ചർച്ചയിൽ പുരോഗതി; 72 മണിക്കൂർ സമരം ഉപേക്ഷിച്ച് ആംബുലൻസ് ജീവനക്കാർ

By Rose Malayalam Desk

HSE-യുമായി നടത്തിവരുന്ന ചര്‍ച്ചയില്‍ പുരോഗതി കൈവരിച്ചതിനെ തുടര്‍ന്ന് നേരത്തെ പദ്ധതിയിട്ടിരുന്ന 72 മണിക്കൂര്‍ പണിമുടക്ക് പിന്‍വലിക്കുകയാണെന്ന് ആംബുലന്‍സ് ജീവനക്കാര്‍. മെയ് 26 മുതലാണ് നാഷണല്‍ ആംബുലന്‍സ് ജീവനക്കാര്‍ പണിമുടക്ക് പ്രഖ്യാപിച്ചിരുന്നത്. നാല് ദിവസമായി നടത്തിവരുന്ന ചര്‍ച്ചകളിലെ പുരോഗതി വിലയിരുത്തിയ ശേഷം വര്‍ക്ക് ടു റൂള്‍ സമരവും, നേരത്തെ പ്രഖ്യാപിച്ച പണിമുടക്കും പിന്‍വലിക്കാനുള്ള ലേബര്‍ കോടതിയുടെ ആവശ്യം ജീവനക്കാരുടെ സംഘടനകള്‍ അംഗീകരിച്ചു.

മെയ് 11-ന് ആരംഭിച്ച വര്‍ക്ക് ടു റൂള്‍ ഇന്നലെ ഉച്ചയോടെ അവസാനിപ്പിച്ചതായി പറഞ്ഞ തൊഴിലാളി സംഘടനയായ സിപ്റ്റു, ഇതുവരെയുള്ള ചര്‍ച്ചകളില്‍ നല്ല പുരോഗതി ഉണ്ടായെന്ന് കരുതുന്നതായും കൂട്ടിച്ചേര്‍ത്തു. ചര്‍ച്ച തുടരുകയാണെന്നും, ഏറെക്കാലമായി നിലനില്‍ക്കുന്ന തര്‍ക്കങ്ങള്‍ക്ക് ചര്‍ച്ചയിലൂടെ പരിഹാരം കാണാനാകുമെന്നാണ് പ്രതീക്ഷയെന്നും സിപ്റ്റു പറഞ്ഞു.

ചര്‍ച്ച വളരെ ബുദ്ധിമുട്ടേറിയതും, വെല്ലുവിളികള്‍ നിറഞ്ഞതുമാണെന്ന് പറഞ്ഞ മറ്റൊരു സംഘടനയായ യുണൈറ്റ്, ശമ്പളത്തര്‍ക്കം അടക്കമുള്ളവയില്‍ പുരോഗതി കൈവരിച്ചതായും, ലേബര്‍ കോടതി നിര്‍ദ്ദേശങ്ങള്‍ക്കായി എല്ലാ കക്ഷികളും കാത്തിരിക്കുകയാണെന്നും പ്രതികരിച്ചു.

5% ശമ്പളം വര്‍ദ്ധന, ഡ്യൂട്ടിയിലെ മാറ്റങ്ങളും ഉത്തരവാദിത്തങ്ങളും അംഗീകരിക്കുക എന്നിവയടക്കം 2020-ല്‍ പ്രസിദ്ധീകരിച്ച സ്വതന്ത്ര റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ചാണ് നാഷണല്‍ ആംബുലന്‍സ് സര്‍വീസിലെ ജീവനക്കാര്‍ സമരമാരംഭിച്ചത്. വര്‍ക്ക് ടു റൂളിന് പുറമെ മെയ് 12-ന് 24 മണിക്കൂര്‍ സമരവും ജീവനക്കാര്‍ നടത്തിയിരുന്നു.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW

Comments