‘ആൾ മാറിപ്പോയതാണ്, എനിക്ക് കാണാൻ ഒരുപോലുള്ള 9 സഹോദരങ്ങളുണ്ട്’; ഡബ്ലിനിൽ നാടുകടത്തൽ തടഞ്ഞതിന് അറസ്റ്റ് ചെയ്യപ്പെട്ടയാൾ കോടതിയിൽ

ഡബ്ലിന്‍ വിമാനത്താവളത്തില്‍ വെച്ച് നാടുകടത്തപ്പെടുന്നത് വിസമ്മതിച്ച നൈജീരിയന്‍ സ്വദേശി, തന്നെ അധികൃതര്‍ക്ക് മാറിപ്പോയതാണെന്നും, തനിക്ക് ഒരേപോലെയുള്ള ഒമ്പത് സഹോദരന്മാരുണ്ടെന്നും (Decuplet) കോടതിയില്‍. ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തിന് തടസം സൃഷ്ടിച്ച സംഭവത്തില്‍ അറസ്റ്റ് ചെയ്യപ്പെട്ട 28-കാരനായ സാം ഒക്വോഹയെ (Sam Okwuoha) തിങ്കളാഴ്ച ഡബ്ലിന്‍ ജില്ലാ കോടതിയില്‍ ഹാജരാക്കിയപ്പോഴായിരുന്നു പ്രതി ഇങ്ങനെ അവകാശപ്പെട്ടത്.

2026 ജനുവരി 6-ന് നീതിന്യായ മന്ത്രി ഒപ്പിട്ട നാടുകടത്തല്‍ ഉത്തരവ് പ്രകാരം മാര്‍ച്ച് 6-ന് ഡബ്ലിന്‍ വിമാനത്താവളത്തില്‍ വെച്ച് ഡിറ്റക്റ്റീവ് ഗാര്‍ഡ ഗ്രഹാം ഡിലന്റെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തി എന്നതാണ് പ്രതിക്ക് എതിരായ കുറ്റം. നാടുകടത്തപ്പെടുന്നത് തടയാന്‍ ശ്രമിച്ചതോടെ ഇയാളെ ഗാര്‍ഡ അറസ്റ്റ് ചെയ്തു.

എന്നാല്‍ കുറ്റം ചുമത്തിയപ്പോള്‍ ‘ഞാന്‍ ആ വ്യക്തിയല്ല’ എന്നായിരുന്നു ഇയാളുടെ മറുപടി. താന്‍ ഒരേ പോലുള്ള പത്ത് സഹോദരങ്ങളില്‍ (Decuplets) ഒരാളാണെന്നും, സഹോദരങ്ങളില്‍ ഒരാള്‍ക്ക് പകരമായാണ് താന്‍ അയര്‍ലണ്ടിലെത്തയത് എന്നും പ്രതിഭാഗം അഭിഭാഷകന്‍ വഴി ഇയാള്‍ കോടതിയെ അറിയിച്ചു. ഒരേ ഗര്‍ഭത്തില്‍ തന്നെ പത്ത് മക്കളുണ്ടാകുന്ന വളരെ അപൂര്‍വ്വമായ കാര്യമാണ് decuplets.

എന്നാല്‍ പ്രതിയെ തിരിച്ചറിയുന്ന കാര്യത്തില്‍ നൂറ് ശതമാനം ഉറപ്പുണ്ടെന്നും, ഔദ്യോഗിക അധികൃതര്‍ ഇത് സ്ഥിരീകരിച്ചിട്ടുണ്ടെന്നും ഗാര്‍ഡ കോടതിയില്‍ പറഞ്ഞു. പ്രതി മുമ്പും വ്യാജ പേരുകളും വ്യത്യസ്ത ജനനത്തീയതികളും നല്‍കി കോടതിയില്‍ ഹാജരാകാതെ ഇരുന്ന ചരിത്രമുണ്ടെന്നും അതിനാല്‍ ജാമ്യം അനുവദിക്കരുതെന്നും വിചാരണയില്‍ ഗാര്‍ഡ വാദിച്ചു.

പരമാവധി 12 മാസം തടവോ പിഴയോ ലഭിക്കാവുന്ന കുറ്റമാണിത്. പ്രതിക്ക് നിയമപരമായ നിരപരാധിത്വ ആനുകൂല്യം ഉണ്ടെങ്കിലും, നിലവിലെ തെളിവുകളുടെ അടിസ്ഥാനത്തില്‍ ജഡ്ജി ജാമ്യം നിഷേധിച്ചു. ഇയാളെ റിമാന്‍ഡ് ചെയ്യുകയും വെള്ളിയാഴ്ച വീണ്ടും കോടതിയില്‍ ഹാജരാക്കാന്‍ ഉത്തരവിടുകയും ചെയ്തു.

Share this news

Leave a Reply