിൽ ബാക്കിയാകുന്നത് പ്രിയപ്പെട്ടവർക്കൊപ്പം നമ്മൾ കരുതിവെക്കുന്ന ഇതുപോലെയുള്ള ഓർമ്മകൾ മാത്രമാണ്. ആ ഓർമ്മകളാണ് മരണത്തിന് ശേഷവും നമ്മെ ജീവിപ്പിക്കുന്നത്.”
തോമസ് ചേട്ടൻ തന്റെ ഷർട്ടിന്റെ പോക്കറ്റിൽ നിന്നും ഒരു പഴയ ഫോട്ടോ എടുത്തു. അതിൽ അദ്ദേഹവും ജാൻസിയും പിന്നെ പ്രസന്നമായി ചിരിക്കുന്ന ഒരു യുവതിയും രണ്ടു കുട്ടികളുമുണ്ടായിരുന്നു.
“ഞങ്ങളുടെ ഏക മകളാണ്, നിമ്മി. അവൾ ഇപ്പോൾ കാനഡയിൽ കുടുംബമായി സെറ്റിൽഡ് ആണ്. മരുമകനും കുട്ടികളും ഒക്കെയായി അവിടെ സന്തോഷമായി കഴിയുന്നു. ജാൻസി പോയ വിവരം അറിഞ്ഞ് അവൾ ഓടിയെത്തിയതാണ്. പിന്നീട് എന്നെ തനിച്ചാക്കി തിരിച്ചു പോകാൻ അവൾക്ക് വലിയ വിഷമമായിരുന്നു.”
പിന്നീടുള്ള യാത്രയിൽ ഞാൻ ഒന്നും സംസാരിച്ചില്ല. വിമാനം ഖത്തറിൽ ലാൻഡ് ചെയ്യാൻ തയ്യാറെടുക്കുമ്പോൾ തോമസ് ചേട്ടൻ തന്റെ ബാഗുകൾ ഒതുക്കി വെച്ചു. ആ 33C സീറ്റിൽ ഒരാൾ ഇരിക്കുന്നുണ്ടെന്ന് ഞാനും വിശ്വസിച്ചു തുടങ്ങി. വെള്ളിമേഘങ്ങൾക്കിടയിലൂടെ വിമാനം ഖത്തറിലേക്ക് താഴ്ന്നു പറക്കാൻ തുടങ്ങുമ്പോൾ, ആകാശത്തെ നഗരവിളക്കുകളുടെ മിന്നുന്ന കാഴ്ചകൾ കണ്ട് ജാൻസി ചേച്ചി സന്തോഷിക്കുന്നുണ്ടാകുമെന്ന് ഞാൻ ഉറച്ചു വിശ്വസിച്ചു. ഒരുപക്ഷേ, ആരും കാണാതെ ജാൻസി അദ്ദേഹത്തിന്റെ കൈകൾ ചേർത്തുപിടിച്ചിട്ടുണ്ടാകാം.
ആ ആൾക്കൂട്ടത്തിനിടയിലൂടെ അദ്ദേഹം നടന്നു നീങ്ങുന്നത് ഞാൻ നോക്കി നിന്നു. കയ്യിലൊരു ചെറിയ ബാഗുമായി നടന്നുപോകുന്ന ആ മധ്യവയസ്കൻ തനിച്ചാണെന്ന് കാണുന്നവർക്ക് തോന്നും. പക്ഷേ എനിക്കറിയാമായിരുന്നു, അദ്ദേഹത്തിന്റെ കൈകൾ കോർത്തുപിടിച്ച്, പ്രിയപ്പെട്ടവളുടെ ഓർമ്മകൾ ഒപ്പമുണ്ടെന്ന്.
ജീവിതം ശരിക്കും അത്ഭുതകരമാണ്, ഒരു വിമാനയാത്ര പോലെ… ആരൊക്കെയോ വരുന്നു, പോകുന്നു. പക്ഷേ ചിലർ മാത്രം നമ്മുടെ ഹൃദയത്തിലെ വിൻഡോ സീറ്റിൽ എന്നും ഉണ്ടാകും. മരണം പോലും മായ്ക്കാത്ത ആ പ്രണയത്തിന്റെ ഓർമ്മകൾ ബാക്കിവെച്ച് ഞാൻ എന്റെ അടുത്ത ഫ്ലൈറ്റ് ലക്ഷ്യമാക്കി നടന്നു…





