‘പുലിവാൽ കല്യാണം’ യഥാർത്ഥത്തിൽ സലിം കുമാറിന്റെ സിനിമയാണെന്ന് തുറന്നു പറഞ്ഞ് നടൻ ജയസൂര്യ. തന്റെ പുതിയ ചിത്രമായ ‘ആട് 3’-യുടെ പ്രചരണാർത്ഥം നൽകിയ അഭിമുഖത്തിലാണ് താരം ഈ രസകരമായ കാര്യം പങ്കുവെച്ചത്. ചിത്രത്തിൽ താനായിരുന്നു നായകനെങ്കിലും, സലിം കുമാർ അനശ്വരമാക്കിയ ‘മണവാളൻ’ എന്ന കഥാപാത്രമാണ് സിനിമയിലുടനീളം തിളങ്ങി നിന്നതെന്നും ജയസൂര്യ ഓർത്തെടുത്തു.
ഷാഫി സംവിധാനം ചെയ്ത് 2003-ൽ പുറത്തിറങ്ങിയ ഈ സൂപ്പർഹിറ്റ് കോമഡി ചിത്രത്തിൽ സലിം കുമാറിന്റെ മണവാളനും കൊച്ചിൻ ഹനീഫയുടെ ധർമേന്ദ്രയും തമ്മിലുള്ള തകർപ്പൻ കോമ്പിനേഷൻ രംഗങ്ങൾ ഇന്നും മലയാളികളെ പൊട്ടിച്ചിരിപ്പിക്കുന്നവയാണ്. മണവാളനെ പോലെ ധർമ്മേന്ദ്രയ്ക്കും ആരാധകർ ഏറെയുണ്ട്. ജയസൂര്യ, കാവ്യ മാധവൻ, ലാൽ എന്നിവർക്കൊപ്പം ജഗതി ശ്രീകുമാർ, ലാലു അലക്സ് തുടങ്ങിയ വലിയൊരു താരനിര തന്നെ അണിനിരന്ന സിനിമയുടെ തിരക്കഥ ഒരുക്കിയത് ഉദയകൃഷ്ണ-സിബി കെ. തോമസ് കൂട്ടുകെട്ടായിരുന്നു.
അതേസമയം, മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്യുന്ന ‘ആട് 3’-ലൂടെ തന്റെ ഹിറ്റ് കഥാപാത്രമായ ഷാജി പാപ്പനായി വീണ്ടും എത്താനുള്ള തയ്യാറെടുപ്പിലാണ് ജയസൂര്യ. ഇത്തവണ ഒരു എപിക്-ഫാന്റസി മൂഡിലായിരിക്കും ചിത്രം ഒരുങ്ങുകയെന്നും, മുൻപത്തെപ്പോലെ തന്നെ പ്രേക്ഷകർ ഈ ഭാഗത്തെയും ഹൃദയപൂർവ്വം സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് താനെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മാർച്ച് 19-ന് ചിത്രം തിയറ്ററുകളിലെത്തും.




