അയര്‍ലണ്ടിലെ 8-12 പ്രായക്കാരായ ഭൂരിപക്ഷം കുട്ടികളും എപ്പോള്‍ വേണമെങ്കിലും ഓണ്‍ലൈനിലെ അപരിതരായവരുടെ കുരുക്കിലും, അനുയോജ്യമല്ലാത്ത ഉള്ളടക്കങ്ങളിലും ചെന്നുപെടാന്‍ സാധ്യതയുണ്ടെന്ന് പഠന റിപ്പോര്‍ട്ട്. രാജ്യത്തെ 3,300 കുട്ടികള്‍, 1,700 രക്ഷിതാക്കള്‍ എന്നിവരെ പങ്കെടുപ്പിച്ചുകൊണ്ടാണ് ഓണ്‍ലൈന്‍ സേഫ്റ്റി ചാരിറ്റിയായ ‘സൈബര്‍ സേഫ് കിഡ്‌സ്’ നടത്തിയ പഠനത്തിലാണ് ആശങ്കാജനകമായ ഈ കണ്ടെത്തല്‍.
പഠനത്തില്‍ പങ്കെടുത്തവരില്‍ തങ്ങള്‍ ഓണ്‍ലൈനില്‍ എന്തെല്ലാം ചെയ്യുന്നു എന്ന് തങ്ങളുടെ രക്ഷിതാക്കള്‍ക്ക് അറിയാമെന്നും, അത് നിയന്ത്രിക്കാന്‍ അവര്‍ക്ക് സാധിക്കുമെന്നും വെളിപ്പെടുത്തിയത് 39% കുട്ടികളാണ്. അതായത് ബാക്കി 41% കുട്ടികളും എപ്പോള്‍ വേണമെങ്കിലും ഓണ്‍ലൈനിലെ കഴുകന്മാര്‍ക്ക് ഇരകളാകാം എന്നര്‍ത്ഥം. അതുപോലെ കുട്ടികള്‍ക്ക് അനുയോജ്യമല്ലാത്ത ഉള്ളടക്കം ഇവര്‍ക്ക് സുലഭമായി ലഭിക്കാനും സാധ്യതയുണ്ട്. അതിനൊപ്പം തന്നെ ഈ പ്രായത്തിലുള്ള 93% കുട്ടികളും ഗെയിമിങ്, മറ്റ് കാര്യങ്ങള്‍ എന്നിവയ്ക്കായി സ്ഥിരമായി ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരാണ് എന്നും ഓര്‍മ്മിക്കുമ്പോഴാണ് വിഷയത്തിന്റെ തീവ്രത മനസിലാകുക.
2025 ജൂലൈ മുതല്‍ രാജ്യത്ത് സോഷ്യല്‍ മീഡിയ ഉപയോഗിക്കാനുള്ള കുറഞ്ഞ പ്രായം 13 ആക്കി ഐറിഷ് സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നിരുന്നു. എന്നാല്‍ ഇപ്പോഴും 8-12 പ്രായക്കാരായ 69% കുട്ടികള്‍ക്കും നിയമപരമായി 13 വയസ് തികഞ്ഞാല്‍ മാത്രം അക്കൗണ്ട് എടുക്കാവുന്ന ഒരു സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമിലെങ്കിലും അക്കൗണ്ട് ഉണ്ടെന്ന് പഠനം കണ്ടെത്തിയിട്ടുണ്ട്. 12 വയസുകാരുടെ മാത്രം കാര്യമെടുത്താന്‍ ഇത് 79% ആയി ഉയരും.
സര്‍വേയില്‍ പങ്കെടുത്ത 17% കുട്ടികളും തങ്ങളുടെ അക്കൗണ്ടില്‍ തങ്ങള്‍ക്കറിയാത്ത സുഹൃത്തുക്കള്‍ അല്ലെങ്കില്‍ ഫോളോവേഴ്‌സ് ഉണ്ട് എന്ന് വെളിപ്പെടുത്തിയിട്ടുണ്ട്. 21% കുട്ടികളാകട്ടെ ആര്‍ക്കും കാണാന്‍ പറ്റുന്ന തരത്തില്‍ തങ്ങളുടെ അക്കൗണ്ട് ‘പബ്ലിക്’ ആക്കി വച്ചിരിക്കുകയുമാണ്. 31% കുട്ടികളും തങ്ങളുടെ ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുമുണ്ട്.
ഓണ്‍ലൈനിലെ അപകടങ്ങളെ പറ്റി പല കുട്ടികള്‍ക്കും കാര്യമായ അറിവില്ല എന്ന് വ്യക്തമാക്കുന്നതാണ് ഈ പഠനം. അതുപോലെ രക്ഷിതാക്കള്‍ തങ്ങളുടെ കുട്ടികള്‍ ഓണ്‍ലൈനില്‍ എന്തെല്ലാം ചെയ്യുന്നു എന്ന് പരിശോധിക്കുന്നതില്‍ പിന്നോട്ടാണ് എന്നും പഠനം വ്യക്തമാക്കുന്നു.




