ഒക്ടോബറിലെ ബജറ്റിന് മുമ്പ് ഇന്ധനവില വർദ്ധന നേരിടാൻ കൂടുതൽ നടപടികൾ സ്വീകരിക്കുന്നത് തള്ളിക്കളയാൻ സാധിക്കില്ലെന്ന് ഉപപ്രധാന മന്ത്രി സൈമൺ ഹാരിസ്. ഇന്ധന പ്രതിഷേധങ്ങളെത്തുടർന്ന് സർക്കാർ പ്രഖ്യാപിച്ച 505 മില്യൺ യൂറോയുടെ പാക്കേജിന്റെ ഭാഗമായുള്ള ഇന്ധന സഹായ പദ്ധതി ഇന്ന് മന്ത്രിസഭ ചർച്ച ചെയ്യാൻ ഇരിക്കവേയാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.
ബജറ്റിന് മുമ്പ് സർക്കാർ കൂടുതൽ ഒറ്റത്തവണ നടപടികൾ പരിഗണിക്കുമോ എന്ന ചോദ്യത്തിന് ഒന്നിനെയും തള്ളിക്കളയാനാവില്ല, ലോകം അങ്ങേയറ്റം അസ്ഥിരമാണ് എന്ന് ധനമന്ത്രി കൂടിയായ ഹാരിസ് പറഞ്ഞു. യുദ്ധം ഇപ്പോൾ അവസാനിച്ചാൽ പോലും ഊർജ്ജ മേഖലയിലെ അതിന്റെ പ്രത്യാഘാതങ്ങൾ വരുന്ന വിന്റർ കാലത്തും അനുഭവപ്പെടും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഏപ്രിൽ ആദ്യം, ഇറാനിലെ യുദ്ധം മൂലം അയർലണ്ടിലും ഇന്ധനവില വർദ്ധിച്ചതിനെ തുടർന്ന് ശക്തമായ പ്രതിഷേധങ്ങൾ ഉയർന്നിരുന്നു. രാജ്യം മൊത്തം സ്തംഭിക്കുന്ന അവസ്ഥയിലേയ്ക്ക് പ്രതിഷേധം എത്തിയത്തോടെയാണ് 505 മില്യൺ യൂറോയുടെ സഹായ പാക്കേജ് സർക്കാർ പ്രഖ്യാപിച്ചത്. നേരത്തെ പ്രഖ്യാപിച്ച 250 മില്യന്റെ സഹായത്തിനു പുറമെയായിയുന്നു ഇത്.
സർക്കാരിന്റെ ഈ നടപടികളെ തുടർന്ന് വിലയിൽ വളരെ ഗണ്യമായ കുറവുണ്ടായെന്നും ഹാരിസ് പറഞ്ഞു. “ഡീസൽ ലിറ്ററിന് 32 സെന്റും പെട്രോളിന് ലിറ്ററിന് 27 സെന്റും കുറവാണ് ഇപ്പോൾ, അല്ലെങ്കിൽ ഇതിലും കൂടുമായിരുന്നു”- അദ്ദേഹം പറഞ്ഞു. ഇന്ധനവില കുറയ്ക്കൽ മാത്രമല്ല പണപ്പെപെരുപ്പം മൊത്തത്തിൽ കുറയ്ക്കാൻ ആണ് പാക്കേജ് ലക്ഷ്യമിടുന്നതെന്നും, ധനകാര്യ വകുപ്പിലെ ചീഫ് ഇക്കണോമിസ്റ്റിന്റെ കണക്കുകൾ പ്രകാരം പുതിയ പാക്കേജ്, നിലവിലുള്ള ഓരോ മാസവും പണപ്പെരുപ്പം 0.5-0.6% കുറയ്ക്കും എന്നും ഹാരിസ് അവകാശപ്പെട്ടു.
ഈ പാക്കേജ് ഗവൺമെന്റിൽ നിന്നുള്ള അവസാന വാക്കല്ല എന്ന് പറഞ്ഞ മന്ത്രി, യുദ്ധം കാരണം അല്ലാതെ തന്നെ രാജ്യത്തെ ഊർജ്ജ, വൈദ്യുതി ചിലവുകൾ ഉയർന്ന നിലയിൽ തന്നെയാണ് എന്നും കൂട്ടിച്ചേർത്തു. ഇതെങ്ങനെ കൂടുതൽ ശാശ്വതമായും ഘടനാപരമായും കുറയ്ക്കാമെന്ന് ധനകാര്യ വകുപ്പിലെ ഉദ്യോഗസ്ഥർ പരിശോധിച്ചുവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി. വീടുകളെ ഫോസിൽ ഇന്ധനങ്ങളിലുള്ള ആശ്രയം കുറയ്ക്കാൻ സഹായിക്കുന്ന പദ്ധതികൾ, സ്കീമുകളിലെ നൂലാമാലകൾ കുറയ്ക്കാനുള്ള വഴികൾ, ഇലക്ട്രിക് വാഹനങ്ങൾ വാങ്ങുന്നത് പ്രോത്സാഹിപ്പിക്കാനുള്ള സഹായം, വൈദ്യുതി ബില്ലുകളിലെ ചാർജുകളുടെ അളവ് പരിശോധിക്കൽ എന്നിവ ഇതിൽ ഉൾപ്പെട്ടേക്കാം എന്നും അദ്ദേഹം പറഞ്ഞു.
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW
Comments