അയർലണ്ടിൽ വീട് വാങ്ങാൻ തയ്യാറെടുക്കുകയാണോ? ഹൗസിങ് ഫോർ ഓൾ, അയർലണ്ട്സ് ഹൗസിങ് പ്ലാൻ എന്നീ പേരുകളിൽ ‘സർക്കാർ കളിക്കുന്ന’ തട്ടിപ്പുകാരെ സൂക്ഷിക്കണമെന്ന് ഭവനവകുപ്പ്

താമസം വാഗ്ദാനം ചെയ്തുകൊണ്ട് അയക്കുന്ന വ്യാജ സന്ദേശങ്ങളെയും ഓൺലൈൻ പോസ്റ്റുകളെയും കുറിച്ച് അയർലൻഡ് ഭവന നിർമ്മാണ വകുപ്പ് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി അയർലണ്ട് ഭവനവകുപ്പ്. ‘ഹൗസിംഗ് ഫോർ ഓൾ’ (Housing for All), ‘അയർലണ്ട്സ് ഹൗസിംഗ് പ്ലാൻ’ (Ireland’s Housing Plan) എന്നീ പേരുകളിൽ നിരവധി തട്ടിപ്പുകൾ നിലവിൽ നടക്കുന്നുണ്ടെന്ന് വകുപ്പ് പ്രസ്താവനയിലൂടെ അറിയിച്ചു. പൊതുജനങ്ങൾക്ക് താമസം ഒരുക്കി നൽകുന്നുവെന്ന വ്യാജേനയാണ് ഇത്തരം തട്ടിപ്പുകാർ ആളുകളെ സമീപിക്കുന്നത്.

പൊതുജനങ്ങൾ ഇക്കാര്യത്തിൽ അതീവ ജാഗ്രത പാലിക്കണമെന്ന് വകുപ്പ് അഭ്യർത്ഥിച്ചു. ഔദ്യോഗിക ഗവൺമെന്റ് വെബ്‌സൈറ്റുകൾ മാത്രം ഉപയോഗിക്കാനും, സംശയാസ്പദമായി തോന്നുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്യുകയോ മറുപടി നൽകുകയോ ചെയ്യരുതെന്നും നിർദ്ദേശമുണ്ട്. താമസ സൗകര്യം നൽകുന്നതുമായി ബന്ധപ്പെട്ട് വകുപ്പ് നേരിട്ട് പൊതുജനങ്ങളെ ബന്ധപ്പെടാറില്ലെന്നും, വ്യക്തിഗത വിവരങ്ങൾ ആവശ്യപ്പെടാറില്ലെന്നും അധികൃതർ വ്യക്തമാക്കി.

ഇത്തരത്തിലുള്ള വ്യാജ സന്ദേശങ്ങൾ ലഭിക്കുന്നവർ അത് ഗാഡഡയുടെ ശ്രദ്ധയിൽപ്പെടുത്തണമെന്നും പ്രസ്താവനയിൽ നിർദ്ദേശമുണ്ട്. ഇത്തരക്കാർ അയയ്ക്കുന്ന ലിങ്കുകൾ വഴി വിവരങ്ങൾ കൈമാറിയിട്ടുള്ളവർ ജാഗ്രത പാലിക്കുകയും, തട്ടിപ്പിന് ഇരയായെന്ന് ബോധ്യപ്പെട്ടാൽ അക്കാര്യം മടി കൂടാതെ ഗാർഡയെ അറിയിക്കുകയും വേണം. ഡാറ്റ ദുരുപയോഗം ചെയ്യപ്പെടാൻ സാധ്യതയുള്ളതിനാൽ ബാങ്കുകളിലോ മറ്റ് ബന്ധപ്പെട്ട സ്ഥാപനങ്ങളിലോ വിവരം അറിയിച്ച് ആവശ്യമായ മുൻകരുതലുകൾ എടുക്കേണ്ടതുമാണ്.

ഈ വിഷയം ഗാർഡാ ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്തതായും വകുപ്പ് അറിയിച്ചു. തട്ടിപ്പുകളിൽ വീഴാതിരിക്കാൻ ഡിജിറ്റൽ ഇടപാടുകളിൽ അതീവ ശ്രദ്ധ പുലർത്തണമെന്നും, ഏതുതരം സർക്കാർ സേവനങ്ങൾക്കായും എപ്പോഴും ഔദ്യോഗിക ചാനലുകൾ മാത്രം ആശ്രയിക്കുക എന്നതാണ് സൈബർ തട്ടിപ്പുകളെ പ്രതിരോധിക്കാനുള്ള പ്രധാന മാർഗ്ഗം എന്നും പ്രസ്താവന ആവർത്തിച്ചു വ്യക്തമാക്കി.

Share this news

Leave a Reply