18 വയസിനു താഴെയുള്ളവർ ഇ-സ്കൂട്ടർ ഉപയോഗിക്കുന്നതിന് അയർലണ്ടിൽ നിരോധനം

By Rose Malayalam Desk

18 വയസ്സിന് താഴെയുള്ള കുട്ടികളും കൗമാരക്കാരും പൊതുസ്ഥലങ്ങളിൽ ഇ-സ്കൂട്ടറുകൾ ഉപയോഗിക്കുന്നതിന് അയർലണ്ടിൽ നിരോധനം. ഗുരുതരമായ പരിക്കുകളും അപകടകരമായ ഉപയോഗവും തടയുക എന്ന ലക്ഷ്യത്തോടെയുള്ള പുതിയ നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വന്നതോടെ ഇന്നലെ മുതൽ ആണ് ഇവയുടെ ഉപയോഗത്തിൽ നിരോധനം നിലവിൽ വന്നത്.

ഇ-സ്കൂട്ടറുകൾ ഉപയോഗിക്കുന്ന ആളുകൾക്ക് ഹെൽമെറ്റും ഹൈ-വിസിബിലിറ്റി വസ്ത്രങ്ങളും നിർബന്ധമാക്കിയ പ്രത്യേക നിയമങ്ങൾ വന്ന് നാല് ആഴ്ചകൾക്ക് ശേഷമാണ് ഈ നിരോധനം. പ്രത്യേകിച്ച് കുട്ടികൾക്കിടയിൽ ഉണ്ടാകുന്ന പരിക്കുകളെക്കുറിച്ചുള്ള ആശങ്കകൾ വർദ്ധിച്ചുവരുന്ന പശ്ചാത്തലത്തിലായിരുന്നു നടപടി. അതേസമയം ഇ-സ്കൂട്ടറുകളുടെ രജിസ്ട്രേഷനും, നിയമം നടപ്പിലാക്കാൻ ഗാർഡയ്ക്ക് അധിക അധികാരം നൽകുന്നതിനും കൂടുതൽ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യമുയർന്നിട്ടുണ്ട്.

ഇ-സ്കൂട്ടറുകളുമായി ബന്ധപ്പെട്ട് ഈ വർഷം ഇതുവരെ 793 കേസുകൾ എടുത്തിട്ടുണ്ടെന്നും 1,412 ഇ-സ്കൂട്ടറുകൾ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും ഗതാഗത വകുപ്പ് സഹമന്ത്രി ഷോൺ കാനി ഇന്നലെ പറഞ്ഞിരുന്നു. ഇ-സ്കൂട്ടറിന്റെ നിയമപരമായ നിർവചനം ‘മെക്കാനിക്കലി പ്രൊപ്പൽഡ് വെഹിക്കിൾ’ (mechanically propelled vehicle) എന്നാക്കി മാറ്റുന്ന നിയമനിർമ്മാണത്തിനും സർക്കാർ തയ്യാറെടുക്കുകയാണെന്നും, ഇതോടെ സ്കൂട്ടറുകൾ രജിസ്റ്റർ ചെയ്യേണ്ടതായി വരുമെന്നും കാനി പറഞ്ഞു. രജിസ്ട്രേഷൻ നിലവിൽ വന്നാൽ, അതിനൊരു ഉടമയുണ്ടാകും,
ഇ-സ്കൂട്ടർ ഒരു കളിപ്പാട്ടമല്ല എന്ന് മാതാപിതാക്കൾ തിരിച്ചറിയണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

പുതിയ നിയമങ്ങൾ അനുസരിച്ച്, ഇ-സ്കൂട്ടർ റൈഡർമാർക്ക് കുറഞ്ഞത് 18 വയസ്സ് പ്രായമുണ്ടായിരിക്കണം, ഹെൽമെറ്റും ഹൈ-വിസിബിലിറ്റി വസ്ത്രങ്ങളും ധരിക്കണം, ഒപ്പം പരമാവധി വേഗതയായ 20 കി.മീ/മണിക്കൂർ പാലിക്കുകയും വേണം.
ഇ-സ്കൂട്ടറുകൾ നടപ്പാതകളിൽ ഉപയോഗിക്കാൻ പാടില്ല, യാത്രക്കാരെ കയറ്റുന്നതും നിരോധിച്ചിരിക്കുന്നു.
കുറഞ്ഞ പ്രായപരിധി മുമ്പ് 16 വയസ്സായിരുന്നു.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW

Comments