ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് നാളെ ജന്തർ മന്തറിൽ നടക്കുന്ന സമരത്തിനു പിന്തുണ പ്രഖ്യാപിച്ച് അയർലണ്ടിന്റെ തലസ്ഥാനമായ ഡബ്ലിനിലും സമരപരിപാടി അരങ്ങേറും. ഇന്ത്യയിൽ തിരഞ്ഞെടുപ്പ് കമ്മീഷനെതിരെയും വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്കെതിരെയും ഉയരുന്ന പ്രതിഷേധത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് അയർലൻഡിലും സമരം നടത്തുന്നത്.
ഡൽഹിയിൽ കോക്രോച്ച് ജനതാ പാർട്ടിയുടെ ഇടതുപക്ഷ കക്ഷികളുടെയും നേതൃത്വത്തിൽ നാളെ (ഒക്ടോബർ 10) നടക്കുന്ന പ്രതിഷേധത്തിന് പിന്തുണ പ്രഖ്യാപിച്ച് കോക്രോച്ച് പാർട്ടിയെ അനുകൂലിക്കുന്നവരാണ് ഡബ്ലിനിലെ ജനറൽ പോസ്റ്റ് ഓഫീസ് (GPO) പരിസരത്ത് പരിപാടി സംഘടിപ്പിക്കുന്നത്. ഉച്ചയ്ക്ക് ഒരു മണിക്ക് ആരംഭിക്കുന്ന പ്രതിഷേധത്തിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി, പ്രത്യേക തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടിയായ SIR പിൻവലിക്കൽ, വോട്ടർപട്ടിക പുനഃസ്ഥാപിക്കൽ തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിക്കും.

വോട്ടർപട്ടിക പരിഷ്കരണത്തിനെതിരെ രാജ്യവ്യാപക പ്രതിഷേധം
തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവർത്തനങ്ങളിലും വോട്ടർപട്ടിക പരിഷ്കരണത്തിലും ക്രമക്കേടുകൾ ആരോപിച്ചാണ് രാജ്യത്ത് പ്രതിഷേധം ശക്തമാകുന്നത്. SIR നടപടിയിലൂടെ അർഹരായ നിരവധി വോട്ടർമാരുടെ പേരുകൾ പട്ടികയിൽനിന്ന് ഒഴിവാക്കപ്പെട്ടുവെന്നാണ് പ്രതിഷേധ സംഘടനകളുടെ ആരോപണം. ഇത് വോട്ടവകാശത്തെയും തിരഞ്ഞെടുപ്പ് പ്രക്രിയയുടെ സുതാര്യതയെയും ബാധിക്കുമെന്നാണ് അവരുടെ നിലപാട്.മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കുക, SIR നടപടി നിർത്തിവയ്ക്കുക, വോട്ടർപട്ടികയിലെ മാറ്റങ്ങളെക്കുറിച്ച് സ്വതന്ത്ര അന്വേഷണം നടത്തുക, തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവർത്തനങ്ങളിൽ കൂടുതൽ സുതാര്യത ഉറപ്പാക്കുക എന്നിവയാണ് പ്രതിഷേധക്കാർ മുന്നോട്ടുവയ്ക്കുന്ന പ്രധാന ആവശ്യങ്ങൾ.
കോക്രോച്ച് ജനതാ പാർട്ടിയുടെ ഇടതുപക്ഷ കക്ഷികളുടെയും ആം ആദ്മി പാർട്ടിയുടെയും നേതൃത്വത്തിൽ ആണ് ഡൽഹിയിൽ സമരം നടക്കുന്നത്. യുവജനകേന്ദ്രിത പ്രസ്ഥാനമായ കോക്രോച്ച് ജനതാ പാർട്ടിയും എസ് എഫ് ഐ,ഐസ തുടങ്ങിയ വിദ്യാർത്ഥി സംഘടനകളും ആണ് ഒക്ടോബർ 10-ന് ഡൽഹിയിലെ ജന്തർ മന്തറിൽ നടക്കുന്ന പ്രതിഷേധത്തിന് നേതൃത്വം നൽകുന്നത്. കോക്രോച് പാർട്ടിയുടെ സ്ഥാപകൻ അഭിജീത് ദിപ്‌കെയും സഹകൺവീനർ സൗരവ് ദാസും എസ്എഫ്ഐ നേതാവായ ഐഷി ഘോഷും ഐസ നേതാവായ നേഹാ ബോറയും പ്രക്ഷോഭത്തിന്റെ മുന്നണിയിലുണ്ട്. തിരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജിയിൽ മാത്രം സമരം അവസാനിപ്പിക്കില്ലെന്നും തിരഞ്ഞെടുപ്പ് സംവിധാനത്തിൽ സമഗ്രമായ പരിഷ്കാരങ്ങൾ വേണമെന്നുമാണ് സംഘടനകളുടെ നിലപാട്.പ്രതിഷേധത്തിന് പിന്തുണയുമായി എഐഎസ്എഫ് (AISF) ഉൾപ്പെടെയുള്ള ഇടതുപക്ഷ വിദ്യാർഥി സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്. ഡൽഹിയിൽ സംയുക്ത പ്രതിഷേധത്തിനാണ് സംഘടനകളുടെ ആഹ്വാനം. ആം ആദ്മി പാർട്ടിയുടെ വിദ്യാർഥി വിഭാഗവും സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
സിപിഎം നേതാക്കളും രാഹുൽ ഗാന്ധിയും സമരരംഗത്ത്
വോട്ടർപട്ടിക വിവാദത്തിൽ നേരത്തെയും ഡൽഹിയിൽ പ്രതിഷേധങ്ങൾ നടന്നിരുന്നു. ഒക്ടോബർ രണ്ടിന് ജന്തർ മന്തറിൽ നടന്ന സമരത്തിൽ സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി, മുതിർന്ന നേതാവ് വൃന്ദ കാരാട്ട്, ഡിവൈഎഫ്ഐ ദേശീയ അധ്യക്ഷൻ എ.എ. റഹീം, എസ്‌എഫ്‌ഐ നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തിരുന്നു. പ്രതിഷേധത്തിനിടെ നിരവധി പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തതായും റിപ്പോർട്ടുകളുണ്ടായിരുന്നു. കഴിഞ്ഞദിവസം സമരത്തിൽ കോൺഗ്രസ് നേതാക്കളായ രാഹുൽഗാന്ധിയും പ്രിയങ്ക ഗാന്ധിയും സജീവമായി പങ്കെടുത്തിരുന്നു.
വോട്ടവകാശവും ജനാധിപത്യപരമായ പ്രതിഷേധത്തിനുള്ള അവകാശവും സംരക്ഷിക്കണമെന്ന ആവശ്യമാണ് സിപിഎമ്മും ഇടതുപക്ഷ വിദ്യാർഥി–യുവജന സംഘടനകളും ഉയർത്തുന്നത്. നാളത്തെ പ്രതിഷേധത്തോടെ പ്രക്ഷോഭം കൂടുതൽ വിപുലമാക്കാനാണ് സംഘടനകളുടെ നീക്കം.

Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW
Comments