ആദ്യ ചിത്രമായ ‘ആട്’ തിയറ്ററില്‍ പരാജയമായിരുന്നെങ്കിലും പിന്നീട് കള്‍ട്ട് ക്ലാസിക് പദവി നേടിയെടുത്ത ചിത്രമാണ്. ഇതോടെ പിന്നാലെയെത്തിയ ആട് 2 വമ്പന്‍ വിജയവും നേടി. ഇപ്പോഴിതാ മാര്‍ച്ച് 19-ന് ആട് 3-യും റിലീസിനൊരുങ്ങുകയാണ്.
എന്നാല്‍ ആട് മൂന്നാം ഭാഗത്തോടെ താന്‍ ഈ ഫ്രാഞ്ചൈസ് നിര്‍ത്തുകയാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ്. ആട് 3 രണ്ട് ഭാഗങ്ങളായാണ് എത്തുക എന്നും, ഈയാഴ്ച പുറത്തിറങ്ങുന്ന ആദ്യ ഭാഗത്തിന് മികച്ച പ്രതികരണം ലഭിച്ചാല്‍ മാത്രമേ രണ്ടാം ഭാഗം എത്തൂ എന്നും ക്ലബ്ബ് എഫ്എമ്മിന് നല്‍കിയ അഭിമുഖത്തില്‍ മിഥുന്‍ വെളിപ്പെടുത്തി. അതേസമയം ഇതേ കഥാപാത്രങ്ങളെ വച്ച് മറ്റാരെങ്കിലും സ്പിന്‍ ഓഫ് സിനിമകള്‍ ചെയ്യുന്നതിന് സമ്മതമാണെന്നും അദ്ദേഹം പറയുന്നു.
‘ആട് ഫ്രാഞ്ചൈസ് ഞാന്‍ അവസാനിപ്പിക്കുകയാണ്. ഇനി മറ്റാരെങ്കിലുമൊക്കെ റീവാംബ് ചെയ്യട്ടെ. അങ്ങനേയും ചെയ്യാമല്ലോ. ഈ കഥാപാത്രങ്ങളൊക്കെ അവിടെ തന്നെയുണ്ടല്ലോ. മറ്റാര്‍ക്കെങ്കിലും സ്പിന്‍ ഓഫ് എടുക്കാം. അത് ഫ്രൈഡേ ഫിലിം ഹൗസിന്റെ തീരുമാനമാണ്. തീര്‍ച്ചയായും അത് അങ്ങനെയാണ് സംഭവിക്കേണ്ടത്. ഒരു ജനറേഷന്‍ ഒരു കഥാപാത്രത്തെ എടുത്ത് ചെയ്യുന്നു. അത് കഴിഞ്ഞ് വരുന്ന ഫിലിംമേക്കേഴ്സ് റീവാംബ് ചെയ്യുന്നു. അങ്ങനൊക്കെ വന്നിട്ടുണ്ട്. സിനിമയില്‍ അങ്ങനൊക്കെ സംഭവിക്കാറുണ്ട്. ബ്ലേഡ് റണ്ണറില്‍ നമ്മള്‍ അന്ന് കണ്ട ടേക്ക് അല്ല ഇപ്പോള്‍ വന്നത്. ഇഷ്ടപ്പെടുന്ന ഫിലിം മേക്കേഴ്സ് അടുത്ത തലമുറയില്‍ ഉണ്ടെങ്കില്‍ അവര്‍ക്ക് ചെയ്യാം. അങ്ങനെയാണ് അതിന്റെ രീതി. അങ്ങനെയേ ചെയ്യാവൂ. നമ്മള്‍ തന്നെ മരിക്കുവോളം ആട് ചെയ്യുക എന്നതല്ല” മിഥുന്‍ മാനുവല്‍ പറയുന്നു.
‘പ്രേക്ഷകര്‍ അവസരം തന്നാല്‍ ആട് ത്രീ രണ്ടാംപര്‍ട്ടിലൂടെ ഈ യൂണിവേഴ്സ് അവസാനിപ്പിക്കും. അതും പ്രേക്ഷകര്‍ അവസരം തന്നാല്‍. ഇല്ലെങ്കില്‍ ഇതോടെ അവസാനിക്കും [ആട് 3 ആദ്യ ഭാഗത്തിലൂടെ]. നാല് സിനിമയൊക്കെ പോരെ. ആ കഥാപാത്രത്തിന് ഒരു ഗ്ലോറിയസ് എക്സിറ്റ് കൊടുത്താല്‍ പ്രേക്ഷകരുടെ മനസില്‍ ഉണ്ടാകും. ആര്‍ക്കങ്കിലുമൊക്കെ ചെയ്യാം. അത് നിര്‍മാതാവിന്റെ തീരുമാനമാണ്. വിജയ് ബാബു സമ്മതിച്ചു. ഇപ്പോള്‍ അങ്ങനെയാണ് തിരക്കഥ സെറ്റ് ചെയ്ത് വച്ചിരിക്കുന്നതും. ഞാന്‍ മാറുന്നുവെന്നേയുള്ളൂ. ആര്‍ക്കു വേണെങ്കിലും തുടരാം” എന്നും സംവിധായകന്‍ പറയുന്നു.
എന്നിരുന്നാലും ആട് ഫ്രാഞ്ചൈസ് താന്‍ അവസാനിപ്പിക്കുന്നതില്‍ വിഷമമുണ്ടെന്നും മിഥുന്‍ തുറന്നുപറയുന്നുണ്ട്. പക്ഷെ വിഷമത്തേക്കാളുപരിയായി നല്ല രീതിയില്‍ നിര്‍ത്തുക എന്നതാണ് തന്റെ ഹൈ എന്നും അദ്ദേഹം പറയുന്നു.




