ഡബ്ലിൻ പോർട്ട് ടണൽ ഉപയോഗിക്കുന്ന കാറുകൾക്ക് ടോൾ ഉയർത്താൻ നീക്കം; M50-യിലും ടോൾ വർദ്ധിച്ചേക്കും

By Rose Malayalam Desk

ഡബ്ലിൻ പോർട്ട് ടണൽ ഉപയോഗിക്കുന്ന വാഹനങ്ങളുടെ എണ്ണം കുത്തനെ ഉയര്‍ന്നതിനെ തുടര്‍ന്ന് തിരക്കേറിയ സമയങ്ങളില്‍ പ്രൈവറ്റ് വാഹനങ്ങള്‍ക്ക് ടോള്‍ നിരക്ക് ഉയര്‍ത്തുന്നത് പരിഗണിക്കാന്‍ Transport Infrastructure Ireland (TII). രാവിലെകളില്‍ അടക്കം തിരക്കേറിയ സമയങ്ങളില്‍ നിരവധി വാഹനങ്ങളാണ് പോര്‍ട്ട് ടണല്‍ ഉപയോഗിക്കുന്നത്. ഒരു വര്‍ഷത്തിനിടെ ഇക്കാര്യത്തില്‍ 4.6% വര്‍ദ്ധനവുണ്ടായതായും കണക്കുകള്‍ സൂചിപ്പിക്കുന്നു.

ഡബ്ലിന്‍ പോര്‍ട്ടിലേയ്ക്ക് ഹെവി ഗുഡ്‌സ് വാഹനങ്ങള്‍ക്ക് എളുപ്പത്തിലെത്തുക എന്ന ഉദ്ദേശ്യത്തോടെയാണ് ടണല്‍ നിര്‍മ്മിച്ചിരിക്കുന്നതെന്നും, എന്നാല്‍ പ്രൈവറ്റ് കാറുകള്‍ പോലുള്ള വാഹനങ്ങള്‍ അമിതമായി ടണല്‍ ഉപയോഗിക്കുന്നത് ഭാരവാഹനങ്ങള്‍ക്ക് തടസമായി മാറുന്നുവെന്നും അധികൃതര്‍ പറയുന്നു. ഈ സാഹചര്യത്തിലാണ് ഇവിടെ പ്രൈവറ്റ് വാഹനങ്ങളുടെ എണ്ണം കുറയ്ക്കാനായി ടോള്‍ നിരക്ക് ഉയര്‍ത്താന്‍ ചര്‍ച്ച നടക്കുന്നത്.

രാവിലെകളില്‍ East Wall പ്രദേശത്ത് ഗതാഗതക്കുരുക്ക് പതിവാണ്. ഇത് ടണല്‍ വഴിയുള്ള ഗതാഗതത്തിന് വിഘാതം സൃഷ്ടിക്കുന്നുണ്ട് എന്നും റിപ്പോര്‍ട്ട് പറയുന്നു. ഇത് തുടരുകയാണെങ്കില്‍ പോര്‍ട്ടിലേയ്ക്കുള്ള ഭാരവാഹനങ്ങളുടെ നീക്കം തടസപ്പെടും. ഇതിന് പരിഹാരമായി AM സമയങ്ങളില്‍ ടോള്‍ ചാര്‍ജ്ജ് 13 യൂറോയില്‍ നിന്നും 14 യൂറോയാക്കി ഉയര്‍ത്തണമെന്നാണ് TII-യില്‍ ചര്‍ച്ചയില്‍ ഉരുത്തിരിഞ്ഞ നിര്‍ദ്ദേശം.

അതേസമയം M50-യിലും ടോള്‍ ഉയര്‍ത്തണമെന്ന് നിര്‍ദ്ദേശത്തില്‍ പറയുന്നുണ്ട്. ടോള്‍ വഴി ലഭിക്കുന്ന പണം രാജ്യത്തെ റോഡുകളുടെ പരിപാലനത്തിനും, പ്രവര്‍ത്തനത്തിനും അത്യാവശ്യമാണെന്നാണ് TII-യുടെ പക്ഷം.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW

Comments