പതിവ് ആരോഗ്യപരിശോധനയ്ക്ക് പിന്നാലെ മാർപാപ്പയ്ക്ക് അടിയന്തര ശസ്ത്രക്രിയ. പ്രാർത്ഥിക്കണം എന്ന് വിശ്വാസികളോട് ആഹ്വാനമായി മാർപ്പാപ്പ. പതിവ് പരിശോധനയ്ക്കിടെ ശ്വാസകോശത്തിൽ ചെറിയ മുഴ കണ്ടെത്തിയതിനെത്തുടർന്ന് ലിയോ പതിനാലാമൻ മാർപാപ്പ ശസ്ത്രക്രിയയ്ക്ക് വിധേയനാകുന്നു. ഈ ആഴ്ച റോമിലെ ജെമെല്ലി ആശുപത്രിയിൽ ശസ്ത്രക്രിയ നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. ശസ്ത്രക്രിയയ്ക്കുശേഷം ഏകദേശം ഒരാഴ്ചത്തെ ആശുപത്രിവാസവും വിശ്രമവും വേണ്ടിവരുമെന്നാണ് വത്തിക്കാൻ അറിയിച്ചിരിക്കുന്നത്.
ഞായറാഴ്ച വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് സ്ക്വയറിൽ നടന്ന ആഞ്ചലസ് പ്രാർത്ഥനയ്ക്കുശേഷം വിശ്വാസികളെ അഭിസംബോധന ചെയ്യുന്നതിനിടെയാണ് മാർപാപ്പ തന്റെ ആരോഗ്യവിവരം വെളിപ്പെടുത്തിയത്. അടുത്തിടെ നടത്തിയ വൈദ്യപരിശോധനകളിലാണ് ശ്വാസകോശത്തിൽ പരിമിതമായ ഭാഗത്ത് സ്ഥിതിചെയ്യുന്ന ചെറിയ നോഡ്യൂൾ കണ്ടെത്തിയത്. ഇത് പ്രാരംഭ ഘട്ടത്തിൽ തന്നെ തിരിച്ചറിയാനായെന്നും മുഴയുടെ സ്ഥാനം വ്യക്തമായി നിർണയിച്ചിട്ടുണ്ടെന്നും മാർപാപ്പ അറിയിച്ചു.ഡോക്ടർമാർ ശസ്ത്രക്രിയയാണ് ഉചിതമെന്ന് നിർദേശിച്ചതിനെത്തുടർന്നാണ് മുഴ നീക്കം ചെയ്യാൻ തീരുമാനിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. തന്റെ ആരോഗ്യത്തിനായി പ്രാർത്ഥിക്കണമെന്നും മാർപാപ്പ വിശ്വാസികളോട് അഭ്യർഥിച്ചു.
റോമിലെ ജെമെല്ലി ആശുപത്രിയിലാണ് ശസ്ത്രക്രിയ നടത്താൻ തീരുമാനിച്ചിരിക്കുന്നത്. മുൻ പോപ്പായ ഫ്രാൻസിസ് മാർപാപ്പ ഉൾപ്പെടെയുള്ള മാർപാപ്പമാർ ചികിത്സ തേടിയിട്ടുള്ള പ്രധാന ആശുപത്രിയാണിത്. ശസ്ത്രക്രിയയ്ക്കുശേഷം ഏകദേശം ഒരാഴ്ചത്തെ വീണ്ടെടുപ്പ് കാലയളവ് വേണ്ടിവരുമെന്നാണ് വത്തിക്കാൻ പ്രസ് ഓഫീസ് അറിയിച്ചിരിക്കുന്നത്.
2025 മേയിൽ കത്തോലിക്കാ സഭയുടെ തലവനായി തിരഞ്ഞെടുക്കപ്പെട്ട 71 വയസ്സുകാരനായ ലിയോ പതിനാലാമന് ഇതുവരെ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ പൊതുവേദിയിൽ റിപ്പോർട്ട് ചെയ്തിരുന്നില്ല. ശ്വാസകോശത്തിലെ മുഴ കണ്ടെത്തിയതിനെത്തുടർന്നുള്ള ശസ്ത്രക്രിയ അദ്ദേഹത്തിന്റെ ആരോഗ്യനില സംബന്ധിച്ച ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്.
ലാറ്റിനമേരിക്കൻ സന്ദർശനം നടക്കുമോ?
നവംബർ 6 മുതൽ 17 വരെ ഉറുഗ്വേ, അർജന്റീന, പെറു എന്നീ രാജ്യങ്ങളിൽ 11 ദിവസത്തെ അപ്പസ്തോലിക സന്ദർശനം നടത്താനാണ് മാർപാപ്പയുടെ പദ്ധതി. ശസ്ത്രക്രിയയും തുടർന്നുള്ള വിശ്രമവും ഈ യാത്രയെ ബാധിക്കുമോ എന്ന കാര്യത്തിൽ ഔദ്യോഗികമായ മാറ്റങ്ങളൊന്നും പ്രഖ്യാപിച്ചിട്ടില്ല. ഞായറാഴ്ച നടത്തിയ പ്രസംഗത്തിൽ സന്ദർശനത്തിനായി വിശ്വാസികൾ പ്രാർത്ഥിക്കണമെന്നും മാർപാപ്പ അഭ്യർഥിച്ചിരുന്നു.ശസ്ത്രക്രിയയുടെ ഫലവും തുടർന്നുള്ള ആരോഗ്യവീണ്ടെടുപ്പും അനുസരിച്ചായിരിക്കും വരും ദിവസങ്ങളിലെ പരിപാടികൾ സംബന്ധിച്ച കൂടുതൽ വ്യക്തത ലഭിക്കുക.
For more news please join our whatsapp group
https://chat.whatsapp.com/EYff5ESLNtXIDOjtNZ27LS?s=cl&p=a&mlu=4&ilr=4

Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW
Comments