വ്യാജ NCT സൈറ്റിൽ ബുക്കിങ് നടത്തി നഷ്ടമായത് 660 യൂറോ; അയർലണ്ടിൽ നടക്കുന്നത് വമ്പൻ തട്ടിപ്പ്

By Rose Malayalam Desk

രാജ്യത്തെ നാഷണല്‍ കാര്‍ ടെസ്റ്റ് (NCT) ബുക്കിങ് വെബ്‌സൈറ്റിനെ അനുകരിച്ച് നിര്‍മ്മിച്ച വ്യാജ വെബ്‌സൈറ്റുകള്‍ വഴി ജനങ്ങള്‍ക്ക് പണം നഷ്ടപ്പെടുന്നതായി റിപ്പോര്‍ട്ട്. ഇല്ലാത്ത ബുക്കിങ്ങിന്റെ പേരില്‍ ഇത്തരം തട്ടിപ്പ് വെബ്‌സൈറ്റുകളില്‍ ഓരോരുത്തര്‍ക്കും സാധാരണയായി 60 മുതല്‍ 89 യൂറോ വരെ നഷ്ടം വന്നതായാണ് റോഡ് സേഫ്റ്റി അതോറിറ്റിയുടെ (RSA) ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഒരാള്‍ക്കാകട്ടെ 660 യൂറോയും നഷ്ടമായി.

ആളുകള്‍ക്ക് പണം നഷ്ടമാകുന്നതായി പരാതിയുയര്‍ന്നതിന് പിന്നാലെ ഇത്തരത്തിലുള്ള ഒരു വെബ്‌സൈറ്റ് തങ്ങള്‍ പൂട്ടിച്ചതായും RSA റിപ്പോര്‍ട്ട് പറയുന്നു. രണ്ടാമത്തെ ഒരു വെബ്‌സൈറ്റിനെ വാഹനങ്ങളുടെ വിവരങ്ങള്‍ ശേഖരിക്കുന്നതില്‍ നിന്നും ബ്ലോക്ക് ചെയ്യാനും സാധിച്ചു. ഈ വിവരങ്ങള്‍ ഉപയോഗിച്ചാണ് വെബ്‌സൈറ്റ് തങ്ങള്‍ ഒറിജിനല്‍ ആണ് എന്ന് അവകാശപ്പെട്ടിരുന്നത്.

അതേസമയം വ്യാജ വെബ്‌സൈറ്റ് ഒറിജനല്‍ തന്നെയാണെന്ന് എല്ലാ വിധത്തിലും തോന്നുന്ന തരത്തിലായിരുന്നു എന്നും, വ്യാജന്മാരെ പറ്റി വ്യക്തമാക്കിക്കൊണ്ട് RSA കൂടുതല്‍ ബോധവല്‍ക്കരണം നടത്തേണ്ടതുണ്ടെന്ന് തട്ടിപ്പിനിരയായവര്‍ പറയുന്നു. തട്ടിപ്പിനിരയായ ഒരു വ്യക്തി പേയ്‌മെന്റ് റസീറ്റുമായി കാര്‍ ടെസ്റ്റിന് കൊടുക്കാന്‍ എത്തിയപ്പോഴാണ് അപ്പോയിന്റ്‌മെന്റ് ഇല്ലെന്നും, അത് തട്ടിപ്പായിരുന്നു എന്നും മനസിലാക്കുന്നത്.

ബുക്കിങ് നടത്തുന്ന ഉപഭോക്താക്കള്‍ വ്യാജവെബ്‌സൈറ്റുകളെ ജാഗ്രതയോടെ കാണണമെന്നും, ഇന്റര്‍നെറ്റില്‍ വെബ്‌സൈറ്റിനായി സെര്‍ച്ച് ചെയ്യുമ്പോള്‍ ‘sponsored’ എന്ന ലേബലിന് താഴെയായി വരുന്ന വെബ്‌സൈറ്റ് എപ്പോഴും ഒറിജിനല്‍ ആയിക്കൊള്ളണമെന്നില്ല എന്നും RSA മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വെബ്‌സൈറ്റ് അഡ്രസ് രണ്ടുവട്ടം പരിശോധിച്ചാല്‍ തട്ടിപ്പില്‍ അകപ്പെടാതിരിക്കാമെന്നും RSA പറയുന്നു.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW

Comments