മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്ന ‘പേട്രിയറ്റി’ന് വിലക്കേർപ്പെടുത്തി തിയറ്റർ ഉടമകളുടെ സംഘടന

മമ്മൂട്ടിയും മോഹൻലാലും വർഷങ്ങൾക്ക് ശേഷം ഒന്നിക്കുന്ന ‘പേട്രിയറ്റ്’ എന്ന ചിത്രത്തിന്  തിയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്, പ്രദർശന വിലക്കേർപ്പെടുത്തിയതായി റിപ്പോർട്ട്. ചിത്രത്തിന്റെ ലാഭവിഹിതം പങ്കുവെക്കുന്നതുമായി ബന്ധപ്പെട്ട് നിർമ്മാതാവ് ആന്റോ ജോസഫ് മുന്നോട്ടുവെച്ച പുതിയ നിബന്ധനകളാണ് ഈ തർക്കത്തിന് കാരണമായതെന്നാണ് വിവരം.

സിനിമയുടെ ആദ്യ രണ്ടാഴ്ചത്തെ വരുമാനത്തിൽ 60 ശതമാനം നിർമ്മാതാവിനും ബാക്കി 40 ശതമാനം തിയേറ്റർ ഉടമകൾക്കും നൽകണമെന്നതായിരുന്നു നിർമ്മാതാവിന്റെ ആവശ്യം. എന്നാൽ ഈ നിർദ്ദേശം അംഗീകരിക്കാനാവില്ലെന്ന് വ്യക്തമാക്കിയ ഫിയോക്, ചിത്രവുമായി ബന്ധപ്പെട്ട കരാറുകളിൽ ഒപ്പിടരുതെന്ന് തങ്ങളുടെ അംഗങ്ങൾക്ക് കർശന നിർദ്ദേശം നൽകിയിരിക്കുകയാണ്.

മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ഈ ബിഗ് ബജറ്റ് ചിത്രത്തിൽ ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, നയൻതാര തുടങ്ങിയ വൻ താരനിര തന്നെ അണിനിരക്കുന്നുണ്ട്. നിലവിൽ ഏപ്രിൽ 23-നാണ് സിനിമയുടെ റിലീസ് നിശ്ചയിച്ചിരിക്കുന്നത്. എന്നാൽ നിർമ്മാതാക്കളും തിയേറ്റർ ഉടമകളും തമ്മിലുള്ള ഈ തർക്കം ഉടൻ പരിഹരിച്ചില്ലെങ്കിൽ ചിത്രത്തിന്റെ പ്രദർശനം നീണ്ടുപോയേക്കും.

Share this news

Leave a Reply