അയര്‍ലണ്ടില്‍ 16 വയസിന് താഴെയുള്ളവര്‍ക്ക് സോഷ്യല്‍ മീഡിയ നിരോധനമേര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ നീക്കം. യൂറോപ്യന്‍ യൂണിയന്‍ തലത്തിലെ ചര്‍ച്ചകള്‍ക്ക് ശേഷമാകും ഇക്കാര്യത്തില്‍ തീരുമാനമെടുക്കുക.
യുകെയില്‍ 16 വയസില്‍ താഴെയുള്ളവര്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നത് നിരോധിക്കാന്‍ പ്രധാനമന്ത്രി കിയര്‍ സ്റ്റാര്‍മര്‍ കൈക്കൊണ്ട നടപടികളെ സ്വാഗതം ചെയ്തുകൊണ്ടാണ് പ്രധാനമന്ത്രി മീഹോള്‍ മാര്‍ട്ടിന്‍, ഉപപ്രധാനമന്ത്രി സൈമണ്‍ ഹാരിസ് എന്നിവര്‍ അയര്‍ലണ്ടിലും സമാനമായ നീക്കം നടത്തുന്നത്. സോഷ്യല്‍ മീഡിയ പൊതുജനാരോഗ്യത്തിന് തന്നെ ഹാനികരമായി മാറിയിരിക്കുന്നുവെന്നും അവര്‍ പറയുന്നു.
ഇത്തരമൊരു നിരോധം സംബന്ധിച്ച് ഊര്‍ജ്ജിതമായ ചര്‍ച്ചകള്‍ നടക്കുകയാണെന്ന് പ്രധാനമന്ത്രി മാര്‍ട്ടിന്‍ തിങ്കളാഴ്ച പറഞ്ഞു. കുട്ടികളുടെ സംരക്ഷണത്തിനായി കൂടുതലായി പലതും ചെയ്യേണ്ടതുണ്ടെന്നാണ് സര്‍ക്കാര്‍ കരുതുന്നതെന്നും, നിരോധനം നടപ്പിലാക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഓസ്‌ട്രേലിയ നടപ്പിലാക്കിയ സമാനമായ നിരോധനത്തെ പറ്റി പഠിച്ചുവരികയാണെന്നും, മദ്യം, പുകയില എന്നിവയില്‍ നിന്നും ആളുകളെ സംരക്ഷിക്കാന്‍ നടപടികളെടുത്തത് പോലെയാണിതെന്നും മാര്‍ട്ടിന്‍ കൂട്ടിച്ചേര്‍ത്തു.
സോഷ്യല്‍ മീഡിയ നിരോധനത്തിന്റെ പശ്ചാത്തലത്തില്‍ സ്റ്റാര്‍മറിന്റെ നേതൃത്വത്തെ ഐറിഷ് ഉപപ്രധാനമന്ത്രി സൈമണ്‍ ഹാരിസ് പുകഴ്ത്തി. യഥാര്‍ത്ഥ നേതൃഗുണമാണ് സ്റ്റാര്‍മര്‍ കാണിക്കുന്നതെന്ന് പറഞ്ഞ ഹാരിസ്, സോഷ്യല്‍ മീഡിയ ആളുകളുടെ മാനസികാരോഗ്യത്തെ ബാധിക്കുന്നതായും അഭിപ്രായപ്പെട്ടു. യൂറോപ്യന്‍ യൂണിയനിലെ പല സര്‍ക്കാരുകള്‍ക്കും സമാനമായ ആശങ്കയുണ്ടെന്നും, അതിനാല്‍ യൂറോപ്യന്‍ തലത്തില്‍ ഇക്കാര്യം നടപ്പിലാക്കാനാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഇയു തലത്തില്‍ ഇത് സാധ്യമായില്ലെങ്കില്‍ അയര്‍ലണ്ടിന് സ്വന്തമായി നിയമം നടപ്പിലാക്കാന്‍ അവകാശമുണ്ടെന്നും ഹാരിസ് വ്യക്തമാക്കി.
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW
Comments