‘നാനും റൗഡി താൻ’ സിനിമയുടെ കഥ കേട്ട് ഉറങ്ങിപ്പോയി, ചില സംവിധായകർ വിളിച്ചാൽ കഥ പോലും കേൾക്കാതെ അഭിനയിക്കും: വിജയ് സേതുപതി

പ്രിയപ്പെട്ട സംവിധായകരോടുള്ള സൗഹൃദത്തിന്റെയും വിശ്വാസത്തിന്റെയും പുറത്ത് കഥ പോലും പൂർണ്ണമായി കേൾക്കാതെ പല സിനിമകളും താൻ ഏറ്റെടുത്തിട്ടുണ്ടെന്ന് നടൻ വിജയ് സേതുപതി. ഈയിടെ നൽകിയ നൽകിയ അഭിമുഖത്തിലാണ് സേതുപതിയുടെ വെളിപ്പെടുത്തൽ. അതുപോലെ വിഘ്നേഷ് ശിവൻ സംവിധാനം ചെയ്ത സൂപ്പർഹിറ്റ് ചിത്രം ‘നാനും റൗഡി താൻ’ എന്ന സിനിമയിൽ അഭിനയിക്കാൻ തനിക്ക് തുടക്കത്തിൽ ഒട്ടും താല്പര്യമില്ലായിരുന്നുവെന്നും കഥ കേട്ടപ്പോൾ താൻ ഉറങ്ങിപ്പോയെന്നും അദ്ദേഹം മനസുതുറന്നു.

വിഘ്നേഷ് ശിവന്റെ ആദ്യ ചിത്രമായ ‘പോടാ പോടി’ തനിക്ക് ഏറെ ഇഷ്ടപ്പെട്ട ഒന്നായിരുന്നുവെന്നും ആ സംവിധായകനിലുള്ള വിശ്വാസം കൊണ്ടാണ് ‘നാനും റൗഡി താൻ’ ചെയ്യാൻ തീരുമാനിച്ചതെന്നും വിജയ് സേതുപതി വ്യക്തമാക്കി. അതുപോലെ തന്നെ വെട്രിമാരനെപ്പോലുള്ള സംവിധായകർ വിളിക്കുമ്പോൾ കഥയെന്താണെന്ന് പോലും ചോദിക്കാറില്ലെന്നും അദ്ദേഹം പറഞ്ഞു. രജനികാന്തിനോടുള്ള ആരാധന മൂലമാണ് അദ്ദേഹത്തിനൊപ്പം സിനിമ ചെയ്തതെന്നും തന്റെ സിനിമാ ജീവിതത്തെ പറ്റി സംസാരിക്കവേ സേതുപതി കൂട്ടിച്ചേർത്തു.

സിനിമ എന്ന വ്യവസായം മൊത്തത്തിൽ നന്നാവുമ്പോഴാണ് താനും നന്നാവുന്നത്. തന്റെ സാന്നിധ്യം കൊണ്ട് ഒരു സിനിമയ്ക്ക് ഗുണമുണ്ടാകുമെങ്കിൽ അത് ചെയ്യണമെന്നായിരുന്നു ആദ്യകാലത്തെ ചിന്ത. എന്നാൽ ചെറിയ വേഷങ്ങൾ തുടർച്ചയായി ചെയ്തത് തന്റെ കരിയറിനെ ബാധിച്ചു തുടങ്ങിയപ്പോൾ നിർമ്മാതാക്കളുടെ നിർദ്ദേശപ്രകാരം അത്തരം റോളുകൾ നിയന്ത്രിക്കാൻ തീരുമാനിച്ചു- അദ്ദേഹം വെളിപ്പെടുത്തി.

2015-ൽ നയൻതാരയെ നായികയാക്കി വിഘ്നേഷ് ശിവൻ ഒരുക്കിയ ‘നാനും റൗഡി താൻ’ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെടുകയും തിയേറ്ററുകളിൽ വിജയിക്കുകയും ചെയ്ത ചിത്രമാണ്. തനിക്ക് താല്പര്യമില്ലാതെ ചെയ്ത സിനിമയാണെന്ന് വിജയ് സേതുപതി ഇപ്പോൾ പറയുന്നുണ്ടെങ്കിലും, പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ച ഒരു കഥാപാത്രമായിരുന്നു അതിലേത്.

Share this news

Leave a Reply