M50-യില്‍ ടോള്‍ നല്‍കാതെ കടന്നുപോയ 15 വാഹനയുടമകള്‍ക്ക് വമ്പന്‍ പിഴയിട്ട് കോടതി. ഇവരില്‍ നിന്നായി ആകെ 265,000 യൂറോയാണ് കോടതി ഈടാക്കിയത്. പലതവണ മുന്നറിയിപ്പ് നോട്ടീസുകള്‍ നല്‍കിയിട്ടും ടോള്‍ നല്‍കാന്‍ തയ്യാറാകാതെ വന്നതോടെ കേസ് കോടതിയിലെത്തുകയായിരുന്നു. കോടതിയിലും ചിലര്‍ ഹാജരായില്ലെങ്കിലും അവരുടെ അസാന്നിദ്ധ്യത്തില്‍ ജഡ്ജ് വിധി പറഞ്ഞു.
നിയമലംഘകരില്‍ ഒരാള്‍ 600 തവണയാണ് ടോള്‍ നല്‍കാതെ M50 ഉപയോഗിച്ചത്. ഒരു ഹെവി ഗുഡ്‌സ് ഡ്രൈവര്‍ ടോള്‍ നല്‍കാതെ 390 യാത്രകളും നടത്തി.
മറ്റൊരാള്‍ 14,000 യൂറോയാണ് ടോള്‍ നല്‍കാനുണ്ടായിരുന്നത്. കോടതിയില്‍ ഹാജരായ ഇയാള്‍ക്ക് മുന്നറിയിപ്പ് നല്‍കിയ ജഡ്ജ്, ഇത്തരം സംഭവങ്ങളില്‍ ഏഴ് വര്‍ഷം വരെ തടവ് ലഭിക്കാവുന്നതാണെന്നും വ്യക്തമാക്കി.
കോടതി പരിഗണിച്ച 15 കേസുകളില്‍ ഏഴ് പേര്‍ക്ക് 25,000 യൂറോ വീതമാണ് പിഴയിട്ടത്. കോടതിയില്‍ ഹാജരാകാതിരുന്ന മറ്റുള്ളവര്‍ക്ക് 4,000 മുതല്‍ 15,000 യൂറോ വരെയും പിഴയിട്ടു. ഇതിനു പുറമെ ഇവര്‍ 350 യൂറോ വീതം കോടതിച്ചെലവായും നല്‍കണം. പിഴയൊടുക്കാന്‍ മൂന്ന് മാസത്തെ സമയവും അനുവദിച്ചിട്ടുണ്ട്.
ടോള്‍ നിയമലംഘനത്തിന് ഓരോ കേസിനും 5,000 യൂറോ വരെ കോടതിക്ക് പിഴ വിധിക്കാവുന്നതാണ്. വേണമെങ്കില്‍ ആറ് മാസത്തെ തടവും വിധിക്കാം. M50-യില്‍ കാറുകള്‍ക്ക് പൊതുവില്‍ 3.80 യൂറോ ആണ് ടോള്‍ ചാര്‍ജ്ജ്. അടുത്ത ദിവസം രാത്രി 8 മണിക്ക് മുമ്പായി ഈ ടോള്‍ നല്‍കിയില്ലെങ്കില്‍ അതിനൊപ്പം ഫൈന്‍ കൂടി അടയ്‌ക്കേണ്ടി വരും. 56 ദിവസത്തിന് ശേഷവും ഇത് അടച്ചില്ലെങ്കില്‍ പെനാല്‍റ്റി തുക ഉയരുകയും, മുന്നറിയിപ്പ് നോട്ടീസുകള്‍ ലഭിക്കുകയും ചെയ്യും. എന്നിട്ടും അടച്ചില്ലെങ്കിലാണ് കോടതി നടപടികളിലേയ്ക്ക് നീങ്ങുക.
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW
Comments