പാലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് അയർലൻഡ് തലസ്ഥാനമായ ഡബ്ലിനിൽ പതിനായിരത്തിലധികം പേർ പങ്കെടുത്ത വൻ പ്രതിഷേധ മാർച്ച് നടന്നു. 2026 ഒക്ടോബർ 10 ശനിയാഴ്ച നടന്ന ദേശീയ മാർച്ചിൽ ഗാസയിലെ യുദ്ധവും പാലസ്തീൻ ജനത നേരിടുന്ന ദുരിതങ്ങളും ഉയർത്തിക്കാട്ടിയായിരുന്നു റാലി.

ഇസ്രയേലിനെതിരെ ഉപരോധങ്ങൾ ഏർപ്പെടുത്തണമെന്നും കൂടുതൽ ശക്തമായ നടപടികൾ സ്വീകരിക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.ഐറിഷ് പാലസ്തീൻ സോളിഡാരിറ്റി ക്യാംപെയ്ൻ (IPSC) സംഘടിപ്പിച്ച മാർച്ചിൽ 160-ലധികം ഐറിഷ് സിവിൽ സൊസൈറ്റി സംഘടനകൾ പിന്തുണ പ്രഖ്യാപിച്ചു. 2023 ഒക്ടോബറിനുശേഷം ഡബ്ലിനിൽ നടന്ന 21-ാമത് ദേശീയ പാലസ്തീൻ അനുകൂല പ്രതിഷേധമായിരുന്നു ഇത്.

ഡബ്ലിനിലെ ഗാർഡൻ ഓഫ് റിമെംബ്രൻസിൽനിന്ന് ആരംഭിച്ച മാർച്ച് നഗരമധ്യത്തിലൂടെ സഞ്ചരിച്ച് ലെയിൻസ്റ്റർ ഹൗസിന് സമീപം സമാപിച്ചു. അവിടെ നടന്ന പൊതുയോഗത്തിൽ സംഘടനാ പ്രതിനിധികളും പാലസ്തീൻ മനുഷ്യാവകാശ പ്രവർത്തകരും സംസാരിച്ചു. നിരവധി പേർ പാലസ്തീൻ പതാകകളുമായാണ് മാർച്ചിൽ പങ്കെടുത്തത്.
ഐറിഷ് പാലസ്തീൻ സോളിഡാരിറ്റി ക്യാംപെയ്ൻ അധ്യക്ഷ സോയ് ലോളർ, ഗാസയിലെ വെടിനിർത്തൽ സംബന്ധിച്ച സാഹചര്യങ്ങൾ ചൂണ്ടിക്കാട്ടി ഐറിഷ് സർക്കാരിന്റെ നിലപാടിനെ വിമർശിച്ചു. ഇസ്രയേലിനെതിരെ ഉപരോധം ഏർപ്പെടുത്തണമെന്നും പാലസ്തീൻ ജനതയ്ക്ക് നീതി ഉറപ്പാക്കാൻ സർക്കാർ കൂടുതൽ നടപടികൾ സ്വീകരിക്കണമെന്നും അവർ ആവശ്യപ്പെട്ടു.പാലസ്തീൻ മനുഷ്യാവകാശ പ്രവർത്തകൻ തൽഹ അൽ അലി ഉൾപ്പെടെയുള്ളവർ പൊതുയോഗത്തെ അഭിസംബോധന ചെയ്തു.
ഗാസയിലെയും അധിനിവേശ വെസ്റ്റ് ബാങ്കിലെയും ജനങ്ങൾ നേരിടുന്ന പ്രതിസന്ധികൾ പ്രസംഗങ്ങളിൽ ഉയർന്നുവന്നു.പ്രതിഷേധത്തെത്തുടർന്ന് ഡബ്ലിൻ നഗരമധ്യത്തിലെ ഗതാഗതത്തിലും നിയന്ത്രണങ്ങളുണ്ടായി. മാർച്ച് കടന്നുപോയതിനെത്തുടർന്ന് ലുവാസ് ഗ്രീൻ ലൈൻ സർവീസുകൾക്ക് കാലതാമസം നേരിട്ടതായി ട്രാൻസ്‌പോർട്ട് ഫോർ അയർലൻഡ് അറിയിച്ചു.പാലസ്തീൻ വിഷയത്തിൽ ഐറിഷ് സർക്കാരിനുമേൽ കൂടുതൽ സമ്മർദം ചെലുത്താനും അന്താരാഷ്ട്ര തലത്തിൽ നടപടികൾ ആവശ്യപ്പെടാനുമുള്ള നീക്കങ്ങളുടെ ഭാഗമായാണ് പുതിയ പ്രതിഷേധം നടന്നത്.

Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW
Comments