അയര്‍ലണ്ടിലെ ജയിലുകളില്‍ കുറ്റവാളികള്‍ നിറഞ്ഞതിന് പിന്നാലെ ജയിലുകളിലെ കടകളുടെ വരുമാനം കുത്തനെ ഉയര്‍ന്നു. 2025-ല്‍ 12.47 മില്യണ്‍ യൂറോ എന്ന റെക്കോര്‍ഡ് വരുമാനമാണ് ജയില്‍ കടകള്‍ക്ക് ലഭിച്ചത്.
നീതിന്യായവകുപ്പ്മന്ത്രി ജെയിംസ് ഒ ‘കല്ലഗാന്‍ പാര്‍ലമെന്റില്‍ പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം സെന്‍ട്രല്‍ ഡബ്ലിനിലെ ജയിലായ മൗണ്ട്‌ജോയിലെ കട പോയ വര്‍ഷം ഉണ്ടാക്കിയ വരുമാനം 2.72 മില്യണ്‍ യൂറോയാണ്. മിഡ്‌ലാന്‍ഡ്‌സ് ജയിലിലെ കടയിലും 2.33 മില്യന്റെ വിറ്റുവരവാണ് ഉണ്ടായിരിക്കുന്നത്. രാജ്യത്തെ എല്ലാ ജയിലുകളിലെയും കടകള്‍ കൂടി 2025-ല്‍ ഉണ്ടാക്കിയത് 12.47 മില്യണ്‍ യൂറോ ആയിരുന്നുവെങ്കില്‍ 2024-ല്‍ ഇത് 10.4 മില്യണ്‍ ആയിരുന്നു. 20.6% ആണ് വര്‍ദ്ധന.
വരുമാനം മാറ്റി ലാഭമെടുത്ത് പരിശോധിച്ചാല്‍ എല്ലാ ജയിലുകളിലെയും കടകള്‍ ചേര്‍ന്ന് പോയ വര്‍ഷം 781,224 യൂറോ ലാഭം നേടിയിട്ടുണ്ട്. 2024-ല്‍ ഇത് 486,159 യൂറോ ആയിരുന്നു. ഏറ്റവുമധികം ലാഭം നേടിയ ജയില്‍ കട മിഡ്‌ലാന്‍ഡ്‌സിലേതാണ്- 158,502 യൂറോ. മൗണ്ട്‌ജോയ് 130,732, ലിമറിക്ക് പ്രിസണ്‍ 115,208 യൂറോ, വീറ്റ്ഫീല്‍ഡ് 109,847 എന്നിവിടങ്ങളിലെ കടകളും ഒരു ലക്ഷം യൂറോയ്ക്ക് മുകളില്‍ ലാഭം നേടി.
ജയിലിലെ കടകളില്‍ പ്രധാനമായും പലഹാരങ്ങള്‍, ശീതളപാനീയങ്ങള്‍, പുകയില ഉല്‍പ്പന്നങ്ങള്‍, സോപ്പ്, ഷാംപൂ മുതലായവ, മാസികകള്‍ എന്നിവയാണ് ലഭിക്കുക. പണം നേരിട്ട് വാങ്ങുന്നതിന് പകരം തടവുകാരുടെ പേഴ്‌സണല്‍ അക്കൗണ്ടില്‍ നിന്നുമാണ് ഇവയുടെ തുക ഈടാക്കുക.
നിറഞ്ഞുകവിഞ്ഞ് ജയിലുകള്‍
രാജ്യത്തെ ജയിലുകളിലെ അമിതതിരക്കാണ് ഇത്തരത്തില്‍ കടകളില്‍ വരുമാനമുയരാന്‍ കാരണമായിരിക്കുന്നത്. 2025 അവസാന ദിവസത്തെ കണക്ക് പ്രകാരം ജയിലുകളില്‍ ശരിക്കുള്ള ബെഡ് കപ്പാസിറ്റിയെക്കാള്‍ 22% അധികം പേരാണ് ഉണ്ടായിരുന്നത്. 2024-ല്‍ 11% പേരായിരുന്നു കപ്പാസിറ്റിയെക്കാള്‍ അധികം.
ഏറ്റവും പുതിയ കണക്ക് പ്രകാരം 24% പേര്‍ രാജ്യത്തെ ജയിലുകളില്‍ കപ്പാസിറ്റിയിലും അധികമായി ഉണ്ട്. ഔദ്യോഗികമായി 4,736 താമസിപ്പിക്കാനുള്ള കപ്പാസിറ്റിയാണ് രാജ്യത്തെ എല്ലാ ജയിലുകള്‍ക്കും കൂടിയുള്ളത്. എന്നാല്‍ നിലവില്‍ ഏകദേശം 5,800-ലധികം പേരാണ് പല ജയിലുകളിലായി കഴിയുന്നത്.
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW
Comments