NO PARKING നിയമങ്ങൾ തെറ്റിച്ചാൽ ഇന്ന് മുതൽ കനത്ത നടപടികൾ

By Rose Malayalam Desk

ഡബ്ലിൻ നഗരത്തിൽ അനധികൃത പാർക്കിങ്ങിനെതിരെയുള്ള നടപടികൾ ഇന്ന് (നവംബർ 1) മുതൽ കൂടുതൽ ശക്തമാകുന്നു. നിയമവിരുദ്ധമായി പാർക്ക് ചെയ്യുന്ന വാഹനങ്ങൾക്കെതിരെ ക്ലാമ്പിങ്, ടോവിങ്, പിഴ തുടങ്ങിയ നടപടികൾ കൂടുതൽ വ്യാപകവും ശക്തവും ആക്കാനാണ് ഡബ്ലിൻ സിറ്റി കൗൺസിലിന്റെ തീരുമാനം. ഇതിനായി അമ്പത്തിയൊന്നു മില്യണിന്റെ പുതിയ പാർക്കിങ് എൻഫോഴ്‌സ്‌മെന്റ് കരാർ നിലവിൽ വന്നു.

പുതിയ സംവിധാനപ്രകാരം ഡബ്ലിൻ സിറ്റിയെ ആറ് വ്യത്യസ്ത സോണുകളായി തിരിച്ചാണ് പരിശോധന നടത്തുക. ഓരോ മേഖലയിലും എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥരുടെ സാന്നിധ്യം ഉറപ്പാക്കും. തിങ്കൾ മുതൽ ശനി വരെ തിരക്കേറിയ സമയങ്ങളിൽ ഓരോ മേഖലയിലും കുറഞ്ഞത് ഒരു ഉദ്യോഗസ്ഥനെങ്കിലും ഡ്യൂട്ടിയിലുണ്ടാകും. ഞായറാഴ്ചകളിലും പൊതു അവധി ദിവസങ്ങളിലും രാത്രികാലങ്ങളിലും പരിശോധന കുറവായിരിക്കും.

പുതിയ സംവിധാനത്തിൽ പൊതുജനങ്ങളിൽ നിന്നുള്ള പരാതികൾക്ക് പ്രത്യേക പരിഗണന നൽകും. റോഡുകളിലും ബസ് ലെയിനുകളിലും സൈക്കിൾ പാതകളിലും ഫുട്പാത്തുകളിലും അനധികൃതമായി പാർക്ക് ചെയ്ത് ഗതാഗതത്തിന് തടസ്സമുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ വേഗത്തിൽ നടപടിയെടുക്കും. ഔട്ടർ ഡബ്ലിനിലെ ആദ്യ നാല് സോണുകളിൽ താമസക്കാരിൽ നിന്നും വ്യാപാരികളിൽ നിന്നും ലഭിക്കുന്ന പരാതികളുടെ അടിസ്ഥാനത്തിൽ പരിശോധന നടത്തും. അഞ്ചാം സോണിൽ സിറ്റിയോട് ചേർന്ന പ്രദേശങ്ങളിലും വാഹനങ്ങൾ ടോ ചെയ്ത് നീക്കം ചെയ്യുന്നതിനും ഗതാഗത തടസ്സങ്ങൾ ഒഴിവാക്കുന്നതിനും കൂടുതൽ പ്രാധാന്യം നൽകും. ആറാം സോണായ സിറ്റിയുടെ ഹൃദയഭാഗത്ത് ഉദ്യോഗസ്ഥർ പ്രധാനമായും കാൽനടയായി പരിശോധന നടത്തുകയും നിയമലംഘനങ്ങൾക്ക് പിഴ ചുമത്തുകയും ചെയ്യും.

പുതിയ കരാർ പ്രകാരം ക്ലാമ്പ് നീക്കം ചെയ്യുന്നതിനുള്ള നിരക്ക് 125 യൂറോയാണ്. ടോ ചെയ്ത് നീക്കിയ വാഹനം തിരികെ ലഭിക്കുന്നതിന് 250 യൂറോയും വാഹനത്തിന്റെ സ്റ്റോറേജ് ചാർജായി പ്രതിദിനം 35 യൂറോയും നൽകേണ്ടിവരും.ഡബ്ലിൻ സിറ്റി കൗൺസിൽ APCOA Parking Ireland-ന് അഞ്ച് വർഷത്തേക്ക് ഏകദേശം 51 മില്യൺ യൂറോയുടെ കരാറാണ് നൽകിയിരിക്കുന്നത്. 2004 മുതൽ നഗരത്തിലെ പാർക്കിങ് എൻഫോഴ്‌സ്‌മെന്റ് ചുമതല നിർവഹിച്ചിരുന്ന Dublin Street Parking Services-ന്റെ കരാർ അവസാനിച്ചതോടെയാണ് പുതിയ സംവിധാനം നിലവിൽ വന്നത്.

നിലവിലുള്ള പാർക്കിങ് നിയമങ്ങളിൽ മാറ്റമൊന്നും വരുത്തിയിട്ടില്ലെന്ന് കൗൺസിൽ വ്യക്തമാക്കിയിട്ടുണ്ട്. നിയമങ്ങൾ നടപ്പാക്കുന്ന രീതിയിലാണ് പ്രധാനമായും മാറ്റം വരുത്തിയിരിക്കുന്നത്. പുതിയ സംവിധാനത്തിന്റെ പൂർണമായ പ്രയോജനം 2027-ഓടെ ലഭിക്കുമെന്നാണ് കൗൺസിലിന്റെ പ്രതീക്ഷ.ഡബ്ലിനിൽ സ്ഥിരമായി വാഹനമോടിക്കുന്നവരും ടാക്സി, ഡെലിവറി മേഖലകളിൽ ജോലി ചെയ്യുന്നവരും പാർക്കിങ് നിയന്ത്രണങ്ങൾ കൃത്യമായി പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു.

For more news please join our whatsapp group

https://chat.whatsapp.com/EYff5ESLNtXIDOjtNZ27LS?s=cl&p=a&mlu=4&ilr=4

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW

Comments