അനധികൃത താമസക്കാരെയും കുറ്റവാളികളെയും അയർലണ്ടിൽ നിന്നും വിമാനങ്ങളിൽ നാടുകടത്താനായി ഈ വർഷം ചെലവിട്ടത് 1.6 മില്യൺ യൂറോ

By Rose Malayalam Desk

അയര്‍ലണ്ടിലെ അനധികൃത താമസക്കാരെയും, വിദേശികളായ കുറ്റവാളികളെയും നാടുകടത്താനായി വിമാനച്ചെലവ് ഇനത്തില്‍ 1.6 മില്യണ്‍ യൂറോയിലധികം ഈ വര്‍ഷം ചെലവാക്കിയതായി നീതിന്യായവകുപ്പ്. വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖയില്‍ ഇതിനായി ഈ വര്‍ഷം ജനുവരി 1 മുതല്‍ ഏപ്രില്‍ 15 വരെ 1,660,931.18 യൂറോ ആണ് ചെലവാക്കിയതെന്ന് നീതിന്യായവകുപ്പ് വ്യക്തമാക്കി.

സാധാരണ വിമാനങ്ങള്‍ക്കായി 941,288.93 യൂറോയും, പ്രത്യേകം ചാര്‍ട്ട് ചെയ്ത വിമാനങ്ങള്‍ക്കായി 719,642.25 യൂറോയുമാണ് ചെലവാക്കിയത്. ഈ വര്‍ഷം ഇതുവരെ നാല് ഡീപ്പോര്‍ട്ടേഷന്‍ ഫ്‌ളൈറ്റുകളാണ് അയര്‍ലണ്ടില്‍ നിന്നും ആളുകളുമായി പോയിട്ടുള്ളത്. ആകെ 172 പേരെയാണ് ഇത്തരത്തില്‍ ഈ വര്‍ഷം ഇതുവരെ അയര്‍ലണ്ടില്‍ നിന്നും സ്വദേശങ്ങളിലേയ്ക്ക് നാടുകടത്തിയത് എന്നും രേഖ വ്യക്തമാക്കുന്നുണ്ട്. ഇതില്‍ 67 പേര്‍ കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ട യൂറോപ്യന്‍ യൂണിയന്‍ പൗരന്മാരാണ്. വിമാനത്തില്‍ നാടുകടത്തുമ്പോള്‍ ഗാര്‍ഡ, മെഡിക്കല്‍ സ്റ്റാഫ്, ഭാഷപരിചയം ഉള്ള ആള്‍, മനുഷ്യാവകാശ നിരീക്ഷകന്‍ എന്നിവരെയും ഒപ്പം അയച്ചിരുന്നു.

അതേസമയം ഈ വര്‍ഷം ഇതുവരെ 2,108 നാടുകടത്തല്‍ ഉത്തരവുകളിലാണ് നീതിന്യായവകുപ്പ് ഒപ്പുവച്ചത്. കഴിഞ്ഞ വര്‍ഷം ഇത് 4,700 ആയിരുന്നു. 2024-നെ അപേക്ഷിച്ച് 96% അധികമാണിത്.

മറുവശത്ത് 2024-ല്‍ സ്വമേധയാ സ്വന്തം നാടുകളിലേയ്ക്ക് മടങ്ങിപ്പോകാന്‍ സമ്മതിച്ചവര്‍ 934 ആയിരുന്നു. 2025-ല്‍ ഇത് 1,616 ആയി ഉയര്‍ന്നു. രാജ്യത്ത് നിയമപരമായി താമസാനുമതി ഇല്ലാത്തവരും, അഭയാര്‍ത്ഥിത്വ അപേക്ഷ നിരസിക്കപ്പെട്ടവര്‍ക്കുമാണ് ഈ വൊളന്ററി റിട്ടേണ്‍ ഓപ്ഷന്‍ ഉള്ളത്. സ്വമേധയാ മടങ്ങാന്‍ സമ്മതിക്കുന്നതിനാല്‍ ഇവര്‍ക്ക് നാടുകടത്തല്‍ നോട്ടീസ് നല്‍കില്ല.

ഈ വര്‍ഷം ജൂണ്‍ 12 വരെ നിര്‍ബന്ധിത നാടുകടത്തലും അല്ലാതെയും 1,034 പേരാണ് സ്വരാജ്യങ്ങളിലേയ്ക്ക് മടങ്ങിയത് എന്നും രേഖ പറയുന്നു.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW

Comments