അയർലണ്ടിൽ കാറുകൾ തകർത്ത് പണം മോഷ്ടിക്കുക അടക്കം 54 കേസുകളിൽ പ്രതിയായ 15-കാരന് അഞ്ച് മാസത്തെ തടവ് ശിക്ഷ

മാസങ്ങളോളം നീണ്ടുനിന്ന വിവിധ കുറ്റകൃത്യങ്ങളുടെ പേരിൽ 15 വയസുകാരനെ അഞ്ച് മാസത്തെ തടവിന് ശിക്ഷിച്ച് ഡബ്ലിൻ ചിൽഡ്രൻസ് കോടതി. 14-ആം വയസ്സിൽ കുറ്റകൃത്യങ്ങൾ ആരംഭിച്ച ഈ ആൺകുട്ടിക്ക് എതിരെ, 2024 ഓഗസ്റ്റ് മുതൽ 2026 ജനുവരി വരെയുള്ള കാലയളവിൽ 17 വ്യത്യസ്ത ദിവസങ്ങളിലായി നടന്ന സംഭവങ്ങളിൽ 54 കേസുകളാണ് ചുമത്തിയിരിക്കുന്നത്. പ്രായപൂർത്തിയാകാത്തതിനാൽ കുട്ടിയുടെ പേര് വെളിപ്പെടുത്താൻ മാദ്ധ്യമങ്ങൾക്ക് നിയമപരമായ വിലക്കുണ്ട്.

വോക്കിൻസ്‌ടൗൺ (Walkinstown), ക്രംലിൻ (Crumlin), ടെമ്പിൾലോഗ് (Templeogue) തുടങ്ങി ഡബ്ലിനിലെ വിവിധ പ്രദേശങ്ങളിലും മീത്ത് (Meath), കിൽഡെയർ (Kildare) എന്നിവിടങ്ങളിലുമുള്ള വാഹനങ്ങളാണ് ഇയാൾ കുറ്റകൃത്യങ്ങൾക്ക് പ്രധാനമായും ലക്ഷ്യമിട്ടിരുന്നത്. വാഹന മോഷണം, നാശനഷ്ടങ്ങൾ വരുത്തുക, കാർ ജനലുകൾ തകർക്കുകയോ വാതിലുകൾ ബലമായി തുറക്കുകയോ ചെയ്യുക എന്നിവയായിരുന്നു പ്രധാന കുറ്റങ്ങൾ. മോഷണത്തിനായി ചില ആുധങ്ങളും ഇയാൾ ഉപയോഗിച്ചിരുന്നു. ഒരു കാറിൽ നിന്ന് 1,000 യൂറോ മോഷ്ടിച്ചതും, മറ്റൊരു ദിവസം ഏഴ് വാഹനങ്ങൾ ഒരേസമയം തകർത്ത് ഉള്ളിൽ കടന്നതും കുറ്റകൃത്യങ്ങളിൽ ഉൾപ്പെടുന്നു.

മയക്കുമരുന്നിന് അടിമയായതും തെറ്റായ സുഹൃദ്ബന്ധങ്ങളുമാണ് കുറ്റകൃത്യങ്ങളിലേക്ക് നയിച്ചതെന്ന് കുട്ടിയുടെ അഭിഭാഷകനായ ബ്രയാൻ കീനൻ കോടതിയിൽ ബോധിപ്പിച്ചു. കഴിഞ്ഞ ഏഴ് ആഴ്ചകളായി തടവിൽ കഴിയുന്ന കുട്ടി, തന്റെ തെറ്റുകൾ തിരിച്ചറിഞ്ഞതായും കുടുംബത്തിന്റെ പ്രാധാന്യം മനസ്സിലാക്കിയതായും അദ്ദേഹം പറഞ്ഞു. തടവ് ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങുമ്പോൾ മയക്കുമരുന്ന് ഉപയോഗം പൂർണ്ണമായും ഉപേക്ഷിച്ചാൽ മാത്രമേ കുട്ടിക്ക് ശരിയായ വഴിയിൽ മുന്നോട്ട് പോകാൻ കഴിയൂ എന്നും അഭിഭാഷകൻ കൂട്ടിച്ചേർത്തു. അമ്മയോടൊപ്പമാണ് കുട്ടി കോടതിയിലെത്തിയത്.

തുടർന്ന് ജഡ്ജി ബ്രണ്ടൻ ടോൾ അഞ്ച് മാസത്തെ തടവ് ശിക്ഷയാണ് കുട്ടിക്ക് വിധിച്ചത്.  ഇത് ജനുവരി മാസം മുതൽ കണക്കാക്കും. ശിക്ഷാ കാലാവധിക്ക് ശേഷം അടുത്ത അഞ്ച് മാസം കുട്ടി യാതൊരു കുറ്റകൃത്യങ്ങളിലും ഏർപ്പെടാൻ പാടില്ലെന്നും പ്രൊബേഷൻ സർവീസിന്റെ നിർദ്ദേശങ്ങൾ പാലിക്കണമെന്നും കോടതി ഉത്തരവിട്ടു.

Share this news

Leave a Reply