ചരിത്രത്തിലെ തന്നെ ഏറ്റവുമധികം അഭയാര്‍ത്ഥികള്‍ക്ക് കഴിഞ്ഞ വര്‍ഷം അയര്‍ലണ്ട് താമസാനുമതി നല്‍കിയതായി റിപ്പോര്‍ട്ട്. അപേക്ഷ നല്‍കിയവരില്‍ നിന്നും 5,085 പേര്‍ക്കാണ് 2025-ല്‍ രാജ്യം അഭയം നല്‍കിയത്. 2024-നെ അപേക്ഷിച്ച് ഏകദേശം 8% അധികമാണിത്. രക്ഷിതാക്കളോടൊപ്പമല്ലാതെ എത്തിയ പ്രായപൂര്‍ത്തിയാകാത്ത 145 പേര്‍ക്ക് 2025-ല്‍ അഭയാര്‍ത്ഥിത്വം നല്‍കി എന്നതും മറ്റൊരു റെക്കോര്‍ഡാണ്.
അതേസമയം അയര്‍ലണ്ടുള്‍പ്പെടെ യൂറോപ്യന്‍ യൂണിയനില്‍ കഴിഞ്ഞ വര്‍ഷം താമസാനുമതി ലഭിച്ച ആകെ അഭയാര്‍ത്ഥികളുടെ എണ്ണം 18% വര്‍ദ്ധിച്ചതായും യൂറോപ്യന്‍ കമ്മീഷന്റെ പുതിയ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇയുവില്‍ പോയ വര്‍ഷം ഏറ്റവുമധികം അഭയാര്‍ത്ഥിത്വം ലഭിച്ച പൗരന്മാര്‍ അഫ്ഗാനിസ്ഥാന്‍, വെനസ്വേല, സിറിയ, ഉക്രെയിന്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ്. ആകെ അനുമതി ലഭിച്ചവരില്‍ 53% പേരും ഈ രാജ്യങ്ങളില്‍ നിന്നുള്ളവരാണ്.
ഇതിന് മുമ്പ് അയര്‍ലണ്ടില്‍ ഏറ്റവുമധികം അഭയാര്‍ത്ഥികള്‍ക്ക് താമസാനുമതി നല്‍കിയത് 2022-ലായിരുന്നു- 4,950. പോയ വര്‍ഷം ഏറ്റവും കൂടുതല്‍ അഭയാര്‍ത്ഥികളെ സ്വീകരിച്ച 27 അംഗ ഇയു രാജ്യങ്ങളില്‍ ഒമ്പതാം സ്ഥാനത്താണ് അയര്‍ലണ്ട്. 2024-ല്‍ രാജ്യം 11-ആം സ്ഥാനത്തായിരുന്നു.
2025-ല്‍ അഭയാര്‍ത്ഥിത്വ അപേക്ഷകള്‍ ലഭിച്ചതില്‍ 63.4% പേര്‍ക്കും അയര്‍ലണ്ട് താമസാനുമതി നല്‍കിയിട്ടുണ്ട്. ഇക്കാര്യത്തിലെ ഇയു ശരാശരി 39.1% മാത്രമാണ്. ഏറ്റവുമധികം പേര്‍ക്ക് അഭയം നല്‍കിയ ഇയു രാജ്യം ജര്‍മ്മനിയാണ്- 103,360. സ്‌പെയിന്‍ (76,210), ഫ്രാന്‍സ് (72,930) എന്നിവയാണ് യഥാക്രമം രണ്ട്, മൂന്ന് സ്ഥാനങ്ങളില്‍. ഇയുവില്‍ അഭയം ലഭിച്ച ആകെ അപേക്ഷകരില്‍ 70% പേരും ഈ മൂന്ന് രാജ്യങ്ങളിലാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. അതേസമയം അഭയം തേടിവര്‍ക്ക് ഏറ്റവും കുറവ് താമസാനുമതി നല്‍കിയ രാജ്യം എസ്റ്റോണിയ ആണ്- വെറും 7.9% അപേക്ഷകളില്‍ മാത്രമാണ് എസ്റ്റോണിയ അനുകൂല നിലപാട് സ്വീകരിച്ചത്.
അയര്‍ലണ്ടില്‍ പോയ വര്‍ഷം താമസാനുമതി ലഭിച്ച അഭയാര്‍ത്ഥികളില്‍ ഏറ്റവുമധികം പേര്‍ നിക്കരാഗ്വ, മ്യാന്‍മര്‍, എസ്വാറ്റിനി, സുഡാന്‍, സൊമാലിയ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ആകെ അനുമതി ലഭിച്ചവരില്‍ 90 ശതമാനത്തിലധികം പേരും ഈ രാജ്യങ്ങളില്‍ നിന്നുള്ളവരാണ്.സിംബാംബ്വേ, പലസ്തീന്‍, ബംഗ്ലാദേശ്, കോംഗോ, അഫ്ഗാനിസ്ഥാന്‍, ഘാന, ഉക്രെയിന്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് പിന്നാലെ. അതേസമയം അല്‍ബേനിയ, ഇന്ത്യ, ബ്രസീല്‍, മൊറോക്കോ, ഈജിപ്ത് എന്നിവിടങ്ങളില്‍ നിന്നും അപേക്ഷ ലഭിച്ചതില്‍ വളരെ കുറവ് പേര്‍ക്ക് മാത്രമേ അയര്‍ലണ്ട് അഭയാര്‍ത്ഥിത്വം നല്‍കിയുള്ളൂ.
അതേസമയം അയര്‍ലണ്ടിലേയ്ക്ക് വരുന്ന അഭയാര്‍ത്ഥികളുടെ എണ്ണം കുറയ്ക്കാനുള്ള ശ്രമം നടത്തിവരുന്നതായി നീതിന്യായവകുപ്പ് മന്ത്രി ജിം ഒ’കല്ലഹാന്‍ കഴിഞ്ഞ ഡിസംബറില്‍ പറഞ്ഞിരുന്നു. അഭയാര്‍ത്ഥിത്വ അപേക്ഷകളില്‍ വേഗത്തിലും, കാര്യക്ഷമമായും തീരുമാനമെടുക്കുന്നതിനായി ഇന്റര്‍നാഷണല്‍ പ്രൊട്ടക്ഷന്‍ ബില്‍ 2026-ഉം മന്ത്രി അവതരിപ്പിച്ചിരുന്നു. ഈ ബില്‍ പ്രസിഡന്റ് ഒപ്പുവയ്ക്കുകയും ചെയ്തിട്ടുണ്ട്.
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW
Comments