ബോംബ് ഭീഷണികൾ, കല്ലേറ്, ലോക്കോ പൈലറ്റിന്റെ കണ്ണിലേക്ക് സൂര്യപ്രകാശം അടിക്കൽ: രണ്ട് വർഷത്തിനിടെ അയർലണ്ടിൽ ട്രെയിനുകൾ വൈകാൻ കാരണമായ സംഭവങ്ങൾ ഇവ

ബോംബ് ഭീഷണികൾ, കുട്ടികൾ കല്ലെറിയുന്നത്, സൂര്യപ്രകാശം കണ്ണിലടിക്കുന്നത്, റെയിൽവേ ട്രാക്കുകളിൽ മൃഗങ്ങൾ അലഞ്ഞുതിരിയുന്നത് എന്നിവയടക്കം അയർലണ്ടിൽ കഴിഞ്ഞ രണ്ട് വർഷത്തിനിടെ ട്രെയിനുകൾ ആകെ 2,000 മണിക്കൂറോളം വൈകിയതായി ഐറിഷ് റെയിൽ. 2024, 2025 വർഷങ്ങളിൽ 7,500-ലധികം ട്രെയിനുകളാണ് ഇത്തരത്തിൽ വൈകിയത് എന്നും റെയിൽവേ ഓപ്പറേറ്റർ പറഞ്ഞു.

വിവരവകാശ നിയമപ്രകാരം പുറത്തുവിട്ട കണക്കുകൾ അനുസരിച്ച്, മരം വീഴുന്നത് പോലുള്ള ലളിതമായ സംഭവങ്ങൾ പോലും വലിയ തോതിലുള്ള പ്രത്യാഘാതങ്ങൾ ഉണ്ടാക്കാറുണ്ടെന്ന് റെയിൽവേ പറയുന്നു. 2024-ൽ, ഒരു മരം വീണത് മൂലം 251 വ്യത്യസ്ത സർവീസുകൾ ആകെ 6,400 മിനിറ്റ് – അഥവാ 106 മണിക്കൂർ – വൈകി. അതുപോലെ കഴിഞ്ഞ വർഷം ഒരു യാത്രക്കാരന് പെട്ടെന്ന് സുഖമില്ലാതായതിനെ തുടർന്നുണ്ടായ സംഭവങ്ങളിൽ 623 ട്രെയിനുകൾ കൂടി 8,736 മിനിറ്റാണ് വൈകിയത്.

അതേസമയം ട്രാക്കിലൂടെ ആളുകൾ അതിക്രമിച്ച് കയറുന്നത് ആവർത്തിച്ചുള്ള പ്രശ്നങ്ങൾക്ക് കാരണമാകുന്നുണ്ടെന്ന് ഐറിഷ് റെയിൽ പറയുന്നു. 2024-ലെ ഒരു സംഭവത്തിൽ, ആളുകൾ ട്രാക്കിൽ ഇറങ്ങിയത് കാരണം 590 സർവീസുകൾക്കായി ആകെ 113 മണിക്കൂർ നഷ്ടമായി.
ട്രാക്കിലേക്ക് മൃഗങ്ങൾ അലഞ്ഞുതിരിഞ്ഞു വരുന്നതാണ് തടസ്സങ്ങളുടെ മറ്റൊരു പ്രധാന കാരണം. 2024, 2025 വർഷങ്ങളിൽ കന്നുകാലികളും വളർത്തുമൃഗങ്ങളും ട്രാക്കിൽ കയറിയത് മൂലം നൂറുകണക്കിന് സർവീസുകൾ വൈകിയിരുന്നു.

ട്രക്കുകളോ കാറുകളോ റെയിൽവേ പാലങ്ങളിൽ ഇടിക്കുന്നത് മറ്റൊരു പതിവ് പ്രശ്നമാണ്. ഇത്തരം സന്ദർഭങ്ങളിൽ പാലത്തിന്റെ ഘടന സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തുന്നത് വരെ ട്രെയിനുകൾക്ക് കാത്തുനിൽക്കേണ്ടി വരുന്നു. ഐറിഷ് റെയിലിന്റെ കണക്കുകൾ പ്രകാരം, 2024-ൽ മാത്രം ഇത്തരം സംഭവങ്ങൾ ഏകദേശം 500 സർവീസുകളെ ബാധിച്ചു.

അക്രമ സംഭവങ്ങളും സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളും നിരന്തരമായ പ്രശ്നങ്ങളായി തുടരുന്നുണ്ടെന്നത് ഗൌരവകരമാണ്. ട്രെയിനിന് നേരെ കല്ലെറിയുക, ട്രാക്കിൽ വസ്തുക്കൾ ഉപേക്ഷിക്കുക, അല്ലെങ്കിൽ ഓവർഹെഡ് പവർ ലൈനുകളിൽ തടസ്സമുണ്ടാക്കുക എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഇവ കൂടാതെ ബോംബ് ഭീഷണികൾ, റെയിൽവേ ലൈനുകൾക്ക് സമീപമുള്ള തീപിടുത്തങ്ങൾ, ഉരുൾപൊട്ടൽ എന്നിവയും സർവീസ് തടസ്സപ്പെടാൻ കാരണമായി ഐറിഷ് റെയിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

മൂടൽമഞ്ഞ്, ഇടിമിന്നൽ, കൊടുങ്കാറ്റ്, വെള്ളപ്പൊക്കം, മഞ്ഞുവീഴ്ച എന്നിവയെല്ലാം ഡസൻ കണക്കിന് സർവീസുകളെ ബാധിച്ചതായും രേഖപ്പെടുത്തിയിട്ടുണ്ട്. കൂടുതൽ അസാധാരണമായ കാരണങ്ങളിൽ ഡ്രൈവറുടെ കാഴ്ചയെ ബാധിക്കുന്ന ശക്തമായ സൂര്യപ്രകാശം അടിച്ചത്, ഒരാൾ പ്ലാറ്റ്‌ഫോമിൽ ട്രാക്കിലേക്ക് കാലുകൾ തൂക്കിയിട്ടിരുന്ന സംഭവം എന്നിവയും ഉൾപ്പെടുന്നു.
അനധികൃതമായി ട്രെയിനിൽ നിന്ന് ഇറങ്ങുക, തെറ്റായ സർവീസിൽ കയറുക, യാത്രക്കാർ വാതിലുകൾ അടയാതെ പിടിച്ചു വെക്കുക എന്നിവയും ഇത്തരത്തിൽ ട്രെയിൻ വൈകാനുള്ള അസാധാരണമായ കാരണങ്ങളിൽ പെടുന്നു. ട്രെയിനിന് പുറത്ത് ഒരാൾ തൂങ്ങിക്കിടന്ന് യാത്ര ചെയ്ത സംഭവവും റിപ്പോർട്ട് ചെയ്യപ്പെട്ടതായി റെയിൽവേ പറയുന്നു. ഇത് ഒരു സർവീസിനെ ചെറിയ രീതിയിൽ ബാധിക്കകുയും ചെയ്തു.

സുരക്ഷാ ഉപകരണങ്ങളിൽ ഇടപെടുക, വാതിൽ നീങ്ങുന്നത് തടയുന്ന തരത്തിൽ വസ്തുക്കൾ വെക്കുക, സർവീസ് നടത്തുന്നത് പിൻവലിക്കേണ്ടി വരുന്ന രീതിയിലുള്ള ഗൗരവകരമായ ഗ്രാഫിറ്റി എഴുതി വയ്ക്കുക തുടങ്ങിയ സംഭവങ്ങളും ഐറിഷ് റെയിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

Share this news

Leave a Reply