പുതിയ ലഹരിമരുന്നുകൾ കൂടുതൽ അപകടകാരികൾ, ഒരേ മരുന്നിൽ തന്നെ അഞ്ചോളം ഘടകങ്ങൾ: മുന്നറിയിപ്പുമായി എച്ച്എസ്ഇ

ലഹരിമരുന്ന് വിപണിയിലെ പുതിയ മാറ്റങ്ങളെക്കുറിച്ചും പുത്തന്‍ മരുന്നുകള്‍ ഉയര്‍ത്തുന്ന വലിയ അപകടസാധ്യതകളെക്കുറിച്ചും പൊതുജനങ്ങളെ ബോധവാന്മാരാക്കാന്‍ എച്ച്എസ്ഇ പ്രചാരണം ആരംഭിച്ചു. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലും പ്രായഭേദമന്യേ ലഹരിമരുന്ന് ഉപയോഗം നടക്കുന്നുണ്ടെന്നും പബ്ബുകള്‍, ക്ലബ്ബുകള്‍, വീടുകള്‍ എന്നിവിടങ്ങളിലെല്ലാം ലഹരിമരുന്ന് ഉപയോഗം നടക്കുന്നുണ്ടെന്ന് അധികൃതര്‍ക്ക് അറിയാമെന്നും എച്ച്എസ്ഇ എമര്‍ജിംഗ് ഡ്രഗ് ട്രെന്‍ഡ്സ് മാനേജര്‍ നിക്കി കില്ലീന്‍ പ്രചാരണത്തിന്റെ ഭാഗമായി സംസാരിക്കവേ RTE-യോട് പറഞ്ഞു. നിലവില്‍ വിപണിയിലുള്ള ഉയര്‍ന്ന വീര്യമുള്ള പൊടികളെയും മരുന്നുകളെയും കുറിച്ചുള്ള അവബോധം സൃഷ്ടിക്കാനാണ് എച്ച്എസ്ഇ ഇപ്പോള്‍ ശ്രമിക്കുന്നത്. ഇതുവഴി ഈ വീക്കെന്‍ഡില്‍ ലഹരി ഉപയോഗിക്കാന്‍ സാധ്യതയുള്ളവര്‍ക്ക് നിലവിലുള്ള അധിക അപകടസാധ്യതകളെക്കുറിച്ച് ബോധ്യം വരുത്താന്‍ കഴിയുമെന്നും കില്ലീന്‍ കൂട്ടിച്ചേര്‍ത്തു.

പ്രധാനമായും ‘പിങ്ക് കൊക്കെയ്ന്‍’ എന്നറിയപ്പെടുന്ന പിങ്ക് നിറത്തിലുള്ള പൗഡര്‍ അഥവാ പൊടിയാണ് വലിയ ആശങ്കയുണ്ടാക്കുന്നത്. പേരില്‍ കൊക്കെയ്ന്‍ എന്നുണ്ടെങ്കിലും ഇതില്‍ യഥാര്‍ത്ഥത്തില്‍ കൊക്കെയ്ന്‍ അടങ്ങിയിട്ടില്ല. പകരം കെറ്റമിന്‍ പോലുള്ള അപകടകരമായ പദാര്‍ത്ഥങ്ങളുടെ മിശ്രിതമാണ് ഇതിലുള്ളത്. 3എംഎംസി (3MMC) എന്ന ഉത്തേജക മരുന്നിനെക്കുറിച്ചും ആശങ്കകള്‍ നിലനില്‍ക്കുന്നുണ്ട്. ഒരുതരം stimulent cathinone ആണിത്.

കൂടാതെ അയര്‍ലണ്ടില്‍ ഇതിനുമുമ്പ് കാണപ്പെടാത്ത പുതിയൊരു ലഹരിമരുന്നും കണ്ടെത്തിയിട്ടുണ്ട്. ഇതുമൊരു സ്റ്റിമുലന്റ് ആണ്. നിറമുള്ള കൊക്കെയ്ന്‍ ആണെന്ന് തോന്നാമെങ്കിലും ഇതില്‍ അഞ്ച് വ്യത്യസ്ത തരം മരുന്നുകള്‍ വരെ അടങ്ങിയിരിക്കാന്‍ സാധ്യതയുണ്ട്. അതിനാല്‍ ഇത് ഉപയോഗിക്കുന്നത് അതീവ അപകടരവുമാണ്.

പുതിയ ലഹമരിമരുന്നുകള്‍ പലതും ഇത്തരത്തില്‍ മരണത്തിന് വരെ കാരണമാകുന്ന തരത്തില്‍ അതീവ അപകടസാധ്യതയുള്ളതാണെന്ന് ജനങ്ങള്‍, പ്രത്യേകിച്ച് ലഹരി ഉപയോഗിക്കുന്നവര്‍, മനസിലാക്കണമെന്നും കില്ലീന്‍ പറയുന്നു. എംഡിഎംഎ അടക്കമുള്ള പല ലഹരിവസ്തുക്കളും വലിയ ഡോസിലാണ് ഇന്ന് ആളുകള്‍ ഒറ്റത്തവണ തന്നെ ഉപയോഗിക്കുന്നത് എന്നും, ഇത് അപകടസാധ്യത വളരെയധികം വര്‍ദ്ധിപ്പിക്കുമെന്നും അവര്‍ ഓര്‍മ്മിപ്പിച്ചു.

Share this news

Leave a Reply