അഭിനയശേഷിക്ക് പകരം ജാതകം നോക്കി താരങ്ങളെ നിശ്ചയിക്കുന്ന ബോളിവുഡിലെ പുതിയ പ്രവണതക്കെതിരെ രൂക്ഷ വിമർശനവുമായി നടി ഫലഖ് നാസ് രംഗത്ത്. സിനിമാ-സീരിയൽ മേഖലയിൽ കഴിവുള്ളവർക്ക് അവസരം നിഷേധിക്കപ്പെടാൻ ഇത്തരം അന്ധവിശ്വാസങ്ങൾ കാരണമാകുന്നുവെന്ന് താരം സോഷ്യൽ മീഡിയയിലൂടെ വെളിപ്പെടുത്തി. നേരത്തെ അഭിനയ മികവും, പിന്നീട് ഇൻസ്റ്റഗ്രാം ഫോളോവേഴ്‌സിന്റെ എണ്ണവും നോക്കി അവസരങ്ങൾ നൽകിയിരുന്ന ഇൻഡസ്ട്രിയിൽ ഇപ്പോൾ ജാതകത്തിന് പ്രാധാന്യം നൽകുന്ന വിചിത്രമായ രീതിയാണ് തുടങ്ങിയിരിക്കുന്നതെന്ന് താരം പരിഹസിച്ചു.
തനിക്ക് നേരിട്ടുണ്ടായ ഒരു അനുഭവം പങ്കുവെച്ചുകൊണ്ടാണ് ഫലഖ് ഈ വെളിപ്പെടുത്തൽ നടത്തിയത്. ഒരു പ്രമുഖ പ്രൊഡക്ഷൻ ഹൗസിൽ നിന്നും ഓഡിഷന്റെ ഭാഗമായി വിളിച്ചപ്പോൾ ലുക്ക് ടെസ്റ്റിന് പകരം തന്റെ ജനനത്തീയതിയും സമയവും സ്ഥലവുമാണ് അവർ ആവശ്യപ്പെട്ടത്. ഈ വിവരങ്ങൾ വെച്ച് ജാതകം പരിശോധിക്കുമെന്നും താരം ആ വേഷം ചെയ്താൽ ഷോ ഹിറ്റാകുമോ എന്ന് നോക്കാനാണെന്നുമാണ് അവർ നൽകിയ വിശദീകരണം. കഴിഞ്ഞ പതിനഞ്ച് വർഷമായി കഴിവിന്റെ മാത്രം പിൻബലത്തിൽ ഈ മേഖലയിൽ നിൽക്കുന്ന തനിക്ക് ഇത് അംഗീകരിക്കാനാവില്ലെന്നും താരം വ്യക്തമാക്കി.
ഇത്തരം വിവരക്കേടുകൾ പ്രോത്സാഹിപ്പിക്കാൻ കഴിയില്ലെന്ന് പ്രഖ്യാപിച്ച നടി ആ പ്രൊഡക്ഷൻ ഹൗസിനൊപ്പം പ്രവർത്തിക്കില്ലെന്ന് തീരുമാനമെടുക്കുകയും ചെയ്തു. ജാതകപ്പൊരുത്തം നോക്കി നടത്തുന്ന വിവാഹങ്ങൾ പോലും പരാജയപ്പെടുന്ന ഈ കാലത്താണോ ഒരു ഷോ വിജയിപ്പിക്കാൻ ഇത്തരമൊരു മാർഗ്ഗം സ്വീകരിക്കുന്നതെന്നും താരം ചോദിക്കുന്നു.
ലോകപ്രശസ്തമായ ‘ഗെയിം ഓഫ് ത്രോൺസ്’ പോലുള്ള പരമ്പരകൾ വിജയിച്ചത് ഇത്തരത്തിൽ ജാതകം നോക്കിയാണോ എന്ന് പരിഹസിച്ച താരം ബോളിവുഡിലെ ഈ പുതിയ രീതിക്കെതിരെ ശക്തമായ പ്രതിഷേധമാണ് രേഖപ്പെടുത്തിയത്. കലയേക്കാൾ കൂടുതൽ അന്ധവിശ്വാസങ്ങൾക്ക് പ്രാധാന്യം നൽകുന്ന പ്രവണത ഇൻഡസ്ട്രിയുടെ നിലവാരത്തെ തകർക്കുമെന്നും താരം ഓർമ്മിപ്പിച്ചു. ഫലഖിന്റെ ഈ വെളിപ്പെടുത്തൽ സോഷ്യൽ മീഡിയയിൽ ചർച്ചയായിട്ടുണ്ട്.




